Thursday, January 2, 2025
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 27) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

നക്ഷത്രക്കൂടാരം – (ബാലപംക്തി – 27) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

കടമക്കുടി മാഷ്

പ്രിയയുള്ള കുഞ്ഞു കൂട്ടുകാരേ

ചൂടു കൊണ്ട് വാടിപ്പോയിരിക്കയാണ് കേരളം മുഴുവൻ. നിങ്ങളും ഈ അത്യുഷ്ണത്തിൽ പുറത്തിറങ്ങാനാവാതെ വിഷമിച്ചിട്ടുണ്ടാവും, അല്ലേ? പക്ഷേ പലയിടത്തും കുളിരുമായി വേനൽ മഴയെത്തിയത് ആശ്വാസമായി. വേനലവധി കടന്നുപോയിക്കൊണ്ടിരിക്കയാണ്. പoനത്തിൻ്റെ ഉത്സാഹത്തിലേക്ക് തിരിയേണ്ട സമയമായി. പത്തിലെയും പന്ത്രണ്ടിലെയും റിസൽട്ടെത്തിയ ത്രില്ലാണ് മുതിർന്ന കുട്ടികൾക്കൊല്ലാം. കുഞ്ഞുങ്ങൾ പുതിയ ക്ലാസ്സിലെത്തിയതിൻ്റെ സന്തോഷത്തിലും.

ഈ ആഴ്ചയിൽ നാം കണ്ടുമുട്ടിയ സുപ്രധാന ദിവസമാണ് മെയ്‌ 21. അന്നാണ് ഭീകരവിരുദ്ധദിനമായി ഭാരതം തെരഞ്ഞെടുത്തിരിക്കുന്നത്. എൽ ടി ടി ഇ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ്‌ ഗാന്ധിയുടെ ചരമദിനമായ മെയ് 21 ഇന്ത്യ ഭീകരവിരുദ്ധദിനമായി ആചരിക്കുന്നു

രാഷ്ട്രീയ ലക്ഷ്യം നേടാൻ വേണ്ടി നിരപരാധികളായ സിവിലിയൻ ജനതകൾക്ക് നേരെ മാരകമായ ആക്രമണം നടത്തുകയും, പൊതുവെ ഭീതിപരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും, അത്തരം ഭീകരാന്തരീക്ഷത്തെ സമ്മർദ്ദ തന്ത്രമായി ഭരണകൂടങ്ങൾക്കെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് ഭീകര‌വാദം അഥവാ ടെററിസം എന്നു പറയുന്നത്. നിലവിൽ അന്താരാഷ്ട്രതലത്തിൽ ഭീകര‌വാദത്തിന്‌ സർവ്വസമ്മതമായ ഒരു നിർവചനമില്ല. സമരസഹന സമര‌മാർഗ്ഗങ്ങളിൽനിന്നു വിഭിന്നമായി തീവ്രമായ സമരരീതി സ്വീകരിക്കുന്നതിനെയും തീവ്രവാദമെന്നും ഭീകരവാദമെന്നുമൊക്കെ പേരിട്ട് വിളിക്കാറുമുണ്ട്. ഭീതിപരത്തുന്ന പ്രവൃത്തികൾ, ആക്രമണങ്ങളിലൂടെ ഏതെങ്കിലുമൊരു തത്ത്വസം‌ഹിത പ്രചരിപ്പിക്കാനുള്ള ശ്രമം, പോരാളികളല്ലാത്തവരുടെ ജീവനെ ലക്ഷ്യം വയ്ക്കുകയാേ ജീവനു വിലകല്പിക്കാതിരിക്കുകയോ ചെയ്യുക മുതലായ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഭീകര‌വാദത്തെ പൊതുവേ നിർവചിച്ചിരിക്കുന്നത് അന്യായമായ അതിക്രമവും യുദ്ധവുംകൂടി ഭീകരവാദപ്പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

“ഭീകരവാദം” എന്ന വാക്ക് രാഷ്ട്രീയ വികാരവിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പൊതുവേ ഉപയോഗിക്കപ്പെടുന്ന പദമായതിനാൽ നിർവചനം കണ്ടെത്തുക ഏറെ ദുഷ്കരമാണ്‌.

1988ലെ അമേരിക്കൻ കരസേനയുടെ പഠനപ്രകാരം ഭീകരവാദത്തിനുള്ള അനുയോജ്യമായ പദം “terrorism” എന്ന ഇംഗ്ലീഷ് വാക്കാണ്. ഭീകരവാദം എന്ന ആശയംതന്നെ ഏറെ വിവാദപരമാണ്‌, കാരണം ഭരണാധികാരികൾ ബഹുജനപ്രക്ഷോഭങ്ങളെയും വിദേശശക്തികളെയും ഒരേപോലെ ദേശവിരുദ്ധമായി മുദ്രകുത്തി സ്വന്തം കുത്തകഭരണത്തിന്റെ ഭീകരതയെ ന്യായീകരിക്കാൻ
ഈ പദം ദുരുപയോഗിക്കാറുണ്ട്.

ഭീകര‌വാദ സംഘടനകളുടെ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയല്ല പലപ്പോഴും ഭീകരതയുടെ മാർഗ്ഗത്തിലേയ്ക്ക് അവർ തിരിഞ്ഞതെന്ന് വ്യക്തമാവും.

മിക്കപ്പോഴും വികലമോ അവ്യക്തമോ ആയ രാഷ്ട്രീയലക്ഷ്യങ്ങൾ സാധിച്ചെടുക്കുക എന്നതിലുപരി സംഘടനയുടെ ഉരുക്കു മുഷ്ടിയുടെ ദൃഢബന്ധമാണ്‌ ഓരോ ഭീകര‌വാദിയെയും സംഘടനയിൽ നിലനിർത്തുന്നത് .

ഭരണകൂടവുമായി യോജിച്ചുപ്രവർത്തിക്കുന്നവരെ ആക്രമിക്കുന്നതിലൂടെ ഭരണകൂടത്തിന് ജനതയ്ക്കുമേലുള്ള നിയന്ത്രണത്തിന് തുരങ്കം വയ്ക്കുക ഭീകരവാദപ്രവർത്തനത്തിന്റെ ഒരു ലക്ഷ്യമാണ്. ഒരു സ്വതന്ത്ര രാഷ്ട്രത്തിൻ്റെ പരമാധികാരത്തിനു മേലുള്ള ഇത്തരം പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കാനാവില്ല.
ഭീകരവാദവും അതു പ്രചരിപ്പിക്കുന്നവരും രാഷ്ട്രത്തിനെതിരാണ്
ദേശസ്നേഹികളായ നമ്മൾ എല്ലാവിധത്തിലുമുള്ള വിഘടന ശക്തികൾക്കു മെതിരായി, ഭാരതമാതാവിനൊപ്പം നില്ക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കാം

ഇനി നിങ്ങൾക്കായി മാഷ് എഴുതിയ ഒരു കവിതയായാലോ?
🍉🍉🍉🍉🍉🍉🍉🍉🍉🍉🍉

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

എലിയും പൂച്ചയും

അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ
വെട്ടം കണ്ടാലോടുന്നു.
ഞെട്ടിച്ചാടിയെണീറ്റൊരു പൂച്ച –
ക്കുട്ടിയുമങ്ങോട്ടോടുന്നു
ഉറിമേൽ കയറിമറിഞ്ഞിട്ടങ്ങനെ
ഉയിരും കൊണ്ടലിപായുന്നു.
എലിയെകണ്ടൊരു പൂച്ചക്കുട്ടി
കലിയോടങ്ങൊടു ചാടുന്നു
ചട്ടിക്കലവും കറിയും ഉറിയും
പൊട്ടിത്താഴേയ്ക്കെത്തുന്നു
ചാടിയപൂച്ച ചോടുംതെറ്റി
മോന്തേം കുത്തി തരികിട തോം.

🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱

എലിയെ പിടിക്കാൻ ചാടിച്ചെന്ന പൂച്ചയ്ക്കു പറ്റിയ അമളികണ്ടോ!ഇതുപോലെ ചില അമളികൾ വല്ലപ്പോഴുമൊക്കെ നിങ്ങൾക്കും വന്നുചേരാറില്ലേ?

കവിത കഴിഞ്ഞ് ഇനി നമുക്കൊരു കുഞ്ഞിക്കഥയാവാം

മാഷിന്റെ കവിത ഇഷ്ടമായോ ?
കുട്ടികളെ രസിപ്പിക്കുന്ന കഥകളും കവിതകളും ധാരാളമായി എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബാലസാഹിത്യകാരനാണ് ഇനി കഥ പറയാനെത്തുന്നത് –
മോഹൻ മംഗലത്ത്.
എറണാകുളം ജില്ലയിൽ മുവാറ്റുപുഴയാണ് അദ്ദേഹത്തിന്റെ ജന്മനാട്.

സാങ്കേതിക വിദ്യാഭ്യാസത്തിനു ശേഷം നോർത്ത് ഫൗണ്ടേഷൻ കമ്പനിയുടെ കൊച്ചിയിലെപ്രൊജക്ട് മാനേജരായി ജോലി ചെയ്തു.

പഠനകാലത്ത് യുഗകേസരി,പൂജ്യം തുടങ്ങിയ പ്രസിദ്ധീകരണ ങ്ങളുടെ പത്രാധിപരായിരുന്നു. 1967 മുതൽ ആനുകാലികങ്ങളിലെ ബാലപംക്തികളിൽ എഴുതിത്തുടങ്ങി. നിരവധി സാഹിത്യമത്സരങ്ങളിലെ വിജയിയായിട്ടുള്ള ശ്രീ. മോഹൻ മംഗലത്ത് ഇപ്പോഴും മുൻനിര ബാലപ്രസിദ്ധീകരണങ്ങളിലെ സജീവസാന്നിധ്യമാണ്. തേവരുടെ ആന, പപ്പടവട്ടം, കാലൻകരടിയും കാട്ടുകടന്നലും,(ബാലസാഹിത്യം) തുടങ്ങിയ പുസ്തകളുടെ രചയിതാവുമാണ്.

ശ്രീ.മോഹൻ മംഗലത്ത് എഴുതിയ കഥ

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
.
അമ്മപ്പുലിയും പുള്ളിമാൻ കുഞ്ഞും

കാട്ടിൽ ഒരിടത്ത് ഒരു പുലിയമ്മയും മക്കളും താമസിച്ചിരു ന്നു. ഒരിക്കൽ പുലിയമ്മ കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു പുള്ളി മാൻ കുഞ്ഞിനെ കണ്ടു. അവൾ പുള്ളിമാൻ കുഞ്ഞിൻ്റെ അടുത്ത്
ചെന്നിട്ട് ചോദിച്ചു.

“എന്താ കുഞ്ഞ കരയുന്നേ
കാര്യം ചൊല്ലുക മടിയാതേ
പേടിക്കേണ്ട നീയെന്നെ പരിഹാരം ഞാൻ കണ്ടെത്താം”

പുള്ളിമാൻ കുഞ്ഞ് കരച്ചിൽ നിർത്തിയിട്ടു പറഞ്ഞു: ” ഞാനും അമ്മയുംകൂടി ഇളംപുല്ല് തിന്നാനാണ് ഇവിടെ വന്നത്. പുല്ലു തിന്നുന്നതിനിടയിൽ ഞാൻ കുറച്ച് വെള്ളം കുടിക്കാനായി പോയി. തിരിച്ചുവന്നപ്പോൾ അമ്മയെക്കണ്ടില്ല. വീണ്ടും അവൾ കരയാൻ തുടങ്ങി.

“മോള് കരയേണ്ട കേട്ടോ, നിൻ്റെ അമ്മയെ നമുക്കു എത്രയും പെട്ടെന്ന് കണ്ടുപിടിക്കാം” പുലിയമ്മ പുള്ളിമാൻ കുഞ്ഞിനെ സമാധാനിപ്പിച്ചു. അപ്പോഴാണ് ഒരു സിംഹത്തിൻ്റെ കാൽപ്പാടുകൾ പുലിയമ്മ കണ്ടത്. മാൻകുഞ്ഞിൻ്റെ അമ്മയെ സിംഹം പിടികൂടിയതാണെന്ന് പുലിയമ്മയ്ക്കു മനസ്സിലായി. ഒട്ടും വൈകാതെ പുലിയമ്മ അവളേയുംകൂട്ടി തൻ്റെ വീട്ടിലേക്ക് പോയി.എന്നിട്ട് മക്കളോട് പറഞ്ഞു,

“ഇരയുംതേടി പോകും വഴിയേ
ഇവളുടെ മുമ്പിൽ ചെന്നെത്തി
ആരും നോക്കാനില്ലാത്തിവളെ നമ്മോടൊപ്പം കൂട്ടേണം”

അതുകേട്ട് അവളുടെ മക്കളിൽ ഒരാൾ ചോദിച്ചു.

“പുലികളായ നമ്മുടെ കൂടെ ഇതിനെ എങ്ങിനെ കൂട്ടും.”

” ദൈവത്തിന്റെ മുമ്പിൽ മാനും പുലിയും എല്ലാം തുല്യരാണ്. മനസ്സിൽ നന്മയുള്ളവർ സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങളും ഈ പുള്ളിമാൻ കുഞ്ഞിനെ സ്വന്തം അനുജത്തിയായി കാണുക.”!

പുലിയമ്മയുടെ വാക്കുകൾ കേട്ട മക്കൾ പുള്ളിമാൻകുഞ്ഞിനെ തങ്ങളുടെ സ്വന്തം അനുജത്തിയായി കരുതി. സന്തോഷത്തോടെ അവർ ഒന്നിച്ച് ജീവിക്കുകയും ചെയ്തു.

🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯

നല്ല പുലിയമ്മ. കാട്ടിലെ മാൻകുട്ടിയെ സ്വന്തം കുഞ്ഞിനെപ്പോലെ കാത്ത നല്ല അമ്മ. നല്ലകഥ . അമ്മപ്പുലിയേയും കുഞ്ഞുങ്ങളെയും പോലെ നമുക്കും എല്ലാവരെയും സഹോദരങ്ങളായി കാണാനാവണം.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഈ നല്ല കുഞ്ഞിക്കഥയ്ക്കു ശേഷം ഒരു കൊച്ചു കവിതയുമായി എത്തുന്നത് ശ്രീ.സുരേന്ദ്രൻ എഴുപുന്ന യാണ്.

എറണാകുളം ജില്ലയിലെ മറുവാക്കാട് എന്ന കടലോര ഗ്രാമമാണ് സുരേന്ദ്രൻ സാറിൻ്റെ സ്വദേശം. ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ സ്ഥിര താമസം. അധ്യാപകൻ. ബി.ആർ.സി. ട്രയ്നർ ,അധ്യാപക പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.. വിരമിച്ച ശേഷം ലേബർ ഇൻഡ്യയുടെ വിദ്യാഭ്യാസഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്തു.ഇപ്പോൾ സ്റ്റുഡൻ്റ്സ് ഇന്ത്യ വിദ്യാഭ്യാസമാസികയുടെ എഡിറ്റോറിയൽ വിഭാഗത്തിലും കില റിസോഴ്സ് ഗ്രൂപ്പിലും അംഗമാണ്. നിരവധി നാടകങ്ങളുടെ കർത്താവും സംവിധായകനും. ബാലപ്രസിദ്ധീകരണങ്ങളിൽ കഥകളും കുട്ടിക്കവിതകളും എഴുതിവരുന്നു.

സുരേന്ദ്രൻ എഴുപുന്ന സാറിന്റെ കവിത:
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

നേട്ടങ്ങൾ

ഒത്തിരിയേറെ ചങ്ങാതികളെ
കിട്ടിയതെങ്ങനെ പറയാമോ?

ചുണ്ടിൽ വിരിയും പുഞ്ചിരി കണ്ട്
അടുത്തു വന്നവരവരെല്ലാം.

പുത്തനറിവുകൾ നേടാനായി –
ട്ടെന്താ ചെയ്തതു ചങ്ങാതി?

ഒത്തിരി ചോദിച്ചൊത്തിരിവായി-
ച്ചൊത്തിരിയറിവുകൾ നേടീ ഞാൻ.

ഒത്തിരി നേട്ടം കൊയ്യാനായി – ട്ടെന്താ
ചെയ്തത് ചങ്ങാതി ?

അച്ഛനുമമ്മയും അധ്യാപകരും
ചൊന്നതുപോലെ ചെയ്തു ഞാൻ!
——————————————————

സുരേന്ദ്രൻ എഴുപുന്നയുടെ കവിത ഇഷ്ടമായല്ലോ. അച്ഛനമ്മമാരും അധ്യാപകരും പറഞ്ഞതു കേട്ടു നടന്നാൽ നമുക്ക് വിജയമുണ്ടാകും എന്നത് തീർച്ചയാണ്.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

ഇനിയൊരു കുഞ്ഞുകഥയുമായി ഒരു മാമനെത്തുന്നു.  നാടക കലാകാരനായ ശ്രീ.എം.എസ്.ജബ്ബാർ കുട്ടികൾക്കു വേണ്ടി എഴുതിയ ഒരു കുഞ്ഞു കഥ.

ആലുവ സ്വദേശിയായ ജബ്ബാറിന്റെ പിതാവ് ആദ്യകാല ചലച്ചിത്രനടനും കഥാകൃത്തുമായ എസ്.എ.ഫരീദ് ആണ്. ഓതേഴ്സ് ബുക്സ് പ്രസിദ്ധീകരിച്ച അഗതിമന്ദിരത്തിലെ അതിഥിയാണ് ആദ്യകൃതി.

ക്രിസ്മസ് കഥകൾ (ബാലസാഹിത്യം ), ഒന്നരദൈവം, നാണിയമ്മയുടെ മുലപ്പാൽ, ഇസ്രായേൽ (നാടക സമാഹാരം) എന്നിവയാണ് രചനകൾ.
ഏറ്റുമാനൂർ കാവ്യവേദിയുടെ കഥാപുരസ്കാരം ലഭിച്ചിട്ടുണ്ട്.,.

നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള
ശ്രീ. എസ്. എഫ്.ജബ്ബാർ കുട്ടികളുടെ നാടകവേദിയിൽ സജീവമാണ്. അക്ഷരവെളിച്ചം കൾച്ചറൽ സൊസൈറ്റി, തമ്പ് ചിൽഡ്രൻസ് തിയറ്റർ എന്നിവയുടെ സംഘാടകനുമാണ്. കോട്ടയം ഈരാറ്റുപേട്ടയിൽ പുതിയ വീടിൻ്റെ പണിത്തിരക്കിലാണദ്ദേഹമിപ്പോൾ.

ശ്രീ.ജബ്ബാർ സാറിന്റെ കഥയാണ് അടുത്ത വിഭവം.

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

അണ്ണാറക്കണ്ണൻ

പണ്ടൊരു വനത്തിൽ ഒരു അണ്ണാറക്കണ്ണൻ താമസിച്ചിരുന്നു ഏതു കാര്യത്തിലും ചിന്തിച്ച് ഉത്തരം കണ്ടെത്താൻ അവൻ മിടുക്കനായിരുന്നു. വിമർശനാത്മക ചിന്തയാണ് ഏത് പ്രശ്നത്തിനു പരിഹാരം കാണാനുള്ള താക്കോലെന്ന് അണ്ണാറക്കണ്ണന് അറിയാമായിരുന്നു.

അങ്ങനെയിരിയെ ഒരു ദിവസം, ഒരു മരത്തിനു ചുവട്ടിൽ കാട്ടിലെ മൃഗങ്ങൾ ഒത്തുകൂടിയിരിക്കുന്നത് അവൻ കണ്ടു. എന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ അണ്ണാറക്കണ്ണനും കൂട്ടത്തിലൊരാളായി മാറി.

രാത്രികാലങ്ങളിൽ ഇതുവരെ കേൾക്കാത്ത നിഗൂഢമായ ശബ്ദം കേൾക്കുന്നതിനെക്കുറിച്ച് മൃഗങ്ങൾ ചർച്ച ചെയ്യുകയായിരുന്നു.

ഒടുവിൽ കാട്ടിൽ പതിയിരിക്കുന്ന രാക്ഷസൻ്റെ ശബ്ദമാണതെന്ന് അവർ വിശ്വസിച്ചു.

അണ്ണാറക്കണ്ണൻ അതു മുഖവിലയ്ക്കെടുക്കാതെ വിഷയം സ്വയം അന്വേഷിക്കാൻ തീരുമാനിച്ചു.

കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനായി, അണ്ണാറക്കണ്ണൻ രാത്രിയിൽ കേട്ട ശബ്ദം വിശദമായി വിവരിക്കാൻ മൃഗങ്ങളോട് ആവശ്യപ്പെട്ടു.എല്ലാ ശബ്ദങ്ങളും ശേഖരിച്ച ശേഷം അണ്ണാറക്കണ്ണൻ വിശകലനം ചെയ്യാൻ ആരംഭിച്ചു.

അതു കാട്ടിൽ തന്നെയുള്ള ഏതെങ്കിലും മൃഗത്തിൽ നിന്ന് പ്രത്യേകസാഹചര്യത്തിലുണ്ടായ പ്രതികരണമോ ശക്തമായ കാ റ്റോ അല്ലെങ്കിൽ മരക്കൊമ്പ് കാറ്റിൽ ഉലയുന്നതോ ആയിരിക്കുമെന്നു അവനു തോന്നി.

ഒടുവിൽ ശരിയായ തീരുമാനമെടുക്കാൻ, സത്യം കണ്ടെത്തി തെളിവുകൾ ശേഖരിക്കാൻ അണ്ണാറക്കണ്ണൻ തയ്യാറെടുത്തു.അങ്ങ നെ ശബ്ദം കേട്ടപ്രദേശം അവൻ പരിശോധിച്ചു,

ചില ഒടിഞ്ഞ കൊമ്പുകളും കാൽപ്പാടുകളും അവൻ കണ്ടെത്തി. അത് വനത്തിൽ രാത്രി സഞ്ചരിക്കുന്ന ഏതെങ്കിലും മൃഗമോ രാക്ഷസനോ ആകാമെന്നു സംശയിച്ചു.

അതിനു ശേഷം അണ്ണാറക്കണ്ണൻ വിമർശനാത്മക ചിന്താശേഷി ഉപയോഗിച്ച് ഒരു പദ്ധതി ആവിഷ്കരിച്ചു.

രാത്രിയിലെ ഏത് ചലനവും കണ്ണുകളിൽ പകർത്താൻ ഒരു മരത്തിനു സമീപം അണ്ണാറക്കണ്ണൻ പതുങ്ങിയിരിക്കാൻ തീരുമാനിച്ചു.

അന്ന് അർദ്ധരാത്രി അവൻ ആകാംക്ഷയോടെ കണ്ട ദൃശ്യങ്ങൾ അവനെ അത്ഭുതപ്പെടുത്തി. എവിടെ നിന്നോ എത്തുന്ന പുഴുക്കളെപ്പോലുള്ള ഒരു പറ്റം ജീവികൾ ഭക്ഷണത്തിനായി വലിയ അക്ഷയപാത്രമരത്തിലേക്കു കയറുന്നതാണ് ശബ്ദത്തിൻ്റെ കാരണമെന്നു അണ്ണാറക്കണ്ണൻ തിരിച്ചറിഞ്ഞു.

പിറ്റേദിവസം കാട്ടിലെ മൃഗങ്ങളെ വിളിച്ചു കൂട്ടി അണ്ണാറക്കണ്ണൻ തന്റെ കണ്ടെത്തലുകൾ പങ്കിട്ടു.

അജ്ഞാതശബ്ദം കാട്ടിൽ പതിയിരിക്കുന്ന രാക്ഷസൻ്റേയോ പുതിയ മൃഗങ്ങളുടെയോ അല്ലെന്നറിഞ്ഞ് ആശ്വസിച്ച മൃഗങ്ങൾ അജ്ഞാത ശബ്ദത്തിൻ്റെ രഹസ്യം കണ്ടെത്തിയ അണ്ണാറക്കണ്ണ നോടു നന്ദി പറഞ്ഞു.

വിമർശനാത്മക ചിന്തയുടെ പ്രാധാന്യം അണ്ണാറക്കണ്ണൻ മറ്റ് മൃഗങ്ങളെ പഠിപ്പിക്കുകയും തുറന്ന മനസ്സോടെ വെല്ലുവിളികളെ സമീപിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ചോദ്യങ്ങൾ ചോദിക്കുക, വിവരങ്ങൾ ശേഖരിക്കുക, സാധ്യതകൾ വിശകലനം ചെയ്യുക, നിഗമനങ്ങളിൽ എത്തുന്നതിന് മുമ്പ് തെളിവുകൾ കണ്ടെത്തുക എന്നിവയാണ് വിമർശനാത്മക ചിന്തയെന്ന് അണ്ണാറക്കണ്ണൻ അവരെ ഓർമ്മിപ്പിച്ചു.

അങ്ങനെയാണ് നിഗൂഢതകളും പ്രശ്‌നങ്ങളും പരിഹരിക്കുന്ന അണ്ണാറക്കണ്ണൻ കാട്ടിലെ മൃഗങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയത്.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

നല്ല കഥ. എന്തെങ്കിലും പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകമ്പോൾ അത് പരിഹരിക്കേണ്ടതെങ്ങനെ എന്നതിന് ഒരു ഉദാഹരണമാണ് ഈ കഥ.

—————————————————————

അടുത്തത് ഒരു കവിയാണ്. കവിത പാടി വരുന്നത് ഹേമ ആനന്ദ് എന്ന അധ്യാപികയാണ്.
തൃശ്ശൂർ ജില്ലയിലെ പാർളിക്കാട് ജനിച്ച ഹേമ ആനന്ദ് ഇപ്പോൾ മലപ്പുറം ജില്ലയിലെ പൂങ്ങോടെന്ന ഗ്രാമത്തിലെ മരുമകളാണ്.

വാണിയമ്പലം ഹൈസ്കൂളിലും നിലമ്പൂർ ലിറ്റിൽഫ്ലവർ ഹൈസ്കൂളിലുമായി വർഷങ്ങളോളം IT Teacher.. ആയും പിന്നീട് വാണിയമ്പലം St.Francis school ൽ Science Teacher ആയി ജോലി ചെയ്തു. .. ചില സാഹചര്യങ്ങളാൽ ജോലി വേണ്ടെന്നുവയ്ക്കേണ്ടിവന്നു.

കുട്ടികൾക്ക് അക്ഷരപ്പാട്ടുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ശ്രീ. ABV കാവിൽപ്പാട് മാഷിന്റെ നേതൃത്വത്തിലിറങ്ങിയ ബാലകവിതാസമാഹാരങ്ങളിലും ആകാശവാണിയിലും ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില നവീനവൃത്തങ്ങൾ ചിട്ടപ്പെടുത്തി.. നിത്യവും പ്രത്യൂഷകീർത്തനവും സന്ധ്യാവന്ദനവും എഴുതാറുള്ള ഹേമ ടീച്ചർ പാടി വരുന്ന കവിത കേട്ടാലോ !

🌵🌵🌵🌵🌵🌵🌵🌵🌵🌵🌵

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

കുട്ടിയും പൂവാലനും

മുറ്റത്തു നിക്കണ മാവിൻ്റെ കൊമ്പത്ത്
ഒറ്റയ്ക്കിരിക്കണ പൂവാലാ!

മാമ്പഴമില്ലാത്ത കാലത്തിലിങ്ങനെ
വീമ്പു പറയുന്നതെന്താണ്?

ഓടിത്തളർന്ന നിൻകുമ്പ
നിറയ്ക്കുവാൻ
ചൂടുള്ള പാലു തരാമല്ലോ.

നാളെയുമിങ്ങു നീ വന്നെത്തിയാൽ നല്ല
ചെങ്കദളിപ്പഴം നൽകാം ഞാൻ.

➿➿➿➿➿➿➿➿➿➿➿

കഥകളും കവിതകളുലെല്ലാം നിങ്ങൾക്ക് ഇഷ്ടമായില്ലേ? എല്ലാം രസകരങ്ങൾ തന്നെ. ഇനി പുതിയ സാഹിത്യകാരന്മാരും പുതിയ വിഭവങ്ങളുമായി നമുക്ക് അടുത്ത ആഴ്ചയിൽ ഒരുമിച്ചു കൂടാം.

സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments