Monday, December 23, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ - ജനുവരി 15, 2024 തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ജനുവരി 15, 2024 തിങ്കൾ

കപിൽ ശങ്കർ

🔹ഫോമാ  മിഡ്അറ്റ്‌ലാന്റിക്ക് റീജിയൻ നികുതി സെമിനാർ സംഘടിപ്പിക്കുന്നു. പരിചയസമ്പന്നനായ സിപിഎ ജോർജ് മാത്യു അവതരിപ്പിക്കുകയും ഡോ ജെയിംസ് കുറിച്ചി മോഡറേറ്റ് ചെയ്യുകയും ചെയ്യുന്ന ഈ സൂം സെമിനാർ 2024 ജനുവരി 16 ന് രാത്രി 8:00 മുതൽ 9:30 വരെ നടക്കും ഈ വെർച്വൽ ഇവന്റ് താൽപ്പര്യമുള്ള എല്ലാ വ്യക്തികളെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ജോജോ  കോട്ടൂർ, സെക്രട്ടറി ജോബി ജോൺ, ട്രഷറാർ ബിജു എട്ടുങ്ങൽ എന്നിവർ അറിയിച്ചു. സെമിനാറിൽചേരാൻ, സൂം മീറ്റിംഗ് ID 86035826625, passcode 266534 ഉപയോഗിക്കാം.

🔹ഹൃസ്വ സന്ദർനാർത്ഥം അമേരിക്കയിൽ എത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവും കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ആരാധ്യനായ പ്രസിഡന്റുമായ കെ.സുധാകരൻ എംപിക്ക് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ – ഡാളസ് ചാപ്റ്ററുകളുടെ നേതൃത്വത്തിൽ ജനുവരി 19 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, Texas 77477) വച്ച് ഉജ്ജ്വല വരവേൽപ്പ് നൽകുന്നു.

🔹2024 ജനുവരി 14 ആം തീയതി ഞായറാഴ്ച ലഹരി വിരുദ്ധ ദിനമായി വേർതിരിച്ചിരിക്കണമെന്ന മാർത്തോമാ മെത്രാപ്പോലീത്തയുടെ നിർദേശത്തിന്റെ ഭാഗമായി നോർത്ത് അമേരിക്കാ മാർത്തോമാ ഭദ്രാസനത്തിന്റെ എല്ലാ ഇടവകകളിലും മദ്യലഹരി വിരുദ്ധദിനമായി ആചരിച്ചു.

🔹ചങ്ങനാശ്ശേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ഡാളസ് യൂണിറ്റിന്റെ ഉദ്ഘാടനവും ക്രിസ്മസ് -ന്യൂ ഈയർ ആഘോഷവും ഡാലസിൽ നടന്നു. പരിപാടിയിൽ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി (FOC) കൂട്ടായ്‌മയുടെ അഭ്യുദയകാംക്ഷികളും, സുഹൃത്തുക്കളും, ചങ്ങനാശ്ശേരിയിൽ നിന്നുള്ള മുൻ വിദ്യാർഥികളും പങ്കെടുത്തു.

🔹കാലിഫോർണിയയിൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ സാംസ്ക്കാരിക കൂട്ടായ്മയായ തപസ്യ ആർട്ട്സ്, 2024 ഇൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ശക്തമായ പ്രമേയങ്ങളും സുന്ദരമായ അഭിനയ മുഹൂർത്തങ്ങളും ചേരുന്ന നിരവധി ഷോർട്ട് ഫിലിമുകളാണ് മലയാളത്തിലും ഇതര ഭാഷകളിലും നിത്യേന പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ചവയെ കണ്ടെത്തുക, അതിന് അംഗീകാരം നൽകുക, കൂടാതെ സാൻ ഫ്രാൻസിസ്കോയിലെ പ്രേക്ഷകർക്ക് വലിയ സ്ക്രീനിൽ ഇവയുടെ പ്രദർശനത്തിന് വഴിയൊരുക്കുക തുടങ്ങിയവയാണ് ഈ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

🔹തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് അഞ്ചിന് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് ഫെസ്റ്റിവല്‍. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്താണു ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍. 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളിലുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.

🔹അരിവില വര്‍ധിച്ചു. കിലോയ്ക്ക് അഞ്ചു മുതല്‍ എട്ടു രൂപ വരെയാണ് വര്‍ധിച്ചത്. 43 രൂപയില്‍നിന്ന് 50 രൂപയ്ക്കു മുകളിലേക്കാണു വില കുതിച്ചത്. പൊന്നി, കോല അരികള്‍ക്ക് എട്ടു രൂപ വര്‍ധിച്ചു. പൊന്നി അരിക്ക് 52 രൂപ മുതല്‍ 65 രൂപ വരെയാണു വില. ബിരിയാണി അരിക്കും എട്ടു രൂപ വില വര്‍ധിച്ചു. നേന്ത്രക്കായ ഒഴികേയുള്ള പച്ചക്കറികള്‍ക്കും തീവിലയാണ്. കിലോയ്ക്കു 30 രൂപയുണ്ടായിരുന്ന പയര്‍, വെണ്ടയ്ക്ക, കാരറ്റ് തുടങ്ങിയ പച്ചക്കറി ഇനങ്ങള്‍ക്ക് 50 രൂപയ്ക്കു മുകളിലാണു വില.

🔹നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ മാതാവിനു സ്വര്‍ണകിരീടം സമര്‍പ്പിച്ചു. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് സുരേഷ് ഗോപിയും കുടുംബവും മടങ്ങിയത്.

🔹മകരവിളക്ക് ആഘോഷം ഇന്ന്. തിരക്ക് നിയന്ത്രിക്കുന്നതിനു വെര്‍ച്ച്വല്‍ ക്യൂ രജിസ്ട്രേഷന്‍ നടത്തിയ 50,000 പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്.

🔹തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറു ജില്ലകളില്‍ ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി. കെഎസ്ഇബി ഓഫീസുകള്‍ക്കും അവധിയാണ്.

🔹സംഗീത സംവിധായകന്‍ കെ.ജെ.ജോയ് ചെന്നൈയില്‍ അന്തരിച്ചു. 77 വയസായിരുന്നു. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.

🔹പന്തീരായിരം രൂപയുടെ ജോലിക്ക് അമ്പതിനായിരം രൂപ കോഴ ആവശ്യപ്പെട്ട രണ്ടു കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. മുക്കം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതിനാണു നടപടി. കരീം പഴങ്കല്‍, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.

🔹വൈക്കത്തെ സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവമായിരുന്ന യുവതിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ് ആലപ്പി ധന്‍ബാദ് എക്സ്പ്രസ്സിലെ ശുചിമുറിയില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.

🔹വീട്ടില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനം പരേതനായ മോഹനന്‍ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. മകന്‍ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.

🔹ആലപ്പുഴയില്‍ മത്സ്യക്കുളത്തിലെ മോട്ടോറില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പഴവീട് ചിറയില്‍ രാജന്‍ – അനിത ദമ്പതികളുടെ മകന്‍ അഖില്‍ രാജ് എന്ന മണികണ്ഠനാണു മരിച്ചത്. 29 വയസായിരുന്നു. ചെറുതനയില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ കൃഷി ചെയ്യുകയായിരുന്നു അഖില്‍.

🔹പാലാ പയപ്പാറിന് സമീപം ലോറി നിയന്ത്രണം വിട്ട് മതിലിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ (67) ആണ് മരിച്ചത്.

🔹മൂടല്‍മഞ്ഞുമൂലം ഡല്‍ഹിയില്‍നിന്നുള്ള 84 വിമാന സര്‍വീസുകള്‍ റദ്ദാക്കി. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പെടെ 168 വിമാന സര്‍വീസുകള്‍ വൈകി.

🔹ഹൈദരാബാദില്‍ ചൈനീസ് പട്ടം കഴുത്തില്‍ കുടുങ്ങി സൈനികന്‍ മരിച്ചു. കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെങ്ങും പട്ടം പറത്തല്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. ബൈക്കില്‍ വരികയായിരുന്ന കോട്ടേശ്വറിന്റെ കഴുത്തില്‍ പട്ടത്തിന്റെ ചില്ലു പതിച്ച പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് മരിച്ചത്. മധ്യപ്രദേശില്‍ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ഏഴു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ധാര്‍ നഗരത്തില്‍ പിതാവ് വിനോദ് ചൗഹാനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ പട്ടച്ചരട് കുരുങ്ങുകയായിരുന്നു.

🔹രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നു വൈകിട്ടോടെ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തും. കലാപം നടന്ന പ്രദേശങ്ങളിലൂടെ രാഹുല്‍ ഗാന്ധി കടന്നുപോകന്നുണ്ട്. മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്.

🔹ഇന്‍ഡിഗോ വിമാനം വൈകുമെന്ന് അറിയിച്ച പൈലറ്റിനെ മര്‍ദിച്ച യാത്രക്കാരനെ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. യാത്രക്കാരനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ഭാഗമായി വിമാനം ഏഴു മണിക്കൂറാണു വൈകിയത്.

🔹വാഹനാപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ പണം കവര്‍ന്ന് കടന്നുകളഞ്ഞ മൂന്നു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധര്‍മ്മേന്ദ്രകുമാര്‍ ഗുപ്തയാണ് മരിച്ചത്. ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ കവര്‍ന്നവര്‍ ആളെ റോഡില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇതിനു പിറകേ, രക്തം വാര്‍ന്ന് ധര്‍മേന്ദ്രകുമാര്‍ മരിച്ചു.

🔹പുതിയ ന്യൂക്ലിയര്‍ ബാറ്ററിയുമായി എത്താന്‍ പോവുകയാണ് ചൈനയിലെ ഒരു കമ്പനി. ചൈന ആസ്ഥാനമായുള്ള ‘ബീറ്റാവോള്‍ട്ട് ടെക്നോളജി’ എന്ന കമ്പനിയാണ് 50 വര്‍ഷം വരെ നിലനില്‍ക്കാന്‍ കഴിയുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററി വികസിപ്പിക്കുന്നത്. പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിച്ചാല്‍, അത് പിന്നീടൊരിക്കലും ചാര്‍ജ് ചെയ്യേണ്ടിവരില്ല എന്ന് ചുരുക്കം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ചെറു ഉപകരണമായ പേസ് മേക്കറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ന്യൂക്ലിയര്‍ ബാറ്ററികളിലും. ബഹിരാകാശ യാത്രകളിലേക്കുള്ള ആവശ്യങ്ങള്‍ക്കും ഇതേ ബാറ്ററി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്.

🔹ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ആഡംബരവും സൗകര്യവും ഒത്തു ചേര്‍ന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഹാഷ്മി വാങ്ങിയത്. ടൈഗര്‍ 3 വന്‍ ഹിറ്റായതിനു പിന്നാലെയാണ് ഏതാണ്ട് 12 കോടി രൂപ വിലയുള്ള ഈ ആഡംബര കാര്‍ ഇമ്രാന്റെ ഗാരിജിലെത്തിയത്.

🔹പൊങ്കല്‍ ദിനത്തില്‍ കളര്‍ഫുള്‍ പോസ്റ്ററുമായി പ്രഭാസ്. ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം ‘കട്ട്’ പറഞ്ഞ് ഹൊറര്‍ കോമഡി എന്റര്‍ടെയ്നറുമായി പ്രഭാസ്. മാരുതി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘രാജാ സാബ്’ എന്നാണ് സിനിമയുടെ പേര്.

🔹റിമ കല്ലിങ്കലിനെ നായികയാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ഗന്ധര്‍വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാജല്‍ സുദര്‍ശനും പ്രധാന കഥാപാത്രമായെത്തുന്നു. സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

🔹2023 ലെ മികച്ച ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്റര്‍ മയാമിയുടെ ലയണല്‍ മെസ്സിയും മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും പി.എസ്.ജി.യുടെ കിലിയന്‍ എംബാപ്പെയും പുരുഷ താരങ്ങള്‍ക്കുള്ള അന്തിമപ്പട്ടികയിലുണ്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments