തിരുവനന്തപുരം —കേന്ദ്രത്തിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലെത്തിക്കുന്ന ശബരി കെ റൈസ് വിൽപ്പന ഇന്ന് ആരംഭിക്കും. ജയ അരിയ്ക്ക് കിലയോക്ക് 29 രൂപയും കുറുവ, മട്ട അരികൾക്ക് 30 രൂപയുമാണ് നിരക്ക്.
സംസ്ഥാനത്തെ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ബാക്കി അഞ്ച് കിലോ സപ്ളൈകോ വഴി തന്നെ കിട്ടും. കെ റൈസ് വിൽപ്പന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കേന്ദ്രം ഭാരത് അരി വിതരണം ആരംഭിച്ചതിന് പിന്നാലെയാണ് ബദൽ അരിയുമായി സംസ്ഥാനം രംഗത്ത് വന്നത്. കുറഞ്ഞ വിലയിൽ നല്ലയിനം അരി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് കെ റൈസ് വിൽപ്പന. ശബരി കെ റൈസിനായി ടെന്‍ഡര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചത്. ആദ്യഘട്ടത്തിൽ അഞ്ച് കിലോയുടെ അരിയുടെ പാക്കറ്റാണ് വിതരണം ചെയ്യുക.
സപ്ലൈകോ, ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ പ്രമോഷന്‍റെ ഭാഗമായാണ് ശബരി കെ റൈസ് ബ്രാൻഡഡ് സഞ്ചിയിൽ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയിൽ താഴെയാണ് ഈ തുണി സഞ്ചിക്കുള്ള ചെലവ്. ഒന്നിന്‍റെ പരമാവധി വില 13 – 14 രൂപയാണ്. ഇതിനായുള്ള പരസ്യത്തിൽ നിന്നാണ് കണ്ടെത്തുകയെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ജയ അരിയും, കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട് കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാണ് വിതരണത്തിനെത്തുന്നത്. സപ്ലൈകോയുടെ 56 ഡിപ്പോകളിലും 5 കിലോ വീതമുള്ള ശബരി കെ റൈസ് എത്തിയിട്ടുണ്ട്. സപ്ലൈകോ വഴി ലഭിച്ചിരുന്ന സബ്‌സിഡി നിർത്തലാക്കിയതോടെ സാധാരണക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു.