Saturday, November 23, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 27, 2024 ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 27, 2024 ചൊവ്വ

🔹ഫിലഡൽഫിയ ബ്രോഡ് സ്ട്രീറ്റ് ലൈൻ സബ്‌വേ ട്രെയിനിലുണ്ടായ വെടിവെയ്പ്പിൽ 20 വയസ്സുള്ള നിരപരാധിയായ ഒരാൾക്ക് പരിക്കേറ്റു. വെടിയേറ്റയാളെ പോലീസ് ഉടൻ തന്നെ ഐൻസ്റ്റീൻ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധിക്യതർ പറഞ്ഞു.

🔹രാജ്യവ്യാപകമായി നെറ്റ്‌വർക്ക് തടസ്സം നേരിട്ട ഉപഭോക്താക്കൾക്ക് AT &T ഒരു അക്കൗണ്ട് ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നതായി , കമ്പനി ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ അറിയിച്ചു. വ്യാഴാഴ്‌ചത്തെ നെറ്റ്‌വർക്ക് തകരാറിന് ക്ഷമ ചോദിക്കുന്നതായും, . ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും AT &T അറിയിച്ചു.

🔹ന്യൂജേഴ്‌സിയിലെ വില്ലിംഗ്‌ബോറോയിലെ പോലീസ് ട്രിപ്പിൾ വെടിവയ്‌പ്പ് പോലീസ് അന്വേഷിക്കുന്നു. ബട്ടർകപ്പ് ലെയ്‌നിലെ ഒരു വസതിയിലാണ് വെടിയേറ്റ മൂന്ന് പേരെ കണ്ടെത്തിയത്. വെടിയേറ്റ മൂന്നു പുരുഷന്മാരെയും കൂപ്പർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

🔹കെ.എച്ച്.എൻ.എ യുടെ വിമൻസ് ഫോറമായ “തേജസ്വിനിയുടെ ” നേതൃത്വത്തിൽ നടന്ന പൊങ്കാല മഹോത്സവം അഭൂതപൂർവമായ പങ്കാളിത്തം കൊണ്ടും ആചാരത്തിലധിഷ്ഠിതമായ ചടങ്ങുകൾ കൊണ്ടും, സംഘടനാപാടവം കൊണ്ടും ചരിത്ര നിമിഷങ്ങളായിമാറി. അമേരിക്കയിൽ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയുടെ, സ്ത്രീ ശാക്തീകരണത്തിൻ്റെ തെളിവുകളിൽ ഒന്നായിരുന്ന ഇത്തവണത്തെ പൊങ്കാല മഹോത്സവം വലിയ മാധ്യമ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.

🔹എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചുർച്ചസ് ഇൻ ഫിലഡൽഫിയ വേൾഡ് ഡേ ഓഫ് പ്രയർ – മാർച്ച് 2 ന് സെൻജൂഡ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ (1200 പാർക്ക് അവന്യൂ, ബെൻസലെം, പി,എ -19020) വച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

🔹ന്യൂയോർക്ക് – ടൈം, ചാനൽ സിഇഒ ലീന നായരെ ന്യൂയോർക്ക് – ടൈം, ചാനലിന്റെ ‘വിമൻ ഓഫ് ദ ഇയർ’ പട്ടികയിൽ ഉൾപ്പെടുത്തി. “കൂടുതൽ പ്രവർത്തിക്കുന്ന അസാധാരണ നേതാക്കളായ” 12 സ്ത്രീകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

🔹ലോകബാങ്കിൻ്റെ ഗ്ലോബൽ എൻവയൺമെൻ്റ് ഫെസിലിറ്റിയുടെ ഇൻഡിപെൻഡൻ്റ് ഇവാലുവേഷൻ ഓഫീസിലെ പുതിയ ഡയറക്‌ടറായി ഇന്ത്യൻ സാമ്പത്തിക വിദഗ്ധയായ ഗീത ബത്രയെ നിയമിച്ചു, വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ആദ്യ വനിതയാണ് ഗീത. 57 കാരിയായ ബത്ര നിലവിൽ ലോക ബാങ്കുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന GEF-ൻ്റെ ഇൻഡിപെൻഡൻ്റ് ഇവാലുവേഷൻ ഓഫീസിൽ മൂല്യനിർണ്ണയത്തിനുള്ള ചീഫ് ഇവാലുവേറ്ററും ഡെപ്യൂട്ടി ഡയറക്ടറുമാണ്.

🔹മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ തലവന്‍ മലയാളിയായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത് നായര്‍. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള നാലുപേരേയും തുമ്പ വിഎസ്എസ്സിയില്‍ നടന്ന ചടങ്ങില്‍ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകള്‍ സമ്മാനിച്ചു.

🔹മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറിയ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്നതിന് വനം വകുപ്പ് ശുപാര്‍ശ ചെയ്യുമെന്നും, മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

🔹മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കെ പി സി സി 15 ലക്ഷം രൂപ നല്‍കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷത്തിനെതിരെ ബി ജെ പി രംഗത്ത് എത്തിയതിനു പിന്നാലെ പണം വേണ്ടെന്ന് അജീഷിന്റെ കുടുംബം പറഞ്ഞിരുന്നു. അതിനാലാണ് കെപിസിസി പണം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

🔹ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന സ്ഥാനാര്‍ഥിയാകണമെന്ന് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭനയെന്നും, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും ശോഭനവുമായി സംസാരിച്ചുവെന്നും തിരുവനന്തപുരത്ത് ശോഭന മല്‍സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.

🔹തിരുവനന്തപുരം ലോക്സഭ സീറ്റില്‍ നടി ശോഭന മത്സരിക്കില്ലെന്ന് ശശി തരൂര്‍ എംപി. നടി ശോഭന തന്റെ സുഹൃത്താണെന്നും മത്സരിക്കില്ലെന്ന് ഫോണില്‍ തന്നെ അറിയിച്ചുവെന്നും ശശി തരൂര്‍. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ലെന്നും എന്നാല്‍ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

🔹നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയെന്ന് എറണാകുളം ആര്‍ടിഒ. കഴിഞ്ഞ ജൂലൈയില്‍ കൊച്ചി തമ്മനത്തു വെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ വാഹനം ഇടിച്ച് മഞ്ചേരി സ്വദേശിക്ക് പരിക്കേറ്റ സംഭവത്തില്‍ പാലാരിവട്ടം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയുകയും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എംവിഡി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മറുപടി കിട്ടാത്ത സാഹചര്യത്തില്‍ ജോ. ആര്‍ടിഒ രണ്ട് വട്ടംകൂടി നോട്ടീസ് അയച്ചു, എന്നാല്‍ ഇതിനും താരം മറുപടി നല്‍കിയില്ല. കഴിഞ്ഞ മാസം മൂന്നാമത്തെ അവസരം നല്‍കിയെങ്കിലും സുരാജ് ഹാജരാകുന്നതിനോ മറുപടി നല്‍കുന്നതിനോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയതെന്ന് എറണാകുളം ആര്‍ടിഒ വ്യക്തമാക്കി.

🔹തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയിലാണ് നടപടി. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്സ്മാന്‍ ഉത്തരവില്‍ പറയുന്നു.

🔹വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ബിരുദ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ ശരീരത്തില്‍ മൂന്നുനാള്‍ വരെ പഴക്കമുള്ള പരിക്കുകള്‍ ഉണ്ടെന്നും ക്രൂര മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ്എഫ്ഐ നേതാക്കള്‍ അടക്കമുള്ള 12 പേര്‍ ഒളിവലാണെന്ന് പൊലീസ് അറിയിച്ചു.

🔹ആറ്റുകാല്‍പൊങ്കാല നിവേദ്യം നടന്നതിനു ശേഷം ശേഖരിച്ച ചുടുകട്ടകളെല്ലാം ഇത്തവണയും വീട് നിര്‍മ്മാണത്തിന് തന്നെ നല്‍കും. 1200 നഗരസഭാ തൊഴിലാളികള്‍, 1400 താല്‍ക്കാലിക ജീവനക്കാര്‍, 150 വോളന്റിയര്‍മാര്‍ ഇവരെല്ലാം ചേര്‍ന്നാണ് പൊങ്കാലയ്ക്കു ശേഷം നഗരം വൃത്തിയാക്കിയത്. 2018 മുതലാണ് പൊങ്കാല അടുപ്പിനുപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ചു തുടങ്ങിയത്. ഇത്തവണ മൂന്ന് ലക്ഷത്തോളം ഇഷ്ടികകള്‍ വരുമെന്നാണ് കണക്കുകൂട്ടല്‍.

🔹ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെ എസ് ആര്‍ ടിസി സര്‍വീസുകള്‍ക്ക് അനുമതിയായി. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടത്തുക. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നാല് സര്‍വീസുകളുടെയും സമയക്രമം ഉടന്‍ തന്നെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

🔹മലപ്പുറം തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്തിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔹സംസ്ഥാനത്ത് താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഫെബ്രുവരി 27 മുതല്‍ 29 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.

🔹ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചെത്താന്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്.

🔹ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ 40 കോടി ക്ലബ്ബില്‍. പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. സിനിമയുടെ ആഗോള ബോക്സ്ഓഫിസ് കളക്ഷനാണിത്. ഫെബ്രുവരി 9ന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉള്‍പ്പെടെ റിലീസ് ചെയ്ത ചിത്രം ആദ്യ വാരത്തില്‍ തന്നെ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. കേരളം ഏറെ ചര്‍ച്ച ചെയ്ത യഥാര്‍ഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് സിനിമാറ്റിക്കായി ചിത്രം ഒരുക്കിയിരിക്കുന്നത് ഡാര്‍വിന്‍ കുര്യാക്കോസാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രാഹാമാണ്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. എസ്ഐ ആനന്ദ് നാരായണന്‍ എന്ന പൊലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ എത്തുന്നത്.

തയ്യാറാക്കിയത്
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments