Sunday, November 24, 2024
Homeകേരളംഅപൂർവ കളിയരങ്ങ് 

അപൂർവ കളിയരങ്ങ് 

കോട്ടയ്ക്കൽ.—എറെ അപൂർവതകൾ നിറഞ്ഞ കളിയരങ്ങ് കോട്ടയ്ക്കലിൽ ആസ്വാദകരെ കാത്തിരിക്കുന്നു. ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് 6ന് രാത്രി 9ന് “താരസംഗമം” നടക്കുന്നത്. കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടി, മാർഗി വിജയകുമാർ എന്നിവർ “കുചേലവൃത്തം” ആട്ടക്കഥയിലാണ് അരങ്ങ് പങ്കിടുന്നത്.

ഈ ഉത്സവ സീസണിൽ കലാമണ്ഡലം ഗോപി അരങ്ങുകളിൽ സജീവമല്ല. സീസൺ തുടങ്ങി അദ്ദേഹത്തിന്റെ രണ്ടാമത്തെ അരങ്ങാണ് കോട്ടയ്ക്കലിലേത്. ഗുരുവായൂർ ഉത്സവത്തിന് കഴിഞ്ഞമാസം ബാഹുകനായി അരങ്ങിലെത്തിയിരുന്നു. കുചേലന്റെ വേഷമാണ് കോട്ടയ്ക്കലിൽ കെട്ടിയാടുന്നത്. സദനം കൃഷ്ണൻകുട്ടിയും മാർഗി വിജയകുമാറുമാണ് കൃഷ്ണനും രുക്മിണിയുമാകുന്നത്. കാലങ്ങളായി കലാമണ്ഡലം ഗോപി – മാർഗി വിജയകുമാർ കൂട്ടുകെട്ടാണ് നായികാ, നായക വേഷങ്ങൾക്കു പരിപൂർണത നൽകിയിരുന്നത്. കോട്ടയ്ക്കൽ ശിവരാമന്റെ മരണശേഷം മാർഗി വിജയകുമാറാണ് ഗോപി ആശാന്റെ നായികയായി കൂടുതൽ അരങ്ങുകളെ ധന്യമാക്കിയത്.

കോട്ടയ്ക്കൽ സി.എം.ഉണ്ണിക്കൃഷ്ണനും ജോഡിയായിട്ടുണ്ട്. കളിയരങ്ങിലെ 3 പ്രതിഭകളുടെ അപൂർവ സംഗമത്തിനാണ് കോട്ടയ്ക്കൽ സാക്ഷിയാകുന്നതെന്ന് കലാനിരൂപകനായ ഡോ.ടി.എസ്.മാധവൻകുട്ടി പറയുന്നു. അതോടൊപ്പം നായികാനായകൻമാർ അല്ലാതെ തന്നെ കലാമണ്ഡലം ഗോപിയും മാർഗി വിജയകുമാറും അരങ്ങ് പങ്കിടുന്നുവെന്ന സവിശേഷതയുമുണ്ട്.
സദനം കൃഷ്ണൻകുട്ടിയും മാർഗി വിജയകുമാറും കൃഷ്ണനും രുക്മിണിയുമാകുന്നുവെന്നതും മറ്റൊരു അപൂർവത. വിശ്വംഭര ക്ഷേത്രോത്സവത്തിന് ഗോപിയാശാൻ എത്താൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. സദനം കൃഷ്ണൻകുട്ടിയും മാർഗി വിജയകുമാറുമെല്ലാം ദീർഘകാലത്തെ അതിഥികളാണ്.

കോട്ടയ്ക്കൽ.ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രത്തിലെ ഉത്സവത്തിന് (കോട്ടയ്ക്കൽ പൂരം) നാളെ തുടക്കമാകും. 10ന് സമാപിക്കും. ആദ്യദിവസം ഉച്ചയ്ക്കും പിറ്റേന്നു പുലർച്ചെയും നടക്കുന്ന പുറത്തേക്കുള്ള എഴുന്നള്ളിപ്പാണ് പ്രധാന ചടങ്ങ്.

നെൻമാറ സഹോദരൻമാരുടെ നാദസ്വര കച്ചേരി, രഞ്ജിനി, ഗായത്രി, കുന്നക്കുടി എം.ബാലമുരളീകൃഷ്ണ,സഞ്ജയ്സുബ്രഹ്മണ്യൻഎന്നിവരുടെ സംഗീതകച്ചേരി, ഹിന്ദുസ്ഥാനി കച്ചേരി, മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യം, മട്ടന്നൂർ ശങ്കരൻകുട്ടി, പോരൂർ ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ബലരാമൻ, സദനം രാമകൃഷ്ണൻ, നീലേശ്വരം സന്തോഷ്കുമാർ, ചിറക്കൽ നിധീഷ്, മടിയൻ രാധാകൃഷ്ണമാരാർ, കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർ, ഒറ്റപ്പാലം ഹരി തുടങ്ങിയവരുടെ തായമ്പക എന്നിവയാണ് പ്രധാന പരിപാടികൾ. 5 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ കഥകളിയുണ്ടാകും.
— – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments