യൂട്യൂബ് സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്തു. സഞ്ജു ടെക്കിയുടെ 9 വിഡിയോകളാണ് യുട്യൂബ് നീക്കം ചെയ്‌തത്. നിയമലംഘനങ്ങൾ അടങ്ങിയ വിഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു.
നിയമ ലംഘനങ്ങൾ അടങ്ങിയ 9 വിഡിയോകൾ ആണ് നീക്കം ചെയ്തത്.കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ. സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോകൾ വിശദമായി പരിശോധിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.
പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു.