Logo Below Image
Wednesday, April 9, 2025
Logo Below Image
Homeഅമേരിക്കതമ്പുരാനേ...... ഒരു 'എമ്പുരാൻ'! ✍ രാജു മൈലപ്രാ

തമ്പുരാനേ…… ഒരു ‘എമ്പുരാൻ’! ✍ രാജു മൈലപ്രാ

രാജു മൈലപ്രാ

കാണാനുള്ളവർ കണ്ടു. കേൾക്കാനുള്ളത് കേട്ടു. നേടാനുള്ളവർ നേടി.

ഏതാനും ദിവസത്തെ കോലാഹലങ്ങൾക്കൊടുവിൽ, അവഗണിക്കപ്പെടുമായിരുന്ന ഒരു സിനിമ. കൃത്യമായ മാർക്കറ്റിംഗ് തന്ത്രത്തിലൂടെ കോടാനുകോടികൾ നേടി. കുടിൽ മുതൽ കൊട്ടാരം വരെ അത് ചർച്ചാവിഷയമായി. തന്ത്രി മുതൽ മന്ത്രി വരെയുള്ളവരെ മൂന്നു മണിക്കൂർ നേരം
തീയേറ്ററിൽ ഇരുട്ടിൻ്റെ തടവറയിലാക്കി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!

ഓരോരുത്തരും അവരുടെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക ചായ്വ് അനുസരിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. പറഞ്ഞ അഭിപ്രായങ്ങൾ ചിലർ മാറ്റിപ്പറഞ്ഞു. ചാനൽ ചർച്ചകൾ ചന്ത നിലവാരത്തിലെത്തിച്ച്, അവതാരകർ, അവതാരങ്ങളായി ഉറഞ്ഞു തുള്ളി.

ചാനലുകാരും യുട്യൂബ് കാരും മത്സരിച്ച് തുടർച്ചയായി റിപ്പോർട്ടുകൾ ചെയ്ത് ‘ഓന്ത് പരമുവിനെ, ചട്ടമ്പിപ്പരമുവാക്കി’.

പറഞ്ഞുവരുന്നത് ‘എമ്പുരാൻ’ എന്ന സിനിമയെപ്പറ്റിയാണ്. ഞാൻ ആ സിനിമ കണ്ടില്ല. കാണുവാനുള്ള താത്പര്യവുമില്ല.

‘ആടുജീവിതവും’, ‘ആവേശവു’മൊന്നും എന്നിൽ ഒരു ആവേശവും ഉയർത്തിയില്ല.

അരവിന്ദന്റെ ‘കാഞ്ചനസീത’യും, അടൂർ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായവു’മൊന്നും ആസ്വദിക്കുവാനോ വിലയിരുത്തുവാനോ ഉള്ള കഴിവ് എനിക്കില്ലാതെ പോയി. രാമു കാര്യാട്ട് സംവിധാനം ചെയ്‌ത തകഴിയുടെ ‘ചെമ്മീനാണ്’ എക്കാലത്തേയും മഹത്തായ മലയാള സിനിമ എന്നു വിശ്വസിക്കുന്ന ഒരു പഴഞ്ചനാണ് ഞാൻ.

യഥാർത്ഥ ജീവിതത്തിൽ പോലും ഗർഭിണികളെ കാണുമ്പോൾ എനിക്കൊരു അസ്വസ്ഥത തോന്നാറുണ്ട്. സിനിമയിൽ പല്ല് ബ്രഷ് ചെയ്‌തുകൊണ്ട് സംസാരിക്കുന്നതും. പ്രസവ വേദന കാണിക്കുന്നതും എനിക്ക് അറപ്പുള്ള വിഷയങ്ങളാണ്.

‘എമ്പുരാനിൽ’ ഒരു ഗർഭിണിയെ ശുലംകൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതും, അവരെ ബലാത്സംഗം ചെയ്യുന്നതുമായ രംഗങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഈ ഒരൊറ്റ കാരണം മതി, ആ സിനിമ കാണാതിരിക്കുവാൻ.

അമേരിക്കയിലും ‘എമ്പുരാന്’ വൻ വരവേൽപ്പാണ് ലഭിച്ചത്. കോമാളി വേഷം ധരിച്ച ചില ഫാൻസുകാർ, ചെണ്ടയും കൊട്ടി വെളിച്ചപ്പാടിനെപ്പോലെ, ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയഭാഗമായ ടൈംസ് സ്ക്വയറിൽ ഉറഞ്ഞു തുള്ളുന്നത് കണ്ടു. ഇതിനുള്ള സമയവും, സന്മനസുമുള്ള മലയാളി കുഞ്ഞുങ്ങൾ ഇവിടെയുണ്ടല്ലോ എന്നോർത്തപ്പോൾ ഞാൻ ആനന്ദക്കണ്ണീർ പൊഴിച്ചു.

കോടികൾ പൊടിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ആദരിക്കാൻ വേണ്ടി, ടൈം സ്ക്വയറിൽ നടത്തിയ മഹാസമ്മേളനം ഓർമ്മയിൽ വരുന്നു. തുരുമ്പ് പിടിച്ച് ഒരു ഇരുമ്പ് കസേരയിൽ മ്ലാനവദനനായി ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ഒരു ചിത്രം മാത്രമായിരിക്കും, ആ ധൂർത്തിൽ നിന്നും കാലത്തിന് അടയാളപ്പെടുത്താൻ കിട്ടുന്ന ഏക തെളിവ്.

പല തന്ത്രങ്ങളും ഉപയോഗിച്ച് ‘എമ്പുരാൻ’ തരംഗം ലൈവായി നിലനിർത്തുവാൻ അതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. അവരുടെ നല്ലകാലത്തിന് വാർത്താ പ്രാധാന്യമുള്ള മറ്റൊരു സംഭവവും എമ്പുരാൻ്റെ റിലീസിംഗിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ല.

ഇതിനിടയിൽ സൂപ്പർസ്റ്റാർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ, ‘എമ്പുരാൻ’ എന്ന സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഖേദിക്കുന്നു. വേണ്ട മാറ്റങ്ങൾ സിനിമയ്ക്ക് വരുത്തുന്നതാണ്’ എന്നു പ്രഖ്യാപിച്ചു.

ലാലേട്ടന്റെ വേദന നമ്മുടെ വേദനയാണ്. ആരാധകർ വീണ്ടും മുൻവാതിലിലൂടെയും, പിൻ വാതിലിലൂടെയും ഇടിച്ചുകയറി തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി.

ഇപ്പോൾ കേൾക്കുന്നു ‘എമ്പുരാൻ’ സിനിമ റീ- സെൻസർ ചെയ്‌ത്‌ ഇരുപത്തിനാല് വെട്ടുകൾ വെട്ടിയെന്ന്. അമ്പത്തിരണ്ട് വെട്ടുകൾ വെട്ടിയിരുന്നെങ്കിൽ, മറ്റൊരു സംഭവവുമായി കൂട്ടി യോജിപ്പിച്ച് വിവാദങ്ങൾ ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു.

പൃഥ്വിരാജ് തന്റേ്റേടമുള്ള, ആണത്വമുള്ള ഒരു വ്യക്തിയാണെന്നാണ് കേട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മാതാജി, ശ്രീമതി മല്ലികാ സുകുമാരൻ ചാനലുകൾ കയറിയിറങ്ങി ‘എൻ്റെ കുഞ്ഞ് ഒരു പാവമാണ്. എൻ്റെ കുഞ്ഞിനെ ദ്രോഹിക്കുന്നവർക്ക് ഒരുകാലത്തും ഗുണംപിടിക്കില്ല- ഞങ്ങൾക്ക് ഒരുത്തന്റേയും പണം വേണ്ടാ, ഞങ്ങൾ ജന്മനാ കോടീശ്വരന്മാരാണ്’- എന്നൊക്കെ പറഞ്ഞ് വിലപിച്ച് നടക്കുന്നത് സത്യത്തിൽ പൃഥ്വിരാജിനെ അപമാനിക്കുന്നതിന് തുല്യമാണ്.

പൃഥ്വിരാജിന്റെറെ സഹധർമ്മിണി സുപ്രിയാ മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാൽ, അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ഒരു മഹിളയാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റംപറയാൻ പറ്റുകയില്ല.

ഏതായാലും മോഹൻലാൽ ‘ലേലു അല്ലു. ലേലു അല്ലു’ എന്നു പറഞ്ഞ് പോസ്റ്റിട്ടു. പൃഥ്വിരാജും, ആന്റണി പെരുമ്പാവൂരും അത് ഷെയർ ചെയ്‌തതിലൂടെ തങ്ങളുടെ ഖേദവും അറിയിച്ചു.

‘എമ്പുരാന്റെ’ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ ഒരു വാചകത്തോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു. ‘എൻ്റെ വീടിൻ്റെ ഭിത്തിയിൽ ഒരാളുടെ ചിത്രം മാത്രമേയുള്ളൂ. – അത് എന്റെ അച്ഛന്റെയാണ്!’.

രാജു മൈലപ്രാ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ