Monday, December 23, 2024
Homeകേരളംലോക് സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട മണ്ഡലത്തിലെ പ്രധാ

ലോക് സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട മണ്ഡലത്തിലെ പ്രധാ

  • അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിങ് 20, 21, 22 ന്

ലോക്സഭ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഏപ്രില്‍ 20, 21, 22 തീയതികളില്‍ രേഖപ്പെടുത്താവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റിനായി സമര്‍പ്പിച്ച 12 ഡി അപേക്ഷകളില്‍ അനുമതി ലഭിച്ചവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താനാകുക.

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍വോട്ട്:അപേക്ഷ ഏപ്രില്‍ 19  വരെ

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ നല്‍കാന്‍ ഇന്ന് (19) കൂടെ അവസരം. ഏപ്രില്‍ 19 നും 20 നും  ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ തപാല്‍ വോട്ട് ചെയ്യാം. ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ബാലറ്റുകള്‍ അതത് ദിവസം തന്നെ ബന്ധപ്പെട്ട ഉപവരണാധികാരികള്‍ക്കു കൈമാറും. ഉപവരാണധികാരികള്‍ കൈമാറുന്ന ബാലറ്റ് പെട്ടി വരണാധികാരി സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും.

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 25 വരെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ തപാല്‍ വോട്ടിങ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കു വോട്ടു ചെയ്യാന്‍ പരിശീലനകേന്ദ്രങ്ങളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 25 വരെ സൗകര്യം. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം ഈ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍ നടക്കും. ഈ തീയതികളില്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്കു ഏപ്രില്‍ 25 വരെ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിലുള്ള ഫെസിലിറ്റേഷന്‍ കേന്ദ്രം വഴി തപാല്‍ വോട്ട് ചെയ്യാം. തപാല്‍വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ നല്‍കിയ മറ്റു ലോക്സഭാമണ്ഡലങ്ങളില്‍ വോട്ടുള്ള പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ട്. ഫോം 12ല്‍ അപേക്ഷ നല്‍കാന്‍ ഏപ്രില്‍ 19 വരെ സമയമനുവദിച്ചിട്ടുണ്ട്.

എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലുമുള്ള പരിശീലനകേന്ദ്രങ്ങളില്‍ പ്രത്യേക പോളിങ് ബൂത്തുകള്‍ ഒരുക്കിയാണ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

12 എ പ്രകാരം തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇഡിസി) ഈ ദിവസങ്ങളില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ഇ.ഡി.സി. ലഭിക്കുന്നവര്‍ക്കു വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് ഡ്യൂട്ടിയുള്ള ബൂത്തിലോ സൗകര്യപ്രദമായ ബൂത്തിലോ വോട്ട് രേഖപ്പെടുത്താം. ഇ.ഡി.സി ലഭിക്കുന്നതിനുള്ള 12 എ അപേക്ഷ ഏപ്രില്‍ 22 വരെ സമര്‍പ്പിക്കാമെന്നു തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

പോളിങ് ഡ്യൂട്ടിയില്ലാത്ത പൊലീസ് ഉദ്യോസ്ഥരടക്കമുള്ള മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവര്‍, വീഡിയോഗ്രാഫര്‍ തുടങ്ങിയ അനുദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ 23,24,25 തീയതികളില്‍ കേന്ദ്രീകൃത തപാല്‍ ബാലറ്റ് കേന്ദ്രത്തില്‍ വോട്ടു ചെയ്യാം.

ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ബാലറ്റുകള്‍ അതത് ദിവസം തന്നെ ബന്ധപ്പെട്ട ഉപവരണാധികാരികള്‍ക്കു കൈമാറും. ഉപവരാണധികാരികള്‍ കൈമാറുന്ന ബാലറ്റ് പെട്ടി വരണാധികാരി സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും.

ഇക്കുറി തെരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം;തുണയായി സാക്ഷം ആപ്പ്

പോളിങ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓര്‍ത്ത് ഭിന്നശേഷിക്കാര്‍ ഇക്കുറി വോട്ട് ചെയ്യാന്‍ മടിക്കരുത്. റാംപും വീല്‍ചെയറും മുതല്‍ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. ഭിന്നശേഷി വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ മുതല്‍ വോട്ടെടുപ്പ് ദിനത്തില്‍ വീല്‍ചെയര്‍ ലഭ്യമാക്കുന്നതിന് അപേക്ഷ നല്‍കുന്നത് വരെയുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സക്ഷം ആപ്പ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും അദേഹം ചൂണ്ടിക്കാട്ടി.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഭിന്നശേഷിക്കാര്‍ക്ക് അവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സവിശേഷമായി ഡിസൈന്‍ ചെയ്ത ഈ ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും അതുവഴി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കഴിയും. പുതിയ വോട്ടര്‍ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്താനുള്ള അഭ്യര്‍ത്ഥന, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ടുമാറ്റത്തിനുള്ള അപേക്ഷ, തിരുത്തലുകള്‍ക്കുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയല്‍, വീല്‍ ചെയറിനുള്ള അഭ്യര്‍ത്ഥന, വോട്ടര്‍ പട്ടികയില്‍ പേര് തിരയല്‍, പോളിംഗ് സ്റ്റേഷന്‍ ഏതെന്ന് അറിയല്‍, ബൂത്ത് ലൊക്കേറ്റ് ചെയ്യല്‍, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവക്കായി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

സാക്ഷം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്. കാഴ്ചപരിമിതിയുള്ളവര്‍ക്ക് ശബ്ദസഹായവും കേള്‍വി പരിമിതിയുള്ളവര്‍ക്കായി ടെക്സ്റ്റ് ടു സ്പീച്ച് സൗകര്യവും ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ആപ്പ് ഉപയോഗം എളുപ്പമാക്കുന്നതിന് വലിയ ഫോണ്ടും കോണ്‍ട്രാസ്റ്റുള്ള നിറങ്ങളും ഒക്കെയാണ് ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. പോളിങ് ബൂത്ത് കണ്ടെത്തല്‍, അതിന്റെ ലൊക്കേഷന്‍, അവിടേക്കെത്താനുള്ള മാര്‍ഗങ്ങള്‍, വോട്ടെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ ആപ്പ് വഴി ലഭിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന് തടസമാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനുള്ള സൗകര്യവും ആപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് ബൂത്തുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപുകള്‍ സ്ഥാപിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ ‘മിത്ത് വേഴ്സസ് റിയാലിറ്റി’  രജിസ്റ്റര്‍

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ ‘മിത്ത് വേഴ്സസ് റിയാലിറ്റി’ രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘മിത്ത് വേഴ്സസ് റിയാലിറ്റി’ വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതകള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത് എന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വീട്ടില്‍ വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്‌സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്ത് വീട്ടില്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

വോട്ടെടുപ്പിനാവശ്യമായ സ്റ്റേഷനറി വസ്തുക്കള്‍ കൊണ്ടുപോകുന്ന ക്യാരി ബാഗുകളുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടുകയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. സുഗമവും സുതാര്യവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.

ഓഡിയോ, വീഡിയോ ഡിസ്പ്ലേകള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന പൊതുനിരത്തിലെ ഓഡിയോ, വീഡിയോ ഡിസ്പ്ലേയിലെ ഉള്ളടക്കത്തിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) അംഗീകാരം നിര്‍ബന്ധം. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പരസ്യ വിഭാഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് രൂപത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

പൊതുനിരത്തിലെ ഫ്ളക്സ് ഹോര്‍ഡിങ്സ്, ലഘുലേഖകള്‍, വാള്‍പേപ്പറുകള്‍ എന്നിവയ്ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ല. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും മാതൃക പെരുമാറ്റചട്ടവും പാലിച്ചിരിക്കണമെന്ന് വരണാധികാരി കൂടിയായ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ  കമ്മീഷനിംഗ് പൂര്‍ത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും കമ്മീഷനിംഗിന് പൂര്‍ത്തിയായി. കമ്മീഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. തരംതിരിക്കലിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തിയതിനു ശേഷമാണ് കമ്മീഷനിംഗിനായി കൗണ്ടറുകളിലേക്ക് എത്തിച്ചത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് (കാഞ്ഞിരപ്പള്ളി-പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങള്‍), കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബിഎഡ് സെന്റര്‍ (അടൂര്‍) എന്നീ സ്‌ട്രോംഗ് റൂമുകളിലാണ് കമ്മീഷനിംഗ് നടന്നത്.

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളിലേക്ക് ലഭ്യമാക്കേണ്ട വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും ഏതൊക്കെയെന്ന് നിശ്ചയിച്ച് ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റും സജ്ജമാക്കി. തുടര്‍ന്ന് മോക് പോള്‍ നടത്തി കൃത്യതയും ഉറപ്പാക്കി. ശേഷം സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി. ഏതെങ്കിലും മെഷീന്‍ തകരാറിലായാല്‍, പകരം ഉപയോഗിക്കുന്നതിനായി റിസര്‍വ് എന്ന നിലയില്‍ കൂടുതല്‍ മെഷീനുകള്‍ ഓരോ നിയോജകമണ്ലങ്ങളിലേക്കും കരുതിയിട്ടുണ്ട്.

അസന്നിഹിത വോട്ടെടുപ്പ് ആദ്യഘട്ടം ഏപ്രില്‍ 19 ന്  പൂര്‍ത്തിയാവും

അസന്നിഹിതവോട്ടര്‍ വിഭാഗത്തിലുള്ളവര്‍ക്കുള്ള വോട്ടിംഗിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനത്തിന്റെ ആദ്യഘട്ടം (19) പൂര്‍ത്തിയാവും. 85 വയസ് പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ള  വോട്ടര്‍മാര്‍ക്കുമാണ് വീട്ടില്‍ വോട്ട്. ഇത്തരത്തില്‍ വീടുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് അതത് ദിവസം തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും.

അസന്നിഹിത വോട്ടെടുപ്പ്: തിരുവല്ല നിയോജക മണ്ഡലത്തില്‍ ഇന്ന്
ഏപ്രില്‍ 19-
13,14,20,26,33,52,53,59,60,48,49,66,67,68,82,83,40,41,79,80,100,107,109,165,166,125,126,174,129,146,147,121,151,152,159,160,198,200.

ഉദ്യോഗസ്ഥര്‍ക്കുള്ള വിഎഫ്സി ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മണ്ഡലത്തില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (വി.എഫ്.സി) ആരംഭിച്ചു. എആര്‍ഒ തലത്തിലുള്ള വി.എഫ്.സി കള്‍ ഈമാസം 20 വരെ പ്രവര്‍ത്തിക്കും. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.

നിയോജക മണ്ഡലം, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന ക്രമത്തില്‍:
തിരുവല്ല- സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍, തിരുവല്ല
റാന്നി- സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള- കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി- എസ് എന്‍ പബ്ലിക് സ്‌കൂള്‍, കോന്നി
അടൂര്‍- ഗവ ബോയ്സ് എച്ച്എസ്, അടൂര്‍

തെരഞ്ഞെടുപ്പ് സംശയനിവാരണം  ഇതുവരെ ലഭിച്ചത് 292 കോളുകള്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇതുവരെ ലഭിച്ചത് 292 കോളുകള്‍. പൊതുജനങ്ങള്‍ക്ക് പോളിംഗ് ബൂത്ത് കണ്ടുപിടിക്കല്‍, വോട്ടര്‍പട്ടികയില്‍ പേര് പരിശോധിക്കുന്നത്, പുതിയ ഐ.ഡി കാര്‍ഡിനും ഡൂപ്ലിക്കേറ്റിനും അപേക്ഷ നല്‍കല്‍, മണ്ഡലം മാറ്റം തുടങ്ങിയ സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വോട്ടേഴ്സ് ഹെല്‍പ് ലൈന്‍ കണ്ട്രോള്‍ റൂമിലൂടെ സേവനം ലഭ്യമാണ്. ടോള്‍ ഫ്രീ നമ്പര്‍ കൂടാതെ  0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം.

തെരഞ്ഞെടുപ്പ് ; ചെലവുകളുടെ രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയായി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ രണ്ടാംഘട്ട പരിശോധന ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളും പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരും നിശ്ചിത മാതൃകയില്‍ തയാറാക്കിയ വരവുചെലവു കണക്കുകള്‍, വൗച്ചറുകള്‍, ബില്ലുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവ യോഗത്തില്‍ ഹാജരാക്കി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രണ്ടാംഘട്ട പരിശോധനയില്‍ ഏഴു നിയമസഭാ മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ തയാറാക്കിയ ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളുമായി ഒത്തുനോക്കി. ഇവ രണ്ടും തമ്മില്‍ വത്യാസമുള്ള സാഹചര്യത്തില്‍ കണക്കുകള്‍ 48 മണിക്കൂറിനുള്ളില്‍ ടാലിയാക്കി നല്‍കണമെന്ന് ഒബ്‌സര്‍വര്‍ നിര്‍ദേശം നല്‍കി. ചെലവ് പരിശോധനയില്‍ പങ്കെടുക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിങ് സെല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. എംസിസി വയലേഷന്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ആന്റി ഡിഫേയ്‌സ്‌മെന്റ് ചാര്‍ജ് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഒബ്‌സര്‍വര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍, എ ആര്‍ ഒ മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ രണ്ടാംഘട്ട പരിശോധനയില്‍ ഹാജരാകാതിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കെ.സി തോമസിനും അംബേദ്ക്കറെറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി എം.കെ ഹരികുമാറിനും ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിങ് സെല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

അംബേദ്ക്കറെറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി എം.കെ ഹരികുമാര്‍ ക്രിമിനല്‍ പശ്ചാത്തലം, കേസുകള്‍ തുടങ്ങിയവ അറിയിക്കുന്ന ആദ്യഘട്ട പത്രപരസ്യം നല്‍കാത്തതിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ 48 മണിക്കൂറിനകം പത്രപരസ്യം നല്‍കണമെന്നും അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിങ് സെല്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്കായുള്ള ക്വിസ്:ജില്ലയുടെ മത്സരം ഏപ്രില്‍ 19 

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ മത്സരം  (19) നടക്കും. കൊല്ലം കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് നടക്കുന്ന മത്സരത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളാണ് ഉള്‍പ്പെടുന്നത്.

ര0ണ്ടുപേരടങ്ങുന്ന ടീമിന് മത്സരിക്കാം. സ്വന്തം ജില്ല ഉള്‍പ്പെടുന്ന കോര്‍പറേഷനിലോ, ജോലി ചെയ്യുന്ന ജില്ലയുള്‍പ്പെടുന്ന കോര്‍പറേഷനിലോ മത്സരിക്കാം. മെഗാഫൈനലില്‍ വിജയിക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 10000, 8000, 6000 രൂപയാണ് സമ്മാനത്തുക. പ്രാഥമികഘട്ടത്തിലെ വിജയികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 5000, 3000, 2000 രൂപയും സമ്മാനമായി ലഭിക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ക്വിസ്. ഇന്ത്യയിലെയും കേരളത്തിലേയും 1951 മുതല്‍ 2024 വരെയുള്ള ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം, ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും ഉണ്ടാകുക. ഫോണ്‍: 8714817833.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments