മറ്റുള്ളവരുടെ ആകാശത്തെ വിലമതിക്കാം
——————————————————————-
ദേവലോകത്തു നിന്നുള്ളയൊരു ദേവകന്യക ഒരു മനുഷ്യനെ വിവാഹം കഴിച്ചു. കല്യാണദിവസം അവൾ ഭർത്താവിൻ്റെ കയ്യിൽ ഒരു ചെപ്പു കൊടുത്തിട്ടു പറഞ്ഞു. “ഒരമൂല്യമായ നിധിയിതിനകത്തുണ്ട് സൂക്ഷിച്ചു വെക്കണം.”ഏറെ കാലങ്ങൾക്കു ശേഷം ഒരിക്കൽ അയാൾ അതു തുറന്നു നോക്കി. അതു ശൂന്യം.
ക്ഷുഭിതനായ അയാൾ, ഭാര്യയോടു ചോദിച്ചു “ഇത്രയും നാൾ നീയെന്നെ കബളിക്കുകയായിരുന്നോ, ഇതിനകത്തു ഒന്നുമില്ലല്ലോ” അവൾ കരഞ്ഞുകൊണ്ടു പറഞ്ഞു: “ഞാൻ വരുന്നതു മേഘങ്ങളിൽ നിന്നല്ലെ, യാത്ര പറയുമ്പോൾ വീട്ടുകാർ ആകാശത്തിൻ്റെ ഒരു കഷണം മുറിച്ചു ചെപ്പിനകത്താക്കി തന്നതാണ്. എന്നു മുതലാണു നിങ്ങൾക്കു എൻ്റെ ആകാശം ശൂന്യമായി തോന്നാൻ തുടങ്ങിയത് ”
സ്വന്തം വൈകാരികതയുടെയും അനുഭവങ്ങളുടെയും പ്രതലത്തിൽ നിന്നാണു നാമോരോരുത്തരും,നമ്മുടെ ആകാശം മെനയുന്നത്. അതു മറ്റുള്ളവർക്കു അപ്രധാനവും, അപ്രസക്തവുമായി തോന്നിയേക്കാം. അപരൻ്റെ ആകാശത്തെ തിരിച്ചറിയാനും,അവർ കൊണ്ടുനടക്കുന്ന അതേ തീഷ്ണതയോടെ അതിനെ സമീപിക്കാനും നമുക്കു കഴിയണം.
താൻ സമ്മാനം വാങ്ങുമ്പോൾ,അച്ഛനുമമ്മയും, തന്നോടൊത്തുണ്ടാക്കണമെന്നു വാശി പിടിക്കുന്ന കുട്ടിയും,മരണക്കിടക്കയിലെങ്കിലും, തങ്ങളുടെ മക്കളെ ഒരുമിച്ചു കാണണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കളും, സ്വന്തം വൈകാരിക സ്വപ്നങ്ങൾക്കു നിറം കൊടുക്കുകയാണ്. സ്വയം നിർമ്മിക്കുന്ന ആകാശത്തിൻ്റെയും അതിൽ വിരിയുന്ന മഴവില്ലിൻ്റെയും മനോഹര ലോകത്തു തങ്ങളുടെ ജീവിതം കെട്ടിപ്പെടുക്കാനുള്ള ഓരോരുത്തരുടെയും അവകാശത്തെ, നമുക്കു മാനിക്കാം,ആദരിക്കാം.
സർവ്വേശ്വരൻ തുണയ്ക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്കാരം!