ചെളിയിൽ കാലും വെച്ച്
ഗളമൊന്നുയർത്തി കാട്ടി
നീണ്ട കൊക്കിനാൽ കൊറ്റി
കാക്കയോടോതി, ഗർവ്വിൽ;
“നിന്റെ കറുത്ത കുപ്പായത്തെ
വെറുക്കുന്നു ഞാൻ സഖി
കറുപ്പിൽ പിറന്ന നീ
കുലത്തിന്നപമാനം
മയിലായി പിറന്നു നീ
നൃത്തമാടുക, കാക്കേ!
അല്ലെങ്കിലെന്റെ യീ ശുഭ്രവസ്ത്രത്തെ
നിന-
ക്കല്പ നേരത്തെക്കായ്
വായ്പയായി നൽകീടാം ഞാൻ”
മാമ്പഴം കൊറിക്കുന്ന
കാക്കയാ കൊമ്പിൽ നിന്നും ചരിഞ്ഞ
നോട്ടത്താലേ
യിങ്ങനെയുര ചെയ്തു;
“നിൻദേഹം വെളുപ്പായ്കിൽ
നിൻ മനം കറുപ്പാണ്
വെറുപ്പും കറുപ്പും രണ്ടു
നിറമായ് കാണാൻ നിന്റെ
കറുത്ത മനസ്സിനെ
വെളുപ്പിക്കേണം, കൊറ്റീ!
ചെളിയിൽ പൂഴ്ന്ന നിന്റെ
വെളുത്ത കുപ്പായത്തി
നകത്തെ ദുർഗന്ധമാം
ചെളി നീ കളഞ്ഞാലും
കേട്ടില്ലേ പഴമൊഴി
കുയിലിൻ കുട്ടിയേയും
പൊൻ കുഞ്ഞായി വളർത്തുന്ന
കാക്ക തൻ ദയാ വായ്പ്!
നീയനങ്ങാതെ ചേറ്റിൽ
മീനും കാത്തിരിക്കുമ്പോൾ
ഞാൻ വെടിപ്പാക്കി ഭൂവിൽ
വിതറും നറും സ്നേഹം.
മനുഷ്യൻ മരിച്ചാലും
സ്നേഹത്താൽ വിളിക്കുന്ന
കറുത്ത കാക്കയായാൽ
പുണ്യമായിടും ജന്മം ”