വിശ്വസ്തത വിളങ്ങട്ടെ (സങ്കീ.12:1-7)
“യഹോവേ രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ
മനുഷ്യ പുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു” (വാ.1 ).
ധ്യാന ഭാഗം, ദാവീദിന്റെ ഒരു വിലാപം ആണ്. ഭക്തന്മാർ ഇല്ലാതെ പോകുന്നതിലും,
വിശ്വസ്തന്മാർ കുറഞ്ഞു പോകുന്നതിലും ഉള്ള വിലാപം. വിശ്വസ്തരാകുക എന്നത് അതിനായി ദൃഢനിശ്ചയം ചെയ്ത്, ദൈവ കൃപയിൽ ആശ്രയിച്ചു ജീവിക്കുന്നവർക്കു മാത്രം സാധിക്കുന്ന കാര്യമാണ്. അതേ സമയം, അവിശ്വസ്തത പെരുകി വരുന്നതു കാണുമ്പോൾ, തങ്ങൾ മാത്രം വിശ്വസ്തരായിരിക്കുന്നതിൽ എന്താണു കാര്യം എന്നു
വിശ്വസ്തർ ചിന്തിച്ചു പോകുന്നതിലും അത്ഭുതത്തിനു അവകാശമില്ല.
വിശ്വസ്തതയ്ക്കു പ്രധാനമായും മൂന്നു തലങ്ങളാണുള്ളത്. ദൈവത്തോടു വിശ്വസ്തരാകുക; നമ്മോടു തന്നെ വിശ്വസ്തരാകുക; മറ്റുള്ളവരോടു വിശ്വസ്തരാകുക എന്നിവയാണവ. ഇതിൽ ഏതെങ്കിലും ഒന്നിൽ അവിശ്വസ്തരാകുന്നവർ, മറ്റു രണ്ടിലും അവിശ്വസ്തരായിരിക്കും. ഇവ പരസ്പരബന്ധിതവും, പൂരകവുമാണ്. പഴയ നിയമത്തിലെ യോസഫ് ആണ്, വിശ്വസ്തതയ്ക്കുള്ള നല്ല ഉദാഹരണം. പൊത്തിഫർ, അവനെ, തനിക്കുള്ളതിന്റെയെല്ലാം സൂക്ഷിപ്പുകാരനാക്കി. എന്നാൽ, പൊത്തിഫറിന്റെ ഭാര്യ, യോസഫിനെ പാപം ചെയ്യുവാൻ പ്രേരിപ്പിച്ചു. അവൻ അതിൽ വീണുപോയിരുന്നുവെങ്കിൽ, ദൈവത്തോടും, തന്നോടു തന്നെയും, പൊത്തിഫെറിനോടും, പാപം ചെയ്യുമായിരുന്നു; അവിശ്വസ്തത കാണിക്കുമായിരുന്നു. എന്നാൽ, അവൻ ദൃഢനിശ്ചയത്തോടെ അതിനെ ചെറുത്തു നിന്നു. അവൻ,
അവളോടു ചോദിച്ചത്: “ഞാൻ ഈ മഹാ ദോഷം പ്രവർത്തിച്ച്, ദൈവത്തോടു
പാപം ചെയ്യുന്നത് എങ്ങനെ” എന്നാണ്! (ഉല്പ. 39:9).
ദൈവത്തോടു പാപം ചെയ്യാതിരുന്നതിനാൽ, അവനു തന്നോടു തന്നെ
യും, പൊത്തിഫെറിനോടും, വിശ്വസ്തത പുലർത്തുവാൻ സാധിച്ചു.
ദൈവത്തോടു വിശ്വസ്തത പുലർത്തുന്നവർ, മറ്റു തലങ്ങളിലും വിശ്വസ്തത പുലർത്തുന്നവർ ആയിരിക്കും. മറ്റുള്ളവരിൽ തെറ്റു കണ്ടാൽ, അതു വിളിച്ചു പറഞ്ഞു
നടക്കുന്നതു വിശ്വസ്തതയല്ല. എന്നാൽ, എനിക്കതിൽ എന്തു കാര്യം എന്നു പറഞ്ഞു അവഗണിക്കുന്നതും ശരിയല്ല. അതു തെറ്റിനു വളം വെച്ചു കൊടുക്കുക ആയിരിക്കും. മറിച്ച്, അങ്ങനെയുളളവർക്കായി ദൈവസന്നിധിയിൽ മദ്ധ്യസ്ഥത ചെയ്യുവാനും, തെറ്റു ചൂണ്ടിക്കാണിച്ചു കൊടുക്കുവാനും ആയിരിക്കും വിശ്വസ്തർ ശ്രമിക്കുക?അതിന് നമ്മെ ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: ക്രിസ്തു വിശ്വാസികളിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്നതു പൂർണ്ണ
വിശ്വസ്തതയാണ്!