Logo Below Image
Tuesday, August 19, 2025
Logo Below Image
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ

🔹ലോക മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 21-ാം ദേശീയ കൺവൻഷനിൽ വിശ്വപൗരന്‍ ഡോ. ശശി തരൂർ പങ്കെടുക്കും. ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കാൻ സന്തോഷമേയുള്ളുവെന്ന് ഡോ. ശശി തരൂർ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ അറിയിച്ചു.

🔹ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) അതിന്റെ എട്ടാമത് അന്തര്‍ദേശീയ കണ്‍‌വന്‍ഷന്‍ തിയ്യതിയും വേദിയും പ്രഖ്യാപിച്ചു. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അതിവിപുലമായ രീതിയില്‍, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് “ഓൾ ഇൻക്ലൂസീവ്” ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ വെച്ച് ഇങ്ങനെയൊരു കണ്‍‌വന്‍ഷന്‍ നടത്തുന്നത്. 2024 ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെയാണ് കണ്‍‌വന്‍ഷന്‍.

🔹ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിഡിസംബർ മുപ്പതാംതീയതി ശനിയാഴ്ച 6 മണിക്ക് സിറോ മലബാർ കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.. വ്യക്തി ജീവിതത്തിലെ വിവിധ വശങ്ങളിലൂടെയുള്ള കാര്യങ്ങളെ അപഗ്രഥിച്ച് വളരെ അർത്ഥവത്തായ ക്രിസ്മസ് സന്ദേശം നൽകി.

🔹പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ രണ്ടാം ചരമ വാർഷീകത്തോടനുബന്ധിച്ചു പ്രവാസി മലയാളി ഫെഡറേഷൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമയം ജനുവരി 14 രാവിലെ 10 മണിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ . ചെയര്മാന് ഡോ ജോസ് കാനാട്ട് അദ്ധ്യക്ഷതവഹിക്കും.

🔹ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്‍, യുവജനങ്ങളുടെ പ്രതിനിധിയായി ഒരു യുവകൈക്കാരന്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേര്‍, സണ്ടേസ്‌കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാരീഷ് കൗണ്‍സില്‍.

🔹മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്ന് ഭക്തരുടെ ശരണംവിളികളോടെ പുറപ്പെട്ടു. ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ 15 ന് വൈകുന്നേരം സന്നിധാനത്ത് എത്തും.

🔹റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്. റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചതാണു കാരണം. നൂറുകോടി രൂപ കുടിശികയുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

🔹സംസ്ഥാനത്ത് നാലര ലക്ഷം ഡ്രൈവിംഗ് ലൈസന്‍സും ആര്‍സി ബുക്കും വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഒരു ആര്‍ടി ഓഫീസില്‍നിന്ന് ഒരു ദിവസം ഇരുപതിലേറെ പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലേണേഴ്സ് പരീക്ഷയ്ക്കു 30 ചോദ്യങ്ങള്‍ ഉള്‍പെടുത്തുമെന്നും 25 എണ്ണത്തിനു ശരിയുത്തരം നല്‍കുന്നവരെ മാത്രമേ പാസാക്കൂവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 20 ചോദ്യങ്ങളില്‍ 12 ശരിയുത്തരം നല്‍കിയാല്‍ പാസാകും.

🔹കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ നാളെ മണിപ്പൂരില്‍നിന്ന് ആരംഭിക്കും. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും. മഹാരാഷ്ട്രയിലാണു സമാപനം. 66 ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ നീളുന്ന യാത്ര ബസിലാണ്. പലയിടങ്ങളില്‍ നടന്നും മറ്റ് വാഹനങ്ങളിലും രാഹുല്‍ സഞ്ചരിക്കും.

🔹വടകര കുഞ്ഞിപ്പള്ളിയില്‍ കടമുറിയില്‍ കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്നു സംശയം. മുറിയില്‍നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കൊയിലാണ്ടി സ്വദേശിയുടേതാണ്. ഇയാളെ കുറിച്ച് ഏറെ നാളായി വിവരമൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.

🔹മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയോഗിച്ചു. നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

🔹ദമ്പതികള്‍ തമ്മിലുള്ള വഴക്കു തീര്‍ക്കാനുള്ള മധ്യസ്ഥ ചര്‍ച്ചക്കിടെ മര്‍ദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേല്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. യുവതിയുടെ ബന്ധുക്കളായ തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

🔹കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം(25) അന്തരിച്ചു. കാനഡയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സാന്ദ്ര സലീമിന് കാന്‍സര്‍ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തി ചികില്‍സ നടത്തിവരികയായിരുന്നു.

🔹ക്രിപ്റ്റോ കറന്‍സി ഓണ്‍ലൈന്‍ മണി ചെയിന്‍ തട്ടിപ്പിലൂടെ ഒന്നര കോടി രൂപ കൈക്കലാക്കിയെന്ന കേസില്‍ കല്ലേപ്പുള്ളി സ്വദേശി മിഥുന്‍ ദാസിനെ പാലക്കാട് സൗത്ത് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. മെറ്റഫോഴ്സ് ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി എന്ന പേരില്‍ പൊതുജനങ്ങളില്‍നിന്നു ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

🔹തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കോഴിക്കോട് കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവിലാണു ഡ്രൈവിംഗ് സീറ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57)ആണ് മരിച്ചത്.

🔹പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭാ അത്രെ പൂനെയില്‍ അന്തരിച്ചു. 92 വയസായിരുന്നു.

🔹മൃതദേഹവുമായുള്ള ആംബുലന്‍സ് കുഴിയില്‍ ചാടിയതോടെ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ എണ്‍പതുകാരന്‍ ചാടിയെണീറ്റു. ഹരിയാനയിലാണ് സംഭവം. ദര്‍ശന്‍ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി ജീവന്‍ തിരിച്ചു നല്‍കിയത്. പട്യാലയിലെ ആശുപത്രിയില്‍ നിന്ന് കര്‍ണലിനടുത്തുള്ള വീട്ടിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു ‘പുനര്‍ജന്മം’.

🔹അമേരിക്കയില്‍ അതിശൈത്യം. 12 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം വിമാന സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കി. 5846 വിമാനങ്ങൾ വൈകിയെന്നും റിപ്പോര്‍ട്ടുണ്ട്.

🔹ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ളത് ഇന്ത്യന്‍ കുടുംബങ്ങളിലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 വര്‍ഷത്തില്‍ 13,000 ടണ്‍ വരെയായിരുന്നു ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണനിക്ഷേപം. 2023ല്‍ ഇത് 25,000 ടണ്ണായി വര്‍ധിച്ചു. ഇന്ത്യയിലെ സ്വര്‍ണനിക്ഷേപത്തിന്റെ മൂല്യം കണക്കാക്കിയാല്‍ ജി.ഡി.പിയുടെ 40 ശതമാനം വരുമത്. സ്വര്‍ണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഒന്നാണ്. വിവാഹങ്ങളിലും ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം കൂടിയേ തീരു. രാജ്യത്തെ സ്ത്രീകളും വ്യാപകമായി സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. ഇതിനുമെല്ലാം അപ്പുറം ഇന്ത്യക്കാരന്റെ സുരക്ഷിത നിക്ഷേപം കൂടിയാണ് സ്വര്‍ണം.

.🔹ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസര്‍ പുറത്ത്. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി ആണ് നിര്‍മ്മിക്കുന്നത്.

🔹ബിജു മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘തുണ്ട്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച്, ഗോപി സുന്ദര്‍ സംഗീതം നല്‍കി പ്രണവം ശശി ആലപിച്ച ‘വാനില്‍ നിന്നും’ എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com