Monday, December 23, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ - ജനുവരി 20, 2024 ശനി

വാർത്തകൾ ഒറ്റനോട്ടത്തിൽ – ജനുവരി 20, 2024 ശനി

കപിൽ ശങ്കർ

🔹കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കരുത്തനായ നേതാവുമായ ശ്രീ കെ സുധാകരനു ഹൂസ്റ്റൺ ഇൻറർ കോണ്ടിനെന്റൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ദേശീയ നേതാക്കളും ചാപ്റ്റർ നേതാക്കളും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

🔹ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ഹൂസ്റ്റണിൽ വച്ച് നടക്കുന്ന സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സൂം പ്ലാറ്റഫോമിൽ സംസാരിക്കുന്നു. ഇന്ന് ഉച്ചക്ക് 12 മണിയ്ക്കാണ് (ഹൂസ്റ്റൺ സമയം) സൂമിൽ പ്രവർത്തകരുമായി സംവദിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസാണ് (ഒഐസിസി യൂഎസ്‍എ) മീറ്റിങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

🔹മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപനായി പുതിയതായി ചുമതല ഏറ്റെടുത്ത ശേഷം ഡാളസിൽ ആദ്യമായി എത്തിച്ചേർന്ന ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാളസ് ഡി.എഫ്. ഡബ്ല്യൂ രാജ്യാന്തര വിമാനത്താവളത്തിൽ വൻ വരവേൽപ്പ് നൽകി. ഡാളസിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കുവാൻ എത്തിയ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിനെ ഡാളസിലുള്ള മാർത്തോമ്മ ഇടവകളിലെ വൈദീകരും ആത്മായ നേതാക്കളും ചേർന്നാണ് വരവേറ്റത്.

🔹മിഡ്‌ലാൻഡ് പാർക്ക് സെൻറ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ നാല്പതാം വാർഷിക പെരുന്നാളിന്റെ സമാപന ദിവസമായ ജനുവരി പതിനാലാം തീയതി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ മഹനീയ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രത്യേക കിക്കോഫ് മീറ്റിംഗ് നടന്നു.

🔹അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചു വൻപിച്ച പരിപാടികൾ ആസൂത്രണം ചെയ്‌ത്‌ ശ്രി രാമദാസ മിഷൻ. പെയർലാന്റിലെ ശ്രീ രാമദാസ മിഷൻ ആണ് വിപുലമായ ആഘോഷപരിപാടികൾ ആസുത്രണം ചെയ്തിരിക്കുന്നത്. പിയർലാന്റിലെ ശ്രീ മീനാക്ഷി ക്ഷേത്രസമുച്ചയത്തിനടുത്തായി സ്ഥിതിചെയ്യുന്ന രാമദാസമിഷനിൽ ജനുവരി 21 നു ഞായറാഴ്ച രാവിലെ 9:30 മുതൽ വിവിധ ഹോമങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകളോടെയാണ് പ്രാണ പ്രതിഷ്ഠ മഹോത്സവം ആഘോഷിക്കുന്നത്.

🔹അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു കേന്ദ്രം അറിയിച്ചു.

🔹ഹോട്ടലുകളില്‍നിന്ന് നല്‍കുന്ന പാഴ്‌സലുകളില്‍ ഭക്ഷണം തയാറാക്കിയ സമയം ഉള്‍പ്പെടെയുളള വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയില്‍ പലതും ദീര്‍ഘനേരം കേടാകാത്തവയാണ്. അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

🔹പത്തനംതിട്ട കൂടല്‍ ബെവ്കോ മദ്യശാലയില്‍നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ എല്‍ ഡി ക്ലര്‍ക്ക് പി. അരവിന്ദ് പത്തനംതിട്ട കോടതിയില്‍ കീഴടങ്ങി. ബാങ്കില്‍ അടയ്ക്കേണ്ട തുകയാണ് പ്രതി തിരിമറി നടത്തിയത്. പണം ഉപയോഗിച്ചു റമ്മി കളിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.

🔹ഹൈക്കോടതി ഉത്തരവു സഹിതം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചയാളില്‍നിന്ന് അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസീല്‍ദാര്‍ പിടിയില്‍. പാലക്കാട് ഭൂരേഖാ തഹസില്‍ദാര്‍ സുധാകരനെയാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്. ഒരേക്കര്‍ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ഹൈക്കോടതി ഉത്തരവു സഹിതം രണ്ടു മാസംമുമ്പ് അപേക്ഷിച്ച കഞ്ചിക്കോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

🔹പാലക്കാട് ഒരു കോടി 90 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാര്‍ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കാറിന്റെ രഹസ്യ അറകളില്‍ ബണ്ടിലുകളായി 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. കോയമ്പത്തൂരില്‍നിന്നുള്ള പണം മലപ്പുറത്ത് എത്തിക്കാനായിരുന്നു പരിപാടി.

🔹കായംകുളത്ത് അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിജെപി നേതാവായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കായംകുളം ചിറക്കടവത്തെ പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

🔹അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച തങ്ങളുടെ എല്ലാ ഓഫീസുകള്‍ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവധി പ്രഖ്യാപിച്ചു. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.

🔹നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആന്ധ്ര സ്വദേശിയായ ഈമാനി നവീനാണ് അറസ്റ്റിലായത്. ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനാണ് കുറ്റകൃത്യം ചെയ്തതെന്നു പോലീസ്. നവംബര്‍ 10 നാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.

🔹എറണാകുളത്തെ സിപിഐ നേതാവ് പി രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ചെന്ന് ആരോപിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീനാണു പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.

🔹ശബരിമല മണ്ഡല- മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 10.35 കോടി രൂപയുടെ (10,35,55,025 രൂപ) വര്‍ധന. അരവണ വില്‍പനയിലൂടെ 146.99 കോടി രൂപയും അപ്പം വില്‍പനയിലൂടെ 17.64 കോടി രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. 10 കോടിയെങ്കിലും ഉണ്ടാകും. 50 ലക്ഷം ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ 44 ലക്ഷം പേരാണു ശബരിമലയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

🔹മലപ്പുറം ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് പൂരത്തിന് അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയതിന് സംഘാടകര്‍ക്കെതിരെ കേസ്. വടക്കുമുറി, കാഞ്ഞിയൂര്‍, പിടവാന്നൂര്‍ എന്നീ മൂന്ന് ദേശക്കാരുടെ വെടിക്കെട്ട് ആയിരുന്നു നടന്നത്. ഉത്സവ ദിവസം ഇവിടെ ആനയും ഇടഞ്ഞിരുന്നു.

🔹തൃശൂര്‍ മണലി മടവാക്കരയില്‍ പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണച്ചു. 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുണ്ടായിരുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്.

🔹കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. പുലര്‍ച്ചെ 4.40 ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി. ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല.

🔹മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ ഭര്‍തൃപിതാവ് പന്തല്ലൂര്‍ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് തഹ്ദിലയെ ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മക്കളുണ്ട്.

🔹രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനിടെ വിതരണം ചെയ്യാന്‍ 1,265 കിലോ ലഡു ഹൈദരാബാദില്‍നിന്ന് അയോധ്യയില്‍ എത്തിച്ചു. അലിഗഡില്‍ നിര്‍മിച്ച 400 കിലോ തൂക്കമുള്ള ലോകത്തെ ഏറ്റവും വലിയ താഴും അയോധ്യയില്‍ എത്തിച്ചു.

🔹കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്കിടെ കമ്പനി മേധാവി മുകളില്‍നിന്ന് ഇരുമ്പുകൂടില്‍ സ്റ്റേജിലേക്കിറങ്ങവേ ഇരുമ്പു ചങ്ങല പൊട്ടിവീണ് മരിച്ചു. അമേരിക്കന്‍ കമ്പനിയായ വിസ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ സഞ്ജയ് ഷാ (56)ആണ് മരിച്ചത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അപകടത്തില്‍ കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ രാജ് ദത്തിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔹നൈറ്റ് ക്ലബ്ബില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാലു വര്‍ഷം തടവും ആറു തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. വിദ്യാര്‍ത്ഥി വിസയില്‍ സംഗപ്പൂരിലെത്തിയ 25 വയസുകാരനായ എരുഗുല ഈശ്വര റെഡ്ഡി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.

🔹ഷെയ്ന്‍ നിഗം ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ‘ മദ്രാസ്‌കാരന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് വീഡിയോ പുറത്തു വിട്ടത്. വളരെ വ്യത്യസ്തമായ ഒരു പ്രൊമോ വീഡിയോ ആയതിനാല്‍ തന്നെ നിരവധി പേരാണ് ആശംസകളുമായി വീഡിയോയ്ക്ക് താഴെ എത്തിയത്.

🔹വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചോരയില്‍ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാര്‍ക്ക് വൈലന്റ് ത്രില്ലര്‍ ചിത്രമാണ് അന്ധകാരാ.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments