പത്തനംതിട്ട — പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വനിതകളെ ചേര്‍ത്ത് പിടിക്കുന്നതിനും അവര്‍ക്ക് ധൈര്യം നല്‍കുന്നതിനും നീതി നിര്‍വഹണം ഉറപ്പുവരുത്തുന്നതിനും വനിതാ കമ്മിഷനു സാധിച്ചിട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈ എം സി എ ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
സ്ത്രീകളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ സാധിക്കുന്നുണ്ട്. കുടുംബപ്രശ്നങ്ങളും അയല്‍വക്ക പ്രശ്നങ്ങളും പരസ്പരം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍ തുടങ്ങിയവയാണ് അദാലത്തില്‍ ഏറെയും ലഭിച്ചത്. ആകെ 63 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 14 പരാതികള്‍ തീര്‍പ്പാക്കി.42 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അഞ്ചു പരാതികള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും രണ്ടു പരാതികള്‍ ജാഗ്രതാ സമിതിക്കും കൈമാറി.
പാനല്‍ അഭിഭാഷകരായ അഡ്വ. എസ്. സബീന, അഡ്വ.എസ്. സീമ, കൗണ്‍സലര്‍മാരായ ഡാലിയ, തെരേസ, വനിതാസെല്‍ പോലീസ് ഉദ്യോഗസ്ഥരായ സുബി, അജിത എന്നിവര്‍ പങ്കെടുത്തു.