മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് നടക്കാനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം ചേരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
അടുത്ത 7 ദിവസത്തേക്ക് എല്ലാ കോൺഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു.2025 ജനുവരി 3-ന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും. പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും.
പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് അദ്ദേഹം. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. നരസിംഹറാവു മന്ത്രിസഭയിൽ 1991 ൽ മൻമോഹൻ ധനമന്ത്രിയായ മൻമോഹൻ സിങ് സാമ്പത്തിക മേഖലയിൽ സുപ്രധാന പരിഷ്കരണങ്ങൾ നടപ്പാക്കി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഗോളീകരണത്തിലേക്ക് നയിച്ച പ്രധാനിയായി മാറി.
2004 മുതൽ നീണ്ട പത്ത് വർഷക്കാലം ഇന്ത്യയെ നയിച്ചു. തൊഴിലുറപ്പും ഭക്ഷ്യ സുരക്ഷയുമടക്കം സുപ്രധാന പദ്ധതികൾ നടപ്പാക്കി. 2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.