Tuesday, November 12, 2024
Homeസ്പെഷ്യൽകതിരും പതിരും: പംക്തി (61) സ്വകാര്യതയുടെ മാനറിസങ്ങൾ (ലേഖനം) .

കതിരും പതിരും: പംക്തി (61) സ്വകാര്യതയുടെ മാനറിസങ്ങൾ (ലേഖനം) .

ജസിയ ഷാജഹാൻ.

സ്വകാര്യതയുടെ മാനറിസങ്ങൾ

സ്വകാര്യതയെന്നാൽ തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കാനുള്ള ഓരോ വ്യക്തിയുടെയും അവകാശമാണ്. അതൊരു രഹസ്യ സ്വഭാവത്തെ ചൂണ്ടിക്കാട്ടുന്നു എങ്കിലും സ്വകാര്യത ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ് എന്ന് ആർക്കും വലിയ ശബ്ദത്തിൽ തന്നെ വിളിച്ചു കൂവാം.. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റം കുറ്റാർഹവും ശിക്ഷാർഹവുമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇടപെടാതിരിക്കൽ എന്ന ഒരു നിർവ്വചനം കൂടി നമുക്ക് ഇതിനു കൊടുക്കാം.

എന്താണ് സ്വകാര്യത? നമുക്ക് മറ്റുള്ളവരോട് തുറന്നുപറയാൻ പറ്റാത്ത, അല്ലെങ്കിൽ തുറന്നു പറയാൻ നമ്മൾമടിക്കുന്ന, പറഞ്ഞതുകൊണ്ട് നമുക്ക് മറ്റു ഗുണങ്ങളൊന്നും ഇല്ലാത്ത.. മറിച്ച് ദോഷങ്ങൾ മാത്രം സംഭവിക്കുന്ന എന്തെങ്കിലുമൊക്കെ കാര്യങ്ങൾ, നിമിഷങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ സർവ്വസാധാരണമാണ്. അത് വെറുതെ പറഞ്ഞ് പൊല്ലാപ്പുകൾ വരുത്തി വയ്ക്കാതെ സ്വയം നിയന്ത്രിച്ച് നമ്മോട് കൂടി തന്നെ ഒടുങ്ങാൻ നാം സ്വയം ആഗ്രഹിച്ചു പോകുന്നു. അത് സ്വാഭാവികം!
ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും പരസ്യമാക്കുന്നതിലൂടെ ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തെയാണ് ഹനിക്കുക. ആ സ്വാതന്ത്ര്യത്തിൽ പിന്നെ… എത്തിനോട്ടങ്ങളും ചൂഴ്ന്നു നോട്ടങ്ങളും ആഴ് ന്നിറങ്ങലുകളും, അപശ്രുതികളും വാഴുന്നു.

നമ്മൾ ഒന്ന് ഓർക്കുക! നമ്മുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ നമുക്ക് ചുറ്റും ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട് . ഇടം കൊടുക്കാതിരിക്കുക , മൂടേണ്ടത് മൂടി തന്നെ വയ്ക്കുക. മറ്റുള്ളവർ നമ്മുടെ പോരായ്മയായി കണ്ടേയ്ക്കാവുന്ന വിവരങ്ങളാവും അത്.

പലതലങ്ങളിൽ നിലകളിൽ നമ്മിലെ സ്വകാര്യത വാഴുന്നു. ഏകാന്തത, ഇഴയടുപ്പം,കരുതൽ, അജ്ഞാതത്വം, വസ്ത്രധാരണം, ഭൗതിക തടസ്സങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ തുടങ്ങിയവയൊക്കെ ഇതുമായി കൈ കോർത്തു നിൽക്കുന്നു.

ഏകാന്തത മറ്റുള്ളവരിൽ നിന്നുമുള്ള ശാരീരിക അകൽച്ചയേയും, ഇഴയടുപ്പം ഏകാന്തതയുടെ ഫലമായി സ്വായത്തമാകുന്ന രണ്ടോ അതിലധികമോ വ്യക്തികളുമായുള്ള ശാന്തവും ദൃഢവുമായ സ്നേഹബന്ധത്തെയും, കരുതൽ അനാരോഗ്യകരമായ നുഴഞ്ഞുകയറ്റങ്ങൾക്കും, കടന്നുകയറ്റങ്ങൾക്കും എതിരെയുള്ള മാനസികമായ ചെറുത്തുനിൽപ്പിനെയും ചൂണ്ടിക്കാട്ടുന്നു.

മതിലുകളും വാതിലുകളും പോലുള്ള ഭൗതിക തടസ്സങ്ങൾ മറ്റുള്ളവർ നമ്മിലെ സ്വകാര്യതകളി ലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനെ തടയുന്നു.സാമൂഹിക മാനദണ്ഡങ്ങൾ നമ്മുടെ സ്വകാര്യതകളെ സംരക്ഷിക്കുന്ന രീതിയിലുള്ളതാണെന്നത് നമ്മിലേക്കും മറ്റുള്ളവരിലേക്കുള്ള കടന്നുകയറ്റത്തെ ചെറുത്തു നിർത്തുന്നു. വസ്ത്രധാരണസമീപനരീതികൾ നമ്മുടെ മാത്രം സ്വകാര്യതയായി നിലകൊള്ളുന്നു. അപ്പോഴും അതെങ്ങനെ വേണം? അതിന്റെ ഭവിഷ്യത്തുകൾ… ഇതൊക്കെ നമുക്ക് അനുഭവസ്ഥമാകുന്ന രീതിയിലുള്ളതാണെന്നത് ഒരോർമ്മപ്പെടുത്തലാണ്.

അപ്പോ… നമ്മുടെ സ്വകാര്യത ഏതുവിധേനയും സംരക്ഷിക്കപ്പെടേണ്ടതാണ്. സാങ്കേതിക വിദ്യ പുരോഗമിച്ചതനുസരിച്ച് സ്വകാര്യത സംരക്ഷിക്കപ്പെടുകയും ലംഘിക്കപ്പെടുകയും ചെയ്യുന്ന രീതിയും മാറിയിരിക്കുന്നു. ഇൻ്റർനെറ്റ് പോലുള്ള ചില സാങ്കേതിക വിദ്യകളുടെ വിവരങ്ങൾ പങ്കിടാനുള്ള വർദ്ധിച്ച കഴിവ് സ്വകാര്യത ലംഘിക്കുന്ന പുതിയ വഴികളിലേക്ക് നയിച്ചേക്കാം.

ഓർക്കുക.. ആരുടെയും വ്യക്തിത്വ അവകാശങ്ങൾ കൈയ്യേറ്റം ചെയ്യാതിരിക്കുക. സ്വന്തം സംതൃപ്തിക്കും വ്യക്തിഗത താല്പര്യങ്ങൾക്കും വേണ്ടി അവരുടെ സ്വകാര്യതകളെ ചൂഷണം ചെയ്യാതിരിക്കുക.

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം.നന്ദി,സ്നേഹം.

ജസിയ ഷാജഹാൻ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments