കോട്ടയം: പ്രഭാഷണത്തിലൂടെ, എഴുത്തിലൂടെ, അധ്യാപനത്തിലൂടെ, ദൈവീക ശുശ്രൂഷയിലൂടെ അനേകരുടെ മനസ്സുകളിൽ സുവ്യക്തമായ സ്വാധീനം ചെലുത്തിയ മലങ്കരസഭ ‘ഗുരു രത്നം’ ഫാ. ടി ജെ ജോഷ്വാച്ചൻ (95) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനിച്ച അദ്ദേഹം, കോന്നിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കി. ആലുവ യുസി കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിഎ, കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ബിരുദം, ജറുസലമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപഠനം.
1956ലാണ് ഫാ.ടി.ജെ.ജോഷ്വാ വൈദികൻ ആയത്. എന്നാൽ അതിനും മുൻപ് 1954ൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകനായി പ്രവേശിച്ചു. 2017ലാണ് അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചത്. 6 പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന ജീവിതത്തിൽ പഠിപ്പിച്ചവരിൽ കാതോലിക്കാ ബാവാമാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടും. മെത്രാന്മാരുടെയും വൈദികരുടെയും ഗുരുവായ ജോഷ്വാ അച്ചൻ അങ്ങനെ ഗുരുക്കന്മാരുടെ ഗുരുവായി. മലങ്കര ഓർത്തഡോക്സ് സഭ ‘ഗുരുരത്നം’ ബഹുമതിയും അച്ചനു നൽകി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവായുടെയും ഗുരുവാണ് ജോഷ്വാ അച്ചൻ. കാലം ചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ തുടങ്ങി ഇതര സഭാ അധ്യക്ഷന്മാരുമായും സൗഹൃദം സൂക്ഷിച്ചിരുന്നു.
64 വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള അച്ചൻ, 65 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു. മുടക്കമില്ലാതെ 31 വർഷത്തോളം മനോരമയിൽ ഞായറാഴ്ചതോറും പ്രസിദ്ധീകരിച്ച ഇന്നത്തെ ചിന്താവിഷയം, പിന്നീട് 14 വാല്യങ്ങളുള്ള പുസ്തകവുമായി പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആരോഗ്യവകുപ്പിൽ ഡയറക്ടർ ആയിരുന്ന ഭാര്യ മറിയാമ്മ 2007ൽ വാഹന അപകടത്തിൽ മരിച്ചു. അമേരിക്കയിൽ പ്രഫസറായ ഡോ. റോയി, ഗൈനക്കോളജിസ്‌റ്റ് ഡോ. രേണു എന്നിവരാണു മക്കൾ. കുറിച്ചി മന്ദിരം കവലയ്ക്കു സമീപമുള്ള വീട്ടിലായിരുന്നു താമസം.
സംസ്ക്കാരം പിന്നീട്.