കണ്ണൂർ –കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിൽ എൽഡിഎഫിന് തിരിച്ചടിയായത് സ്ഥാനാർഥി നിർണയവും പാർട്ടിയിലെ അടിയൊഴുക്കും. കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയിൽ ആദ്യമുണ്ടായിരുന്നത്. പികെ ശ്രീമതിയെ തന്നെ കെ സുധാകരനെന്ന അതികായകനായ കോൺഗ്രസ് നേതാവിനെ നേരിടാൻ കളത്തിലിറക്കാൻ സിപിഎം കേന്ദ്ര നേതൃത്വത്തിനും താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനിടെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജൻ സ്ഥാനാർഥിയായെത്തുന്നത്.
മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും ആശിർവാദത്തോടെയാണ് എം വി ജയരാജൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. പികെ ശ്രീമതി
എംവി ജയരാജന്‍റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചുവെങ്കിലും പാർട്ടിയിലെ യുവ നേതാക്കളിൽ ചിലർ പ്രചരണത്തിൽ നിന്നും വിട്ടു നിന്നതോടെ തുടക്കത്തിൽ തന്നെ സിപിഎമ്മിൽ അതൃപ്തി പ്രകടമായിരുന്നു.
സാധാരണയായി പാർട്ടി ജില്ലാ സെക്രട്ടറിമാർ ആ സ്ഥാനത്തിരിക്കുമ്പോൾ മത്സരിക്കാറില്ലെങ്കിലും എംവി ജയരാജനും കാസർകോട് എംവി ബാലകൃഷ്ണനും ആറ്റിങ്ങലിൽ വിപി ജോയിയും കീഴ് വഴക്കം തെറ്റിക്കുകയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിമാർക്ക് പാർട്ടി കോട്ടകളിൽ നിന്നു പോലും വോട്ടു ചോർന്നത് വരും ദിവസങ്ങളിൽ സിപിഎം നേതൃത്വത്തിൽ ചർച്ചയാകും.
സംസ്ഥാനത്ത് 12 മണ്ഡലങ്ങൾ നേടുമെന്നായിരുന്നു പാർട്ടി സംസ്ഥാന സെകട്ടറിയേറ്റ് വിലയിരുത്തിയത്. ഇതിൽ കണ്ണൂർ , വടകര, കാസർകോട് ഉറപ്പെന്നായിരുന്നു പാർട്ടിയുടെ അവകാശ വാദം. എന്നാൽ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ടു ചോർച്ചയുണ്ടായത് മുന്നണിയ്ക്ക് തിരിച്ചടിയായി.
മുൻ കോൺഗ്രസ് നേതാവ് സി രഘുനാഥ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും വലിയ ചലനങ്ങളൊന്നുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതു യഥാർത്ഥത്തിൽ തിരിച്ചടിയായത് എൽഡിഎഫിനാണ്. സി രഘുനാഥ് പിടിക്കുന്ന വോട്ടുകൾ കോൺഗ്രസിൽ നിന്നും ചോരുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുണ്ടായത്. എന്നാൽ ഇതു സംഭവിച്ചില്ലെന്നു മാത്രമല്ല സ്വന്തം പാളയത്തിൽ നിന്നു വരെ വോട്ടു ചോരുന്ന അവസ്ഥയുമുണ്ടായി.