പയ്യന്നൂര്‍: ബാങ്കില്‍നിന്നുമെടുത്ത ലോണ്‍ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെതിരേ അക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള കുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ബറോഡ ബാങ്കിന്റെ റിക്കവറി ഉദ്യോഗസ്ഥനായ കണ്ണൂര്‍ പള്ളിക്കുന്ന് രാമതെരുവിലെ കെ.അഭിജിത്തിന്റെ പരാതിയിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വിജിതയുടെ വീട്ടിലുണ്ടായിരുന്നയാള്ക്കെതിരേ കേസെടുത്തത്.
ശനിയാഴ്ച വൈകുന്നേരം നാലേമുക്കാലോടെയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ബറോഡ ബാങ്കില്‍നിന്നു വിജിത രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പയുടെ നാലു ഗഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയത് സംബന്ധിച്ച് സംസാരിക്കാനെത്തിയതായിരുന്നു ബാങ്ക് നിയോഗിച്ച റിക്കവറി ഉദ്യോഗസ്ഥനായ പരാതിക്കാരന്.
ഇതിനിടയിലാണ് വിജിതയുടെ വീട്ടിലുണ്ടായിരുന്നയാള്‍ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പരാതിക്കാരന്റെ 35,000 രൂപ വിലവരുന്ന ഫോണ്‍ പിടിച്ചുവാങ്ങി കിണറിന്റെ ഭാഗത്തേക്ക് എറിഞ്ഞപ്പോള്‍ ഫോണ്‍ കിണറ്റില്‍ വീണോയെന്നറിയാനായി കിണറിന് സമീപത്തേക്ക് പോയ പരാതിക്കാരനെ ഇന്റര്‍ലോക്ക് കട്ടകൊണ്ട് എറിഞ്ഞതില്‍ തലയില്‍ പരിക്കേറ്റിരുന്നു.
വീണ്ടും എറിഞ്ഞപ്പോള്‍ ഒഴിഞ്ഞ് മാറിയില്ലെങ്കില്‍ മരണംവരെ സംഭവിക്കുമായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ ഉദ്യോഗസ്ഥന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് ശേഷം പരാതിക്കാരന്റെ ബന്ധുക്കള്‍ നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോള്‍ മറുപുറത്ത് കേട്ടത് സ്ത്രീശബ്ദമായിരുന്നുവെന്നും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫായിരുന്നുവെന്നും പരാതിക്കാരന് പറയുന്നു.