Logo Below Image
Tuesday, April 1, 2025
Logo Below Image
Homeമതംപുരാണ കഥകളിലൂടെ ഒരു യാത്ര.. (1) സുകന്യയുടെയും ച്യവനന്റെയും കഥ.

പുരാണ കഥകളിലൂടെ ഒരു യാത്ര.. (1) സുകന്യയുടെയും ച്യവനന്റെയും കഥ.

ശ്യാമള ഹരിദാസ്.

വൈവസ്വമനുവിന്റെ പുത്രനായ ശര്യാതിക്ക് അനവധി പത്നിമാർ ഉണ്ടായിരുന്നു. എന്നാൽ ആരിൽ നിന്നും ഒരു സന്താനത്തെ ലഭിക്കുവാനുള്ള ഭാഗ്യം അദ്ദേഹത്തിന്
ഉണ്ടായില്ല.

പല വ്രതങ്ങളും അദ്ദേഹവും പത്നിമാരും അനുഷ്‌ഠിച്ചു. ഒട്ടനവധി സൽക്കർമ്മങ്ങൾ നടത്തി. അതിന്റെ എല്ലാം ഫലമായി ഒരു രാജ്ഞി ഗർഭിണിയായി. ഒരു ശുഭ മുഹൂർത്തത്തിൽ ഒരു പെൺകുഞ്ഞിന് ജന്മമേകി. ആ കുട്ടിക്ക് “സുകന്യ”എന്ന് നാമകരണം ചെയ്തു.

നയനാനന്ദകരമായ സൗന്ദര്യത്തോട് കൂടിയ സുകന്യ മാതാപിതാക്കളുടെയും കൊട്ടാരത്തിലെ അന്തേവാസികളുടേയും സ്നേഹാദരവുകൾ ഏറ്റുവാങ്ങി വളർന്നു.

രാജധാനിയിൽ അധികം അകലത്ത് അല്ലാതിരുന്ന ഒരു വിപിന പ്രദേശത്ത് ആ കാലത്ത് ഒരു തപോവനം ഉണ്ടായിരുന്നു. ഏതോ ഒരു സന്യാസി അവിടെ തപം ചെയ്യുന്നുണ്ടെന്നും ചിലർക്കൊക്കെ അറിയാമായിരുന്നു.എന്നാൽ ആ ധന്യൻ ആരാണെന്നും എവിടെ നിന്നു വന്നവനാണെന്നും ആർക്കും അറിയാൻ കഴിഞ്ഞില്ല. വാസ്തവത്തിൽ അത് ച്യവനൻ ആയിരുന്നു.

ഒരു ദിവസം കാനന ഭംഗി കണ്ടാനന്ദിക്കു വാനായി സുകന്യ ഏതാനും തോഴിമാരും
കൂടി പിതാവിന്റെ അനുമതിയോടുകു‌ടി ആ തപോവനത്തിലേക്ക് യാത്രയായി.
ഫലമൂലാദികളും മനോഹരങ്ങളായ പൂക്കളും നിറഞ്ഞു നിൽക്കുന്ന തപോവനത്തിൽ കുമാരി തോഴിമാരോടൊത്ത് പൂക്കളിറുത്തും കിളികളോട്കൊഞ്ചി കുഴഞ്ഞും നടക്കുകയായിരുന്നു.

ആ തപോവനത്തിൽ മഹാത്മാവായ ചവ്യന മഹർഷി ആദിപരാശക്തിയെ തപസ്സു ചെയ്യുന്നുണ്ടായിരുന്നു. വർഷങ്ങളായുള്ള ഏകാന്ത ധ്യാനത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ചുറ്റിലും ചിതൽപ്പുറ്റ് നിറഞ്ഞു നിന്നിരുന്നു. തപസ്സിൽ മുഴുകിയതിനാൽച്യവനമഹർഷി ഇതൊന്നും തന്നെ അറിഞ്ഞതേയില്ല. രാജകുമാരിയും തൊഴിമാരും ഉല്ലസിച്ചു നടന്ന് മഹർഷിക്കരുകിലെത്തി. പുറ്റിന്നകത്ത് മഹർഷിയുടെ നേത്രങ്ങൾ തിളങ്ങുന്നതു കണ്ട് ബാല്യപരമായ കൗതുകത്തോടും ചാപല്യത്തോടും കൂടി രാജകുമാരി ഒരു മുള്ളെടുത്ത് മെല്ലെ കുത്തിനോക്കി. മൂർച്ച
ഏറിയ മുള്ളിന്റെ അറ്റംകൊണ്ട് ഋഷിക്ക് തന്റെ നേത്രങ്ങൾ നഷ്ടമായി.

പുറ്റിനകത്തുനിന്നും രക്തം വരുന്നത് കണ്ട കുമാരിയും, തോഴിമാരും ഭയന്ന് കൊട്ടാരത്തിലേക്ക് ഓടി. ഏറെ വേദനയനുഭവിച്ചു എങ്കിലും ചവ്യനൻ രാജകുമാരിയേയോ, മറ്റുള്ളവരേയോ ശപിച്ചില്ല എന്നാൽ ഈ സംഭവത്തിനു ശേഷം രാജ്യത്തെങ്ങും അനർത്ഥങ്ങൾ നിത്യസംഭവങ്ങളായി. ദാരിദ്ര്യവും പകർച്ചവ്യാധിയും, തസ്‌ക്കരന്മാരെ കൊണ്ടും പ്രജകൾ കുഴങ്ങി. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് പ്രജകൾ രാജാവിനോട് അപേക്ഷിച്ചു.

മഹാരാജാവ് ഇതിന്റെ കാരണം കണ്ടെത്തുവാൻ ദൂതന്മാരെ നാലുപാടും അയച്ചു. ഈ സമയത്ത് സുകന്യ പിതാവിന്റെ അരികിൽ ചെന്ന് മുൻപ് സംഭവിച്ചകാര്യം പറഞ്ഞു. ഇതു കേട്ട ബുദ്ധിമാനായ ശര്യാതി മകളേയും കൂട്ടി തപോവനത്തിലേക്ക് പോയി. ച്യവനമഹർഷിയെ കണ്ട് തന്റെ മകൾ അറിയാതെ ചെയ്ത തെറ്റിന് മാപ്പ് നൽകണമെന്നപേക്ഷിച്ചു. അപ്പോൾ മഹർഷി രാജാവിനോട് പറഞ്ഞു.

രാജാവേ അങ്ങയുടെ പുത്രി അറിയാതെയായിരിക്കാം ഇങ്ങിനെയെല്ലാം ചെയ്തത്. പക്ഷേ കർമ്മത്തിന്റെഫലം അനുഭവിച്ചേ തീരു. നാടിനെ ബാധിച്ചിരിക്കുന്ന ഈ വിപത്ത് ഒഴിയാൻ അങ്ങയുടെ മകളെ എനിക്ക് ഭാര്യയായി നൽകൂ. അതുമാത്രമേ ഇതിനൊരു പ്രായശ്ചിത്തമായി ഞാൻ കാണുന്നുള്ളൂ.

മഹർഷിയുടെ വാക്കുകൾ കേട്ട് രാജാവ് വിഷമത്തോടെ കൊട്ടാരത്തിലേക്കുപോയി. വൃദ്ധനും, അസുന്ദരനുമായ ഈ മഹർഷിയ്ക്കു യൗവനം കാണുവാൻ കൊതിക്കുന്ന തന്റെ മകളെ ഭാര്യയായി നൽകുവാനോ? ഇപ്രകാരം ചിന്തിച്ച് ദുഖിതനായിരിക്കുന്ന രാജാവിന്റെ അരികിൽ വന്ന് രാജകുമാരി പറഞ്ഞു. അച്ഛാ, മഹർഷിയുടെ വാക്കുകൾ കേട്ട് അവിടുന്ന് ദുഖിക്കേണ്ട. എന്നെ ഭാര്യയായി ലഭിച്ചാൽ ഈ നാടിനെ ഗ്രസിച്ചിരിക്കുന്ന ശാപം ഒഴിഞ്ഞു പോകുമെങ്കിൽ ഞാനത് സന്തോഷപൂർവ്വം സ്വീകരിക്കാം. അതുകൊണ്ട് അച്ഛൻ എന്നെ മഹർഷിയ്ക്ക് വിവാഹം ചെയ്തു കൊടുക്കൂ. മകളുടെ വാക്കുകൾ കേട്ട രാജാവ് ദുഃഖത്തോടെയാണെങ്കിലും സുകന്യയെ ച്യവനന് പാണിഗ്രഹണം ചെയ്ത്കൊടുത്തു. അതോടു കൂടി രാജ്യത്തിന്റെ പഴയ സമ്പൽ സമൃദ്ധി തിരികെ വന്നു. ച്യവന പത്നിയായതോടുകൂടി സുകന്യയിലും വലിയ വ്യത്യാസങ്ങൾ വന്നു തുടങ്ങി. മഹർഷിയുടെ കാര്യങ്ങളിൽ ദത്തശ്രദദ്ധാലുവായ സുകന്യ ഒരുത്തമ പത്നിയുടെ കർത്തവ്യങ്ങൾ നിറവേറ്റി
കൊണ്ടിരുന്നു. മഹർഷിയും അവളോട്‌ അമിതമായ പ്രണയഭാവത്തോടുകൂടിതന്നെ പെരുമാറി.

ആയിടക്ക് അശ്വിനിദേവന്മാർ ച്യവനൻ താമസിക്കുന്ന ആശ്രമത്തിന്റെ പരിസരത്തിലൂടെ കടന്നു പോകാൻ ഇടയായി. സുന്ദരിയായ സുകന്യയെ കണ്ടപ്പോൾ അശ്വിനി ദേവന്മാർ അവളോട്‌ ച്യവ്യനനെ ഉപേക്ഷിച്ച് തങ്ങളുടെ ഭാര്യയായിരിക്കുവാൻ അഭ്യർത്ഥിച്ചു. ഇതുകേട്ട സുകന്യ കോപത്തോടുകൂടി അവരെ ശപിക്കാൻ ഒരുമ്പെട്ടു. തെല്ല് ഭയത്തൊടുകൂടി അശ്വിനി ദേവന്മാർ സുകന്യയോട് പറഞ്ഞു “അല്ലയോ ച്യവനപത്നീ നിന്റെ പാതിവ്രത്യത്തിൽ ഞങ്ങൾ സംതൃപ്തരായിരിക്കുന്നു. ഞങ്ങൾ ദേവ വൈദ്യന്മാരാണ്. നിന്റെ ഭർത്താവിന് യുവത്വവും സമ്പൂർണ്ണ ആരോഗ്യവും പ്രദാനം ചെയ്യുവാൻ ഞങ്ങൾക്കാകും. പക്ഷേ ഒരു വ്യവസ്ഥ ഞങ്ങളുടെ വരലാഭം കൊണ്ട് ച്യവനനും ഞങ്ങളെ പോലെ ആയിത്തീരും. അതിൽ നിന്നും ഒരാളെ നിനക്ക് ഭർത്താവായി തിരഞ്ഞ്
എടുക്കാം.

അശ്വിനിദേവന്മാരുടെ വാക്കുകൾ കേട്ട സുകന്യ ആശ്രമത്തിൽ എത്തി മഹർഷിയോട് കാര്യങ്ങൾ ധരിപ്പിച്ചു. ച്യവനനും ഇതിനു സമ്മതിച്ചു. അശ്വിനീദേവന്മാരുടെ നിർദ്ദേശാനുസരണം അവർ ച്യവനനേയും കൊണ്ട് തൊട്ട്
അടുത്തുള്ള തടാകത്തിലിറങ്ങി മുങ്ങി നിവർന്നു. ഉയർന്നു വന്നപ്പോൾ മൂവരും ഒരേ
രൂപസാദൃശ്യത്തോടു കൂടിയവരായി മാറിയിരുന്നു. ഇതിലേതാണ് തന്റെ ഭർത്താവെന്നറിയാതെ സുകന്യയുടെ മനസ്സു കുഴങ്ങി. നിവ്രത്തിക്കായി അവൾ പരാശക്തിയെ സ്മരിച്ചു. പരാശക്തിയുടെ അനുഗ്രഹം നിമിത്തം അവൾക്ക് ച്യവനനെ തന്നെ വരിക്കാൻ കഴിഞ്ഞു.

ഇതുകണ്ട അശ്വിനീദേവന്മാർ സുകന്യയെ ദീർഘ സുമംഗലിയായി തീരട്ടെ എന്ന് അനുഗ്രഹിച്ചു. യാത്രപോകാൻ ഒരുമ്പെട്ട അശ്വിനീ കുമാരന്മാരോട് ഒരു വരം ചോദിക്കുവാൻ ച്യവനമഹർഷി അഭ്യർത്ഥിച്ചു. അപ്പോൾ അശ്വിനി ദേവന്മാർ പറഞ്ഞു.

മഹർഷേ ദേവവൈദ്യന്മാരാണ് എന്ന കാരണം നിമിത്തം ഇന്ദ്രൻ ഞങ്ങൾക്ക് സോമരസം നിഷേധിച്ചിരിക്കയാണ്. അങ്ങേക്ക് കഴിയുമെങ്കിൽ ഇതിന് ഒരു പോംവഴി ഉണ്ടാക്കി തന്നാലും”.

ച്യവനൻ അങ്ങിനെ ചെയ്യാമെന്ന് അശ്വിനീ കുമാരന്മാർക്ക് വാക്കു നൽകി. അനന്തരം ച്യവനൻ ഭാര്യാപിതാവിനോട് ഒരു മഹായാഗം നടത്തുവാൻ അഭ്യർത്ഥിച്ചു. ഈ യാഗത്തിൽ ച്യവനൻ അശ്വിനീ ദേവന്മാർക്ക് സോമരസം പകർന്നു കൊടുത്തു. ഇത് ഇന്ദ്രനെ ക്രൂദ്ധനാക്കി. ഇന്ദ്രൻ ച്യവനനുമായി ഏറ്റുമുട്ടി. പരാജിതനായ ഇന്ദ്രൻ തുടർന്നും അശ്വിനീ ദേവന്മാർക്ക് സോമരസത്തിന് അവകാശം ഉണ്ടായിരിക്കും എന്ന് പ്രഖ്യാപിച്ചു.

ശ്യാമള ഹരിദാസ്.

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments