ഉയരത്തിലുള്ളതു ചിന്തിക്കുക (കൊലോ.3:1-4)
” ഭൂമിയിലുള്ളതല്ല, ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പീൻ” (വാ. 2).
ലോകത്തിലുള്ള എല്ലാ മനുഷ്യരേയും ചിന്താസ്വാതന്ത്ര്യം ഉള്ളവരായാണ്, ദൈവം സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച്, ഓരോരുത്തരും വെച്ചു പുലർത്തുന്നത്, നല്ല ചിന്തയാകാം? ചീത്ത ചിന്തയുമാകാം? ചിലർ സദാ സമയവും ചിന്തിച്ചു ചിന്തിച്ചു നടക്കുന്നു. മറ്റു ചിലർ ഒന്നിനേക്കുറിച്ചും ചിന്തയില്ലാതെ, വരുന്നതു
വരട്ടെ എന്ന മനോഭാവത്തോടെ ജീവിക്കുന്നു. ഒരാൾ ചിന്തിക്കുന്നതെല്ലാം നടക്കണമെന്നില്ല. അഥവാ നടന്നാൽത്തന്നെ എല്ലാം ശരിയായിരിക്കണമെന്നുമില്ല.
ധ്യാന ഭാഗത്തു വി.പൗലൊസ്, അവരവർ വെച്ചുപുലർത്തുന്ന ചിന്തകളുടെ അടിസ്ഥാനത്തിൽ, മനുഷ്യരെ രണ്ടു ഗ്രൂപ്പുകളായി വേർതിരിക്കുന്നു: ഭൂമിയിലുള്ളതു ചിന്തിക്കുന്നവർ; ഉയരത്തിലുള്ളതു ചിന്തിക്കുന്നവർ(വാ.2 ). ഭൂമിയിലുള്ളതു ചിന്തിക്കുന്നവർ, ജഡത്തെ അനുസരിച്ചു നടക്കുന്നവർ ആയിരിക്കും? ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം എന്നിവയായിരിക്കും അവരുടെ ജീവിത ലക്ഷ്യം. അവർ ദൈവേഷ്ടത്തിനല്ല, സ്വന്ത ഇഷ്ടത്തിനായിരിക്കും തങ്ങളുടെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കുക.
ഉയരത്തിലുള്ളതു ചിന്തിക്കുന്നവരിൽ, ദൈവീകമായ ചിന്തകളും, പ്രവൃത്തികളുമായിരിക്കും വെളിപ്പെടുക. അവർ ആത്മാവിന്റെ ശക്തിയാൽ, ജഡത്തിന്റെ ഇച്ഛകളെ മരിപ്പിക്കുന്നവർ ആയിരിക്കും. സത്യമായതും, ഘനമായതും, നിർമ്മലമായതും, സൽക്കീത്തിയായതും, സൽഗുണമായതും (ഫിലി. 4: 8) ആയ കാര്യങ്ങൾക്കായിരിക്കും അവർ ജീവിതത്തിൽ പ്രാമുഖ്യം നൽകുക. ദൈവീക ചിന്തയുള്ളവർ ദൈവത്തോടടുത്തും, ദൈവത്തിനു വേണ്ടിയും ജീവിക്കും. ഭൂമിയിലുള്ളതു ചിന്തിക്കുന്നവർ, ലോകത്തിനു വിധയപ്പെട്ടും, ലോകത്തിനു വേണ്ടിയും ജീവിക്കും.
ഒരിക്കൽ ഒരു മാതാവു മരിക്കാറായ സമയത്തു തന്റെ ഏക പുത്രനെ അരികെ വിളിച്ച്, ഒരു വേദപുസ്തകം ഏല്പിച്ചിട്ട് ഇങ്ങനെ പറയുകയുണ്ടായി: “ഒന്നുകിൽ ഈ പുസ്തകം നിന്നെ ലോകത്തിൽ നിന്നും അകറ്റും; അല്ലെങ്കിൽ, ലോകം, നിന്നെ ഈ പുസ്തകത്തിൽ നിന്നും അകറ്റും”. ഉയരത്തിലുള്ളതു ചിന്തിക്കുന്നവരുടെയും, ഭൂമിയിലുള്ളതു ചിന്തിക്കുന്നവരുടെയും കാര്യവും അങ്ങനെ തന്നെ.
നാം ദൈവീകതയിൽ അടിസ്ഥാനപ്പെട്ടു ജീവിക്കണമെന്നും, ഉയരത്തിലുള്ള കാര്യങ്ങൾ ചിന്തിക്കുന്നവരായിരിക്കണം എന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. അതിനു ദൈവം നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: ദൈവത്തിൽ നിന്നും ജനിച്ചവർക്കു മാത്ര
മേ, ഉയരത്തിലുള്ളതു ചിന്തിക്കാനാകൂ!