ആലപ്പുഴ: മണ്ണഞ്ചേരിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കുന്നത് പൊലീസ് തടഞ്ഞു. ചിതയിൽവെച്ച മൃതദേഹം പൊലീസെത്തി മോർച്ചറിയിലേക്ക് മാറ്റി. മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡ് പൊന്നാട് അറയ്ക്കാത്തറയിൽ അനിൽകുമാറിന്റെയും വിജിമോളുടെയും മകൻ അർജുന്റെ (20) സംസ്കാരമാണ് പരാതിയെത്തുടർന്ന് തടഞ്ഞത്.
വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ ബന്ധുവീട്ടിലാണ് അർജുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പ്രായമായവർ മാത്രമുള്ള ഇവിടെ ഇയാൾ രാത്രി കിടക്കാൻ പോകുമായിരുന്നു. രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ട വീട്ടുകാർ അർജുന്റെ വീട്ടിൽ വിവരമറിയിച്ചു. സഹോദരനെത്തിയാണ് മൃതദേഹം താഴെയിറക്കിയത്.
എന്നാൽ, ഹൃദയാഘാതം മൂലം മരിച്ചെന്നാണ് അർജുന്റെ വീട്ടുകാർ നാട്ടുകാരെ അറിയിച്ചത്. വീട്ടുവളപ്പിലാണ് ചിതയൊരുക്കിയത്. ഉച്ചയ്ക്ക് 12ന് മൃതദേഹം ചിതയിലേക്ക് എടുത്തയുടൻ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ പൊലീസിനെ വിളിക്കുകയായിരുന്നു.
പൊലീസെത്തി പ്രാഥമികാന്വേഷണം നടത്തി. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.