Saturday, November 23, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 43) ✍അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 43) ✍അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയ കൂട്ടുകാരേ,

ഓണമായില്ലോ. ഇപ്പോൾ ഓണപ്പരീക്ഷയെല്ലാം കഴിഞ്ഞ് നിങ്ങൾ ആഘോഷത്തിൻ്റെ തിരക്കിലാവും. പുതിയ ഓണക്കോടികൾ വാങ്ങിയോ?
നാളെ ഉത്രാടം – ഒന്നാം ഓണം. മുറ്റത്ത് പൂക്കളമിട്ട്, ഓണപ്പാട്ടുപാടി , ഊഞ്ഞാലാടി , ഓണസ്സദ്യയും ഓണപ്പായസവും കഴിച്ച് ആർത്തുല്ലസിക്കേണ്ട നാളുകളാണ് വന്നെത്തിയിരിക്കുന്നത്.
എല്ലാവർക്കും ഓണാശംസകൾ!

ഇനി നമുക്ക് പുതിയ ശൈലികളിലൂടെ കടന്നുപോവാം.

1)ഏച്ചുകെട്ടിയപോലെ

കൃത്രിമത്വവും, ചേർച്ചയില്ലായ്മ‌യും ഉള്ളിടത്താണ് ഈ ശൈലി ഉപയോഗിക്കുന്നത്.. തമ്മിൽ ചേരാത്തവ കൂട്ടിച്ചേർക്കുമ്പോഴുണ്ടാകുന്ന പൊരുത്തക്കേട് വ്യക്തമാക്കുന്നു.. വ്യത്യസ്തമായവ കൂട്ടിച്ചേർത്താൽ പലപ്പോഴും വികൃതമായിരിക്കുമെന്ന സൂചനയാണ് ഈ പ്രയോഗം വ്യക്തമാക്കുന്നത്.

ഉദാ: ഇത്ര കാലം കേസുകെട്ടുമായി കഴിഞ്ഞവർ ഇനി കൂടിച്ചേർന്നാൽ ഏച്ചുകെട്ടിയ പോലിരിക്കുമെന്നതു തീർച്ചയാണ്.

2)ഏതുവേഷവും കെട്ടുക.

തരംപോലെ പെരുമാറുക എന്നാണ് പൊതുവെയുള്ള അർത്ഥം.സന്ദർഭാനുസരണം യോഗ്യമായോ അയോഗ്യമായോ പ്രവർത്തിക്കുന്ന അവസരവാദികളെ തുറന്നു കാട്ടാനും ഈ ശൈലി ഉപയോഗിക്കാം.
എന്നാൽ കഥകളിയിൽ ഏതു കഥാപാത്രത്തിൻ്റെ വേഷവും കെട്ടിയാടാൻ വൈദഗ്ധ്യമുള്ള നടന്മാരുടെ കഴിവിൽനിന്നാണ് ഈ ശൈലി രൂപപ്പെട്ടത് എന്നതാണ് സത്യം.

ഉദാ: അശ്വിൻ്റെ ഇപ്പാേഴത്തെ വാക്കു വിശ്വസിക്കരുത്. ഏതു വേഷവും കെട്ടാൻ ഒരു മടിയുമില്ലാത്തവനാണവൻ.

ഇനി മാഷെഴുതിയ ഒരു കുഞ്ഞിക്കവിതയാണ് താഴെ കൊടുക്കുന്നത്

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
=പന്നിയും ചെന്നായും =
++++++++++++++++++++++

“പന്നീ,പന്നീ… നിന്നുടെ കൂട്ടിൽ
ഒന്നുകിടന്നോട്ടെ ?”
വന്നു കരഞ്ഞാെരു ഗർഭിണിയായ
ചെന്നായപ്പെണ്ണ്.

കരുണയൊടന്നു വരാഹം ചൊല്ലി
” വരു സോദരിയുള്ളിൽ,
ചെറുതെങ്കിലുമീ മടയിലുറങ്ങാ –
മൊരുനാളൊരുമയൊടെ. ”

അന്നാക്കൂട്ടിൽ പ്രസവിച്ചമ്മ
ആറു കുരുന്നുകളെ
തിരിയാനിടമില്ലാതായ് പന്നി
ഞെരുങ്ങീ വല്ലാതെ .
എങ്കിലുമുള്ളിൽക്കനിവോടവള –
ന്നോതീ,” കുഞ്ഞുങ്ങൾ
കണ്ണുംമൂക്കും തെളിയും വരെയും
കഴിയാമൊപ്പം നാം”.

നാളുകൾപോകെ കൂട്ടിൽക്കാറ്റും –
കോളും പെരുകുന്നു.
പന്നി കുഴഞ്ഞുവലഞ്ഞൊരു ദിവസം
മന്ദം ചോദിച്ചു.
” ചെന്നായമ്മേ മക്കളുമൊന്നി-
ച്ചെന്നാ പോകുന്നേ?”

ഭാവം മാറീ , ചെന്നായലറീ
” ഈ വീടെന്റേതാ . .
നിന്നെക്കടിച്ചു കീറും, പൊയ്ക്കോ
ചെന്നായ്ക്കൾ ഞങ്ങൾ”

കരുണപകർന്ന കരങ്ങൾ കടിക്കും
കഠിന മനസ്സുള്ളോർ ,

💥💥💥💥💥💥💥💥💥💥💥💥💥💥
നന്മ ചെയ്യുന്നവരെപ്പോലും വഞ്ചിക്കുന്നവരുണ്ട്. സ്വന്തം വീട്ടിൽ പാർക്കാനിടം കൊടുത്തിട്ടും ആട്ടിപ്പുറത്താക്കിയ ചെന്നായയെപ്പോലെയാണ് തിന്മ ചെയ്യുന്നവർ. അപ്രകാരമുള്ള പ്രവൃത്തികൾ തെറ്റാണെന്നാണ് ഈ കവിത സൂചിപ്പിക്കുന്നത്.

ഇനി നമുക്ക് ഒരു കഥ കേൾക്കാം. ആലപ്പുഴ കണിച്ചു കുളങ്ങര സ്വദേശിയായ ഒരു ബാലസാഹിത്യകാരനാണ് ഈ കഥ എഴുതിയിരിക്കുന്നത്. അധ്യാപകനും കവിയും കഥാകൃത്തുമായ ശ്രീ.ടി.വി.ഹരികുമാർ .
മലയാളത്തിലെ മിക്ക ബാലപ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതാറുണ്ട്. മറ്റ് ആനുകാലികങ്ങളിലു കഥ, കവിത, ലേഖനം മുതലായവ എഴുതുന്നു.

പ്രസിദ്ധീകരിച്ച രചനകൾ :
കുഞ്ഞിക്കിളിയുടെ പാട്ട്, പ്രകൃതിയുടെ ഈണങ്ങൾ, കൽപ്രതിമകൾ . നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഹൃദയകുമാരി പുരസ്കാരം, വിപഞ്ചിക മിനിക്കഥാ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ടി.വി.ഹരികുമാറിന്റെ ഒരു നല്ല കഥയാണ് താഴെ കൊടുക്കുന്നത് .

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

വിധിയുടെ വിളയാട്ടം

കുറ്റിച്ചെടിയുടെ മറവിൽനിന്ന് പതിയെപ്പതിയെ മുടന്തിയൊരു നാടൻ പട്ടി വഴിയിലേക്കിറങ്ങി. അവൻ്റെ കാലിൽ ആരോ എറിഞ്ഞു പരിക്കാണ്. അവൻ്റെ ഒരു ചെവി നായ്ക്കൾ കടിച്ച്പറിച്ചതാണന്ന് കണ്ടാലേ അറിയാം.
അടുത്തൊരു ചായക്കടയിൽ നിന്നാരോ കഴിച്ചതിൻ്റെ ബാക്കി ഒരു വട അവനെറിഞ്ഞു കൊടുത്തു. അവനതു കടിച്ചുതിന്നുന്നതിനിടയിൽ ഓരോന്നാലോചിച്ചു ഒരല്പസമയം നിന്നുപോയി. രണ്ടു മാസം മുന്നേയുള്ള ജീവിതത്തിലൂടെ അവൻ്റെ മനസ്സ് സഞ്ചരിച്ചു .യജമാനൻ വന്നപ്പോൾ കൈയിലൊരു ചെറിയ ബാസ്ക്കറ്റ്. എന്താവും അതിനുള്ളിൽ. അറിയാനുള്ള ആകാംക്ഷ പണ്ടേ പങ്കനുള്ളതാണ്. അവൻ യജമാനനെ തന്നെ നോക്കിക്കൊണ്ടിരുന്നു. എന്താണെന്നറിയില്ല?
യജമാനൻ കൈയും, മുഖവും കഴുകി അകത്തേക്കു കയറിപ്പോയി . ബാസ്ക്കറ്റ് താഴെ വരാന്തയിൽ വച്ചിട്ടുണ്ട്. അറിയാൻ മാർഗ്ഗമൊന്നുമില്ല. ഊണുകഴിക്കാതെയാവും യജമാനൻ വന്നത്. അതാവും തിരക്കിട്ടു കയറിപ്പോയത്. നല്ല ചിക്കൻ കറിയുടെ മണം ചുറ്റിയടിച്ചിരുന്നു. ഉച്ച ഊണിന്ന് കുശാലാണ്. ഓരോന്നാലോചിച്ച് ഒന്നു മയങ്ങി.. നല്ല ഉറക്കം ഞങ്ങളുടെ വർഗ്ഗക്കാർക്കു പണ്ടുമില്ല. അനക്കം കേട്ടാണ് കണ്ണുതുറന്നത്. യജമാനൻ ആ ബാസ്ക്കറ്റുമായി ഇങ്ങോട്ടാണല്ലോ വരുന്നത്. ങേ…എൻ്റെ കൂട്ടിലേക്കാണു വരുന്നത്. അല്ല എൻ്റെ കൂടിൻ്റെയപ്പുറം ഒഴിഞ്ഞ ഒരു കൂടു കൂടിയുണ്ട് അതിൻ്റെ വാതിൽക്കൽ ബാസ്ക്കറ്റ് വച്ചു. കൂടുതുറന്ന് എന്തോയെടുത്ത് കൂട്ടിലേക്ക് വച്ചല്ലൊ…. !

” ഓ…. എൻ്റെ വർഗ്ഗക്കാരൻ തന്നെ. തീരെ ചെറിയവനാ….. ഒരു നായക്കുട്ടി” ..

. യജമാനൻ ഉറക്കെ വിളിച്ചു. “ഫൈറ്റർ ….. ”
ആ നായക്കുട്ടി ഒന്നു കുരച്ചു.ഓ…. അതവൻ്റെ പേരാവും.നമുക്കു പങ്കൻ
അവന് ഫൈറ്റർ.
അവൻ ഉന്നതവംശജനാണ് നമ്മൾ തനിനാടൻ . കഴിഞ്ഞ ദിവസം യജമാനനോടൊപ്പം വന്നയാൾ എന്നെ കണ്ടു ചോദിച്ചു .
” ഉജ്ജ്വൽ ഇതു നാടൻ പട്ടിയല്ലെ? ”
“അതെ..കുഞ്ഞായിരുന്നപ്പോൾ
നമ്മുടെ മാർക്കറ്റിൽ നിന്നെടുത്തതാ. ഒരു കൗതുകം..”

“ഇവനാളു മോശമല്ല. കാണാൻ കൊള്ളാം ”
വന്നയാളു പറഞ്ഞു.

ഉച്ച ഭക്ഷണം കഴിച്ചിട്ട് യജമാനൻ രണ്ടു പ്ലെയ്റ്റുമായി വരണുണ്ട്. ഒന്ന് എൻ്റെ കൂട്ടിലേക്കു തന്നു. മറ്റേ പ്ലെയ്റ്റ് ഫൈറ്ററിനുള്ളതാണ്. എൻ്റെ പ്ലെയിറ്റിൽ കടിച്ചുതിന്ന ശേഷമുള്ള കോഴിക്കാലാണ്. അവനു നല്ല ഇറച്ചിയാണ്.

“ആങ്ഹാ അവൻ പുതുമോടിയല്ലേ അതാവും ”

കാണെക്കാണെ അവൻ വളർന്നു. ഹോ….!. അവൻ്റെ കുരയ്ക്കെന്തു മുഴക്കമാണ് …..ഞാനിപ്പോൾ കുരക്കാറില്ല. അവനെ ഇടക്കിടക്ക് യജമാനൻ എവിടെയൊക്കയോ കൊണ്ടുപോകുന്നുണ്ട്. എന്നെ കൂട്ടിൽ നിന്നിറക്കുന്നതേയില്ല. ഒന്നു പുറത്തൊക്കെ കറങ്ങാൻ മോഹമുണ്ട്….എന്തു ചെയ്യാൻ.

ആ വരുന്നത് കൊച്ചമ്മയല്ലെ… ഇടയ്ക്ക് കൊച്ചമ്മയും വരാറുണ്ട്…. കൊച്ചമ്മ ഫൈറ്ററിനെ സന്ദർശിച്ചു. എന്നെ ശ്രദ്ധിക്കുന്നതേയില്ല. എന്തു നന്ദി കേടാണ്….. പണ്ടെന്നെ തലോടി കുശലം ചോദിച്ചിരുന്നതാ……
കൊച്ചമ്മ എൻ്റെ കൂടിനു നേരേവരുന്നുണ്ട്…. ഒന്ന് കറങ്ങാൻ കൊണ്ടു പോകാൻ പറയണം. എന്താണ് ചെയ്യുക…..വരട്ടെ ഒന്നു മുരണ്ടു പതിയെ നോവാതെ കടിക്കാം….. മനസ്സിലാകുമായിരിക്കും……. പങ്കൻ കാത്തുനിന്നു. കൊച്ചമ്മ വന്നു. പതിയെ കൈ കമ്പിക്കിടയിലൂടെ അകത്തേക്കിട്ടു. പങ്കൻ ഒന്നു പതിയെ കടിച്ചു. കൊച്ചമ്മ കൈവലിച്ചതും ഒപ്പമായിരുന്നു. കൈമുറിഞ്ഞു…. അതു കമ്പി കൊണ്ടതാ പക്ഷെ കൊച്ചമ്മ ഉറക്കെ കരഞ്ഞു…..ഓടി മാറി….
കഷ്ടം …..ഞാനെന്തു ചെയ്യാൻ…
അത്താഴം കിട്ടിയില്ല..
പിറ്റേന്ന് രാവിലെ യജമാനൻ വന്നു. കൂടുതുറന്നു….. പുറത്തു കറങ്ങാൻ കൊണ്ടു പോകാനാണെന്നാണ് കരുതിയത് ….
അങ്ങനെ ഇതുവരെ പരിചയമില്ലാത്ത ഈത്തെരുവിൽ…… ഇവിടുത്തെ പെരിയന്മാർ എപ്പോഴും ആക്രമിക്കാം ഭയന്നാണ് ഇരിക്കുന്നത്. എന്തു ചെയ്യാൻ.!
പങ്കൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
💧💧💧💧💧💧💧💧💧💧💧💧💧
നല്ലൊരു കഥ. തെറ്റിദ്ധാരണയാണ് പങ്കനെ നാടോടിയാക്കിയത്. പാവം പങ്കൻ. ഒരു തെറ്റും ചെയ്യാതെ കുറ്റവാളിയായി, ശിക്ഷിക്കപ്പെട്ടു.
പങ്കനെക്കുറിച്ചോർക്കുമ്പോൾ സങ്കടമുണ്ട്. അല്ലേ?

——————————

ഇനിഒരു കുഞ്ഞിക്കവിതയുമായി മലപ്പുറംകാരനായ ശ്രീ.ജി.കെ.റാം മോഹൻ എന്ന കവിയുടെ രചനയാണ്.

പരേതരായ പി.ആർ.ഗോപാലകൃഷ്ണൻ നായരുടെയും ജഗദമ്മയുടെയും മകനായ റാം മോഹൻ മലപ്പുറം മുണ്ടുപറമ്പ് നിവാസിയാണ്. മലപ്പുറം കലക്ടറേറ്റിൽ ധനകാര്യ വകുപ്പിൽ ഫിനാൻസ് ഓഫീസറായിരിക്കേ സർവ്വീസിൽ നിന്ന് പിരിഞ്ഞു.

സാമൂഹ്യ ശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും സൈക്കോളജിക്കൽ കൗൺ സലിംഗിലും മാസ്റ്റർ ബിരുദങ്ങൾ.സൈക്കോളജിക്കൽ കൗൺസിലറും മോട്ടിവേഷൻ ട്രെയിനറുമാണ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസ സൗകര്യം ഏർപ്പെടുത്തുന്നതിനുമുള്ള ചൈൽഡ് വെൽഫെയർ കമ്മറ്റി മെമ്പറായിരുന്നു. ആകാശവാണിയിലും ദൂരദർശനിലും ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട അബൂ ‘മൊഴിപ്പൂക്കൾ ‘ ‘സബർമതി (കവിതകൾ)
വട്ടോളിക്കുഞ്ഞനും ഒറ്റവരയും (ബാല കവിതകൾ)
എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു

കവിതാ രചനയ്ക്കും ആലാപനത്തിനും ഇൻഡ്യാ പോപ്പുലേഷൻ പ്രൊജക്ട്, ഖുറാൻ ഫൗണ്ടേഷൻ, സമീക്ഷ, സർഗ്ഗമാനസം, പച്ചമഷി,ഇൻഡ്യൻ യൂത്ത് അസോസിയേഷൻ,
റീ എക്കോ, എന്നീ സംഘടനകൾ നൽകിയ അംഗീകാരങ്ങളും ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കവിതാലാപനത്തിനു കേരള അസംബ്ലി ലൈബ്രറി നൽകിയ അവാർഡും നേടിയിട്ടുണ്ട്. കോഴിക്കോട് രേവതി പട്ടത്താന സമിതിയുടെ 2017 ലെ കൃഷ്ണഗീതി പുരസ്കാരം റാം മോഹന്റെ സബർമതിക്കാണ് ലഭിച്ചത്.

ഭാര്യ മീനാകുമാരിയും മക്കളും പേരമക്കളുമൊത്ത് വിശ്രമ ജീവിതം ആസ്വദിക്കുന്നു.
ശ്രീ.ജി.കെ. റാം മോഹന്റെ കുഞ്ഞിക്കവിത നമുക്ക് പാടിയാലോ കൂട്ടുകാരേ…!

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾


🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

കരുതലും കരുത്തും

പഠിക്കേണം പഠിച്ചാലേ വെളിച്ചം
കാണുവെന്നോർക്ക.

കളിക്കേണം കളിച്ചാലേ
കരുത്തന്മാരാകുവെന്നോർക്ക.

കരുത്തന്മാരാകുവാൻ നിങ്ങൾ
കണ്ടതൊക്കെക്കഴിക്കല്ലേ

കണ്ടതൊക്കെക്കഴിച്ചെന്നാൽ കാര്യം
കഷ്ടമായ് പിന്നെ.

കാര്യം കഷ്ടമായെന്നാൽ കരഞ്ഞിട്ടും
കാര്യമില്ല.

കരുതൽ വേണമേയല്പം കരുതൽ
താൻ കരുത്തെന്നും.

—————

കരുതലിൻ്റെ ഓർമ്മപ്പെടുത്തലായ കുഞ്ഞിക്കവിതയ്ക്കു ശേഷം കഥ പറയാനെത്തുന്നത് ബീനാ ഭായ് ടീച്ചറാണ്.

ആയുർവ്വേദ വിഷവൈദ്യനായിരുന്ന ശ്രീ. ഇ.സി. സോമനാഥൻ വൈദ്യരുടേയും ശ്രീമതി. എം.എ.തങ്കമണിയുടേയും മകളായി തൃശൂർ ജില്ലയിലെ മറ്റത്തൂർ അവിട്ടപ്പിള്ളിയിലാണ് ടീച്ചർ ജനിച്ചത്. മറ്റത്തൂർ ഗവ എൽ.പി.സ്കൂൾ, കൃഷ്ണ ഹൈസ്കൂൾ, പി.സി.ജി.എച്ച്.എസ്.വെള്ളിക്കുളങ്ങര എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചരിത്രത്തിൽ ബിരുദവും T TC യും പാസ്സായി.

പാലക്കാട് ജില്ലയിൽ ജി. എൽ .പി. എസ് പുതുനഗരം ( വെസ്റ്റ് ), ജി.യു.പി.എസിലും വെണ്ണക്കര ഗവ. മോയൻ എൽ. പി. എസിലും അധ്യാപികയായി. ജി. എ പി. എസ്. കാവിൽപ്പാടിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു.

ഇപ്പോൾ ഭർത്താവ് ശ്രീ.പി.എസ്.ഉണ്ണികൃഷ്ണനോടും മകൻ അദ്വൈത് കൃഷ്ണ യോടുമൊപ്പം പാലക്കാട് ജില്ലയിൽ കാവിൽപ്പാടുള്ള അദ്വൈതത്തിൽ വിശ്രമജീവിതം നയിക്കുന്നു..
ശ്രീമതി ബീനാ ഭായ് ഇ.എസ് എഴുതിയ കഥ നമുക്ക് വായിക്കാം.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

മലർവാടിയിലെ വിരുന്നുകാർ
*******

നിർത്താതെ പെയ്യുന്ന മഴയിൽനിന്ന് രക്ഷനേടാനാണ് കടന്നൽ തന്റെ കൂട് മട്ടുപ്പാവിലുള്ള ചെടിച്ചട്ടിയുടെ അടിയിൽ വയ്ക്കാമെന്നു തീരുമാനിച്ചത്. രാവിലെ അമ്മ ചെടിക്കു വെള്ളമൊഴിക്കാൻ വരും. അപ്പോൾ കടന്നൽക്കൂട്ടിലെ കടന്നലിന് പേടിയാണ്. പക്ഷെ വീട്ടമ്മ ചെടിച്ചട്ടിയിൽ വെള്ളമൊഴിച്ചു പോകുമെന്നല്ലാതെ കടന്നലിനെ ഒന്നും ചെയ്യാറില്ല. കടന്നൽ വന്ന് തന്നെ കുത്തുമോ എന്ന പേടി അമ്മക്കുണ്ട് എങ്കിലും അമ്മ അവയെ ഉപദ്രവിക്കാറില്ല.
താഴെ മുറ്റത്തുനിൽക്കുന്ന മറ്റു ചെടികളും വളരെ സന്തോഷത്തോടെ പൂവിരിച്ച് മുറ്റത്തു മണം പരത്തി നിൽപ്പുണ്ട്. അമ്മ അവർക്കും മട്ടുപ്പാവിലുള്ള ചെടികൾക്കും ഒറ്റ ദിവസം പോലും വെള്ളം കൊടുക്കാൻ മറക്കാറില്ല.
ഒരു ദിവസം പൂമ്പൊടി തേടി ഒരു പൂമ്പാറ്റ പൂന്തോട്ടത്തിലെത്തി. ഹായ്…. നിറയെ പൂക്കളുണ്ടല്ലോ…. വിവിധ നിറത്തിലുള്ള പൂക്കൾ! എല്ലാറ്റിലും തേനുമുണ്ട്. അവൾ വയറുനിറയെ തേൻ കുടിച്ചു.
അപ്പോഴാണ് പൂമ്പാറ്റ അതു ശ്രദ്ധിച്ചത്. മുറ്റത്തെ ഗന്ധരാജനിൽ രണ്ടു പക്ഷികൾ ഇരിക്കുന്നു…. പൂമ്പാറ്റ പക്ഷികളുടെ അടുത്തെത്തി. അവയെ കൗതുകപൂർവ്വം നോക്കി.മഞ്ഞക്കൊക്കും തിളങ്ങുന്ന തൂവലുകളും കാണാൻ എന്തു ഭംഗി! അവൾ തന്റെ ശരീരത്തിലേക്കും ഒന്ന് നോക്കി. ഈ പൂക്കളുടെ ഇടയിൽ ഞാനും സുന്ദരി തന്നെ. ഈ പൂന്തോട്ടത്തിൽ എത്ര പേർ വരുന്നുണ്ടെന്നു അവൾ ശ്രദ്ധിക്കുകയായിരുന്നു. അതാ….. തന്റെ കൂട്ടുകാരി മിന്നുപ്പൂമ്പാറ്റയും എത്തിയിട്ടുണ്ടല്ലോ!

അവർ രണ്ടുപേരും കിളികളോട് കുറേനേരം സംസാരിച്ചുകൊണ്ട് ചെടികളുടെ കൊമ്പിലിരുന്നു.

മുറ്റത്തു നിൽക്കുന്ന ചെണ്ടുമല്ലിയും, കനകാംബരവും, മുല്ലയും, റോസയും, നന്ത്യാർവട്ടവും, ചെമ്പരത്തിയും അവരുടെ സംസാരം കേട്ടുകൊണ്ട് തലയാട്ടി രസിച്ചു.

കടന്നൽ ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് മണ്ണുകൊണ്ട് തന്റെ കൂട് ഉണ്ടാക്കുകയാണ്. ഇടയ്ക്ക് അവരുടെ അടുത്തെത്തി സംഭാഷണത്തിലും പങ്കുചേർന്നു.

മുറ്റത്തിന്റ മൂലയിൽ നിൽക്കുന്ന മൾബറിച്ചെടിയിൽ അപ്പോളൊരു പച്ചത്തത്ത വന്നിരുന്നു. അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു. പോരുന്നോ…? ആ മലയുടെ താഴെ ഒരു കുളമുണ്ട്. കുളത്തിന്റെ കരയിൽ നിറയെ മരങ്ങളും. മനോഹരമാണവിടം. നമുക്ക് അവിടേക്കു പോകാം. എല്ലാവരും തലയാട്ടി. പതിയെ വന്ന മാരുതൻ പൂക്കളുടെ അടുത്തെത്തി. പൂമ്പാറ്റകളും, കിളികളും, തത്തയും പറന്നുപോകുന്നത് പൂക്കൾ സന്തോഷത്തോടെ നോക്കിനിന്നു.

കടന്നൽ മാത്രം തൻ്റെ ജോലി തുടർന്നുകൊണ്ടിരുന്നു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
പൂന്തോട്ടത്തിലെത്തിയ പറവകളുടെ കഥ ഇഷ്ടമായാേ? നിരന്തരം അധ്വാനിക്കുന്ന കടന്നലിനെ പ്രത്യേകം ഓർമ്മിക്കും. പഠിക്കുന്ന കുട്ടികളും അങ്ങനെയാണ്. ഇടതടവില്ലാതെ പഠനത്തിൽ മുഴുകണം. അതാണ് വിജയം സമ്മാനിക്കുന്നത്.

ഇനി ഒരു കുഞ്ഞു കവിതയാവാം. കവി കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം സ്വദേശിയായ ഒരു ബാലസാഹിത്യകാരനാണ് ശ്രീ.വി.എം.രാജമാേഹൻ സാർ. യുറീക്ക റസിഡന്റ് എഡിറ്റർ,പത്രാധിപസമിതി അംഗം,അഴകത്ത് സ്മാരകസമിതി സെക്രട്ടറി, ഡയറ്റ് പ്രോഗ്രാം ഉപദേശകസമിതി അംഗം, മുഖം, അ എന്നീ ചെറുമാസികകളുടെ പ്രത്രാധിപർ, പാഠപുസ്തകരചനാസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ വി.എം രാജമോഹൻ സാറിന്റെ ഒരു മഴക്കവിത പാടിയാലോ ? കുട്ടികൾക്കായി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഒരു ഹൃദ്യമായ കവിതയാണ് താഴെ.

🦌🦌🦌🦌🦌🦌🦌🦌🦌🦌🦌🦌🦌🦌

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

പുള്ളിമാനോട്

പുള്ളികളുള്ളൊരു മാനേ,
തുള്ളിച്ചാടും മാനേ
പുല്ലുകൾ തിന്നും മാനേ,
തെല്ലിട നിൽക്കൂ മാനേ,
മുത്തമൊരെണ്ണം നൽകാം
ഇത്തിരി നിൽക്കൂ മാനേ
പുള്ളിപ്പുള്ളി മാനേ,
ഓട്ടക്കാരൻ മാനേ.

————————-

ഓട്ടക്കാരൻ മാനിനെ നിങ്ങൾക്ക് ഇഷടമായില്ലേ? കാണാതെ പഠിച്ചിട്ട് ഈ കവിതയും പാടി ഊഞ്ഞാലാടി കളിക്കാം.

ഇപ്രാവശ്യത്തെ ഓണവിഭവങ്ങൾ നല്ല രുചിയുള്ളവയല്ലേ? എല്ലാം ഇഷ്ടപ്പെട്ടുവോ? ഓരോ കഥയിലും കവിതയും നിങ്ങൾക്കു വേണ്ടി ചില കാര്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും. അത് കണ്ടെത്തുമ്പോഴാണ് വായന പൂർണ്ണമാവുന്നത്.

കൂടുതൽ രസകരമായ രുചിക്കൂട്ടുമായി നമുക്ക് നക്ഷത്രക്കൂടാരത്തിൻ്റെ പുതിയ ലക്കത്തിൽ കാണാം.

സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments