ചെരൂബുകളുടെ ഇടയിൽ നിന്നും കുട്ടികളുടെ കാവൽ മാലാഖ അന്നത്തെ കൃത്യനിർവ്വഹണത്തിനായി പുറപ്പെട്ടു. മാതാപിതാക്കളുടെ കൈകളാൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ, സ്വർഗ്ഗത്തിൽ നിവസിക്കുന്ന സ്ഥലത്തേക്കാണ് മാലാഖ പോയത്. ദൂരെ നിന്നേ കണ്ടു സാവിയോ പുണ്യാളനും നിക്കോളാസ് പുണ്യാളനും കുട്ടികളുടെ ഇടയിൽ ഉണ്ട്. ഒരാൾ കുട്ടികളോടൊപ്പം കളിക്കുന്നു. മറ്റേ ആൾ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ കൊടുക്കുകയും അവരെ താലോലിക്കുകയും ചെയ്യുന്നു. എന്തൊരു ശാന്തതയാണ് അവരുടെ മുഖത്ത്. എപ്പോഴും കുട്ടികളോടൊപ്പം ആയതുകൊണ്ടാവാം…. മുതിർന്നവർക്കിടയിൽ ആയിരുന്നെങ്കിൽ അവരുടെ ക്രൂരതകളും കുറ്റകൃത്യങ്ങളും കണ്ട് മനസ്സ് മടുത്തുപോയേനെ.
പുണ്യാളന്മാർ യാത്ര പറഞ്ഞു പോയതും മാലാഖ കുട്ടികൾക്കിടയിലേക്ക് ചെന്നു. തൊട്ടിലിൽ കിടന്നിരുന്ന ഒരു കുഞ്ഞ് മാലാഖയെ നോക്കി അതിമനോഹരമായി പുഞ്ചിരിച്ചു. അമ്മയുടെ കാമുകൻ മുട്ടുകൊണ്ട് ഇടിച്ചു കൊന്ന കുഞ്ഞാണ്. ആരും ഏറ്റെടുക്കാനില്ലാതെ ഒരുപാട് നാൾ അനാഥമായി അതിന്റെ മൃതദേഹം മോർച്ചറിയിൽ കിടക്കേണ്ടിവന്നു. മറ്റൊരു കുഞ്ഞ് ഓടിവന്ന് മാലാഖയുടെ കൈ പിടിച്ചു. കാമുകനൊപ്പം പോകാൻ വേണ്ടി അമ്മ കടൽ തീരത്തെ പാറക്കല്ലിൽ അടിച്ചുകൊന്ന കുഞ്ഞാണത്. ഒരു കുഞ്ഞ് മാലാഖയെ നോക്കി ചിരിച്ചുകൊണ്ട് ഓടിവന്നു. ഭർത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ അമ്മ കുഞ്ഞിനേയും കൊണ്ട് പുഴയിൽ ചാടിയതാണ്. കുഞ്ഞ് മരിച്ചു. അമ്മ രക്ഷപ്പെട്ടു. തന്റെ മുന്നിൽ പിച്ചവെച്ചു നടക്കുന്ന മറ്റൊരു കുഞ്ഞിനെ മാലാഖ നോക്കി. വീട്ടിൽ തനിച്ചാക്കി അമ്മ കാമുകനൊപ്പം ടൂർ പോയതാണ്. പത്തു ദിവസം കഴിഞ്ഞ് അമ്മ തിരികെ എത്തിയപ്പോൾ ഒന്നര വയസ്സുള്ള ആ കുഞ്ഞ് മരിച്ചിരുന്നു. അതിനെ അടുത്ത വീട്ടിൽ ഏല്പിച്ചു പോയിരുന്നെങ്കിൽ അതിപ്പോഴും ഭൂമിയിൽ ജീവിച്ചിരിക്കുമായിരുന്നു. മാലാഖ വേദനയോടെ ഓർത്തു. തൊട്ടപ്പുറത്തെ തൊട്ടിലിൽ ഒരു പുതിയ അതിഥി എത്തിയിട്ടുണ്ട്. അവിവാഹിതയായ അമ്മ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്ലാറ്റിനു മുകളിൽ നിന്നും വലിച്ചെറിഞ്ഞു കൊന്ന കുഞ്ഞാണത്.
സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയില്ലെങ്കിൽ എന്തിനാ ണിവരൊക്കെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത്? ജനിച്ചെങ്കിൽ തന്നെ വളർത്താനും സ്നേഹിക്കാനും മനസ്സുള്ളവർക്ക് കൊടുത്തുകൂടെ. മനുഷ്യർക്ക് എങ്ങിനെയാണ് ഇത്ര ദുഷ്ടരാവാൻ കഴിയുന്നത്. പ്രത്യേകിച്ച് അമ്മമാർക്ക്. ദൈവത്തിന് ഒരേ സമയത്ത് എല്ലായിടത്തും എത്തിപ്പെടാൻ കഴിയാത്തതുകൊണ്ട് അവിടുന്ന് അമ്മമാരെ സൃഷ്ടിച്ചു എന്ന യഹൂദരുടെ ചൊല്ല് മാലാഖ ഓർത്തു. എന്നിട്ടാണ് അമ്മമാരൊക്കെ ഈ വിധം പെരുമാറുന്നത്.
ദൂരെ നിന്ന് ഒരു കുഞ്ഞ് ഏന്തിവലിഞ്ഞു നടന്നു വരുന്നത് മാലാഖ കണ്ടു. ഓടിച്ചെന്ന് അവനെ വാരിയെടുത്തു. “അയ്യോ , മോന്റെ കാലിനിതെന്തുപറ്റി. അച്ഛൻ തല്ലി ഒടിച്ചതാണ്. എന്റെ തല ഭിത്തിയിൽ ഇടിച്ചു.” അവൻ കരഞ്ഞു. മാലാഖ അവനെ ചേർത്ത് പിടിച്ച് തലയിലും കാലിലും തലോടി. അവന്റെ കാലും തലയും പഴയതുപോലെയായി. കുഞ്ഞ് സന്തോഷത്തോടെ ചിരിച്ചു. പിന്നെ വിതുമ്പി, “എനിക്ക് അമ്മയെ കാണണം.” അവനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ മാലാഖ കുഴങ്ങി. “നോക്കു, മോന്റെ കൂട്ടുകാർ അവിടെ കളിക്കുന്നത് കണ്ടില്ലേ , അങ്ങോട്ടു ചെന്ന് അവരോടൊപ്പം കളിക്ക്.” മാലാഖ കുട്ടികൾക്കിടയിലേക്ക് അവനെ പറഞ്ഞുവിട്ടു. എന്നിട്ട് ആശ്വാസത്തോടെ ഒരിടത്തിരുന്നു. പിന്നെ ഭൂമിയിലെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു.
നീർകുമിളപോലെ പൊട്ടിപോകാവുന്ന ഒരു ജീവിതം. അതിനിടയിൽ എന്തൊക്കെയാണ് മനുഷ്യൻ കാട്ടിക്കൂട്ടുന്നത്. ചതിയും, വഞ്ചനയും, പാരവെപ്പും, കുതികാൽ വെട്ടും , ആർത്തിപിടിച്ചു വാരികൂട്ടലും…. വിഡ്ഢികളായ മനുഷ്യർ. മരമണ്ടന്മാരായ ഇവർക്കറിഞ്ഞുകൂടെ മരണം ഒപ്പമുണ്ടെന്ന്. അപ്പോഴാണ് മറ്റൊരു കാഴ്ചയിൽ മാലാഖയുടെ കണ്ണുകൾ ഉടക്കിയത്. കുറേ പെൺകുട്ടികൾ കൂടി നിൽക്കുന്നു. എന്തിനോടോ ഉള്ള പ്രതിഷേധമാണെന്ന് മനസ്സിലായി. ഒരു പെൺകുട്ടി അല്പവസ്ത്ര ധാരിയായി മൈക്കിന് മുൻപിൽ നിന്ന് ഘോര ഘോരം പ്രസംഗിക്കുന്നു. വസ്ത്രധാരണം ആരോ ചോദ്യം ചെയ്തതിലിലുള്ള പ്രതിഷേധമാണ്. ഈ വീറും വാശിയുമൊക്കെ ആപത്തിലേക്കു വഴിമാറാൻ എത്ര സമയം വേണം.
ബുദ്ധിയിലില്ലാത്ത പെൺകുട്ടികൾ. അവളുടെ പ്രസംഗത്തിലെ ഏതാനും വാക്കുകൾ മാലാഖയുടെ ചെവിയിലും വീണു. അതിപ്രകാരമായിരുന്നു… “മൈ ബോഡി ഈസ് മൈ ചോയ്സ്, മൈ ബോഡി ഈസ് മൈ ചോയ്സ്.” അവളുടെ ആ വാക്കുകൾ കേട്ടതും മാതാപിതാക്കളുടെ കൈകളാൽ കൊല്ലപ്പെടുന്ന കുട്ടികൾ സ്വർഗത്തിലേക്ക് വരുന്ന വഴിയിലൂടെ ഏന്തിവലിഞ്ഞ് ഇനിയും ഒരുപാട് കുട്ടികൾ വരാനുണ്ട് എന്ന നഗ്നസത്യം ദുഃഖത്തോടെ മാലാഖ മനസ്സിലാക്കി.