Sunday, September 22, 2024
Homeഅമേരിക്കപണ്ടൊക്കെ ദൈവം പിന്നെ പിന്നെ, ഇപ്പോള്‍ പണി സ്പോട്ടില്‍!! ✍അനിൽ പുത്തൻചിറ, ന്യൂജേഴ്സി

പണ്ടൊക്കെ ദൈവം പിന്നെ പിന്നെ, ഇപ്പോള്‍ പണി സ്പോട്ടില്‍!! ✍അനിൽ പുത്തൻചിറ, ന്യൂജേഴ്സി

അനിൽ പുത്തൻചിറ, ന്യൂജേഴ്സി

പ്രളയക്കെടുതി രൂക്ഷമായ വയനാട്ടിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മോഹൻലാലിൻറെ ഇടപെടലിനെ അജു അലക്സ് (ചെകുത്താൻ) ഒരിക്കൽ വിമർശിച്ചു!!

താര സംഘടനയുടെ ജനറൽ സെക്രട്ടറിക്ക് അത് സഹിച്ചില്ല, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മോഹൻലാൽ നൽകിയ സംഭാവനകളെ അവഹേളിക്കുന്ന തരത്തിലാണ് ചെകുത്താൻ്റെ പരാമർശം എന്ന ഒരു പരാതി സെക്രട്ടറിയും കൊടുത്തു. ചെകുത്താൻറെ പരാമർശം മോഹൻലാലിനോടുള്ള അനാദരവ് മാത്രമല്ല, മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ മനോവീര്യത്തിനും മാന്യതയ്ക്കും ഹാനികരമാകുമെന്ന വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് പരാതിക്കാരൻ.

ചെകുത്താൻ പറഞ്ഞത് മോഹൻലാലിനെ പറ്റി, ആ മോഹൻലാലിന് പരാതിയില്ല! പക്ഷെ രാജാവിനേക്കാൾ രാജഭക്തിയുള്ള സെക്രട്ടറിക്ക് അത് സഹിച്ചില്ല!! “മട പൊട്ടിയാൽ മഠത്തിൽ ദണ്ഡമില്ലെങ്കിൽ കൂലിക്കാർ നെഞ്ചത്തടിക്കേണ്ട” ആവശ്യമില്ല, എന്ന് സെക്രട്ടറി മനസിലാക്കിയില്ല എന്ന് തോന്നുന്നു

എന്തായാലും അജു അലക്സിനെ പോലീസ് വിളിപ്പിച്ചു, ചോദ്യം ചെയ്തു, താക്കീത് ചെയ്തു വിട്ടു, അതവിടെ കഴിഞ്ഞു!!

പ്രകൃതിയുടെ ഓരോ വികൃതികൾ, ഇന്നലെ വരെ വാദി ആയിരുന്ന ആളുകൾ, സൂര്യൻ ഉദിച്ചുയർന്നപ്പോൾ പല പല ആരോപണങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നു! ഭരണ മുന്നണിയുടെ ചങ്കായ നടനും സംവിധായകനും ഒപ്പം കണ്ണിലെ കരടായ നടനും ഒരേ ത്രാസിൽ!

പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ കേസ് ഉണ്ടാകും, എന്നാൽ പ്രായപൂർത്തിയാകാത്ത ആളെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ കേസ് വേറെയാകും. “കണ്ടറിയണം കോശി നിനക്ക് ഇനി എന്ത് സംഭവിക്കുമെന്ന്”

ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായും പുറത്തുവിടാൻ സർക്കാർ മടിക്കുന്നതെന്തിന്? പാർട്ടി അനുകൂലികളെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കുകയാണ് സർക്കാർ എന്ന് ആരെങ്കിലും പറഞ്ഞാൽ, അവരെ കുറ്റം പറയാൻ സാധിക്കുകയില്ല! മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട കാര്യമെന്ത്?

അനുചിതമോ അനാവശ്യമോ ആയ മുന്നേറ്റങ്ങളെ മാന്യമായും ഉചിതമായും അപ്പോൾ തന്നെ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്! ഏതെങ്കിലും ചേഷ്ടകളോ പെരുമാറ്റങ്ങളോ ഇഷ്ടമല്ലെങ്കിൽ അപ്പോൾ തന്നെ മുഖത്തുനോക്കി പറയുക, 99% പ്രശ്‍നങ്ങളും അവിടെത്തന്നെ കെട്ടടങ്ങും.

ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരിക്കും; “അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ” എന്ന നിലയിലാണ് ഇന്ന് മലയാള സിനിമയുടെ അവസ്ഥ!! എന്നിരുന്നാലും വ്യക്തമായി ഒരു പേരും പറയാതെ, സിനിമാ ഫീൽഡിൽ ഉള്ള എല്ലാ ആണുങ്ങളേയും സംശയത്തിൻറെ നിഴലിലാക്കി മുന്നോട്ടു പോകുന്നത് സിനിമാ വ്യവസായത്തിന് ഭൂഷണമല്ല.

അനിൽ പുത്തൻചിറ, ന്യൂജേഴ്സി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments