കോഴിക്കോട്: വിശുദ്ധ മാസമായ റമദാനിലെ ആദ്യ വെള്ളിയാഴ്ച ഇന്ന്. അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന ദിനത്തിൽ ജുമുഅ നമസ്കാരത്തിനായി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ഒരുമിച്ചു കൂടും. റമദാനിലെ ആദ്യ പത്ത് ദിനങ്ങൾ കാരുണ്യത്തിന്റെതാണ്. ഈ ദിനങ്ങളിൽ വിശ്വാസികൾക്ക് മേൽ നാഥന്റെ കാരുണ്യമുണ്ടാകുമെന്നാണ് വിശ്വാസം. അതിൽ തന്നെ ഏറെ പുണ്യം നിറഞ്ഞ ദിനമാണ് ആദ്യ വെള്ളിയാഴ്ച്ച.
ജുമുഅ നമസ്കാരവും അതിനായുള്ള ഒരുമിച്ചു കൂടലമാണ് ഈ ദിനത്തെ സവിശേഷമാക്കുന്നത്. രാവിലെ മുതൽ തന്നെ വിശ്വാസികൾ അതിനായി ഒരുക്കുങ്ങള്‍ തുടങ്ങും. ഖുർആൻ പാരായണങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയുമാണ് ഈ ദിനത്തെ സമ്പന്നമാക്കുക.
റമദാനിന്റെ മഹത്വവും മനുഷ്യർക്ക് കാരുണ്യം ചെയ്യേണ്ടതിന്റെ ആവശ്യകഥയും ജുമുഅ ഖുത്തുബയിലൂടെ ഇമാമുമാർ വിശ്വസികളുമായി പങ്കുവെയ്ക്കും. ലോക നന്മയ്ക്കായി പ്രാർത്ഥനകൾ കൂടി നടത്തിയാണ് ജുമുഅക്ക് ശേഷം വിശ്വാസികൾ പിരിയുക.
ഇസ്ലാമിക വിശ്വാസ പ്രകാരം എല്ലാ സുഖദുഃഖങ്ങളും വെടിഞ്ഞ് ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. നോമ്പ് നോറ്റ് വ്രതം അനുഷ്ഠിച്ച് ഈ നാളുകളിൽ പുണ്യപ്രവർത്തി ചെയ്താൽ 700 മുതൽ 70,000 വരെ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.
– – – – – – –