🔹നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ വാൾമാർട്ട് സ്റ്റോറിനുള്ളിൽ മോഷണത്തിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതായി പറയുന്ന മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ നടത്തുന്നു. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ ബൈബെറി റോഡിന്റെ 4300 ബ്ലോക്കിലുള്ള ‘ഫിലഡൽഫിയ മിൽസ് ‘ വാൾമാർട്ടിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കടയിൽ മോഷണം നടത്തിയതിന് രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ടു. പ്രതികൾ ഓടി രക്ഷപ്പെട്ടു. അപ്പോഴാണ് സെക്യൂരിറ്റിക്കാർ 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
🔹പ്രശസ്തമായ നെഞ്ചെരിച്ചിൽ മരുന്നായ സാന്റാക്ക് മൂലമാണ് ക്യാൻസർ ഉണ്ടായതെന്ന് പറയുന്ന പരാതിക്കാരിൽ നിന്ന് ഡെലവെയർ സുപ്പീരിയർ കോടതി ജഡ്ജി തിങ്കളാഴ്ച വാദം കേട്ടു . ജനപ്രിയ ആന്റാസിഡിനെ ചിലതരം കാൻസറുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള രീതികൾ സാധുതയുള്ളതാണോയെന്ന് നിർണ്ണയിക്കാൻ ജഡ്ജിയെ ചുമതലപ്പെടുത്തും. അവ സാധുതയുള്ളതായി കണക്കാക്കിയാൽ മരുന്ന് നിർമ്മാതാക്കൾക്കെതിരായ കേസുകൾ വിചാരണയിലേക്ക് പോകും.
🔹റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള ന്യൂഹാംഷെയർ പ്രൈമറിയിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വിജയം. 55 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. എതിർ സ്ഥാനാർഥി നിക്കി ഹാലിക്ക് 44 ശതമാനം വോട്ട് ലഭിച്ചു. അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
🔹മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് ജനുവരി 21 ഞായറാഴ്ച ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഇടവക വികാരി ഫാ. എബി പൗലോസിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്‌ക്കുശേഷം ഫാമിലി/യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു.
🔹തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ടാഗ്) 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡണ്ട് നബീസ സലീം, വൈസ് പ്രസിഡണ്ട് ധനിഷ ശ്യാം, സെക്രട്ടറി മുജേഷ് കിച്ചേലു, ജോയന്റ് സെക്രട്ടറി ചിന്റു പ്രസാദ്, ട്രഷറർ ലിന്റോ പുന്നേലി, ജോയിൻറ് ട്രഷറർ വിനോദ് രാജശേഖരൻ, യൂത്ത് കോ-ഓർഡിനേറ്റർ അല്ലൻ ജോൺ എന്നിവരാണ്.
🔹ഈ വർഷം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേള 2024 ജനുവരി 18 മുതൽ 28 വരെയാണ് നീണ്ടുനിൽക്കുക. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ നേതൃത്വത്തിലാണ് എല്ലാ വർഷവും ഇവിടെ ഫ്ലവർ ഷോ നടത്തുക. ബാംഗ്ലൂരിന്‍റെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഈ വർഷം നടക്കുന്നത് 215-ാമ് പുഷ്പ ഫല പ്രദർശനം ആണ്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേളയുടെ ഇത്തവണത്തെ തീം 12-ാം നൂറ്റാണ്ടിലെ കവിയും കന്നഡ സാഹിത്യത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനുമായ ബസവണ്ണയുടെ ജീവിതത്തെയും സംഭാവനകളെയും ആണ് പ്രമേയമാക്കിയിരിക്കുന്നത്. ലോകഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്‍റെ കവിതകൾ, ജീവചരിത്രം തുടങ്ങിയവ വ്യത്യസ്തങ്ങളായ പൂക്കളുടെയും അലങ്കാരങ്ങളിലൂടെയും ആശയവിനിമയം നടത്തുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്ലാസ് ഹൗസിൽ മാത്രം ആകെ 13.5 ലക്ഷം കട്ട് ഫ്ലവറുകളും 9 ലക്ഷം പോട്ട് പൂച്ചെടികളും ഉപയോഗിച്ച് തീം ഒരുക്കിയിരിക്കുന്നത്.
🔹കോഴിക്കോട് ചക്കിട്ടപാറയില്‍ പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മൃതദേഹവുമായി കളക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പു സമരം. പിണറായി സര്‍ക്കാര്‍ മരിച്ചിരിക്കുന്നുവെന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.
🔹മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ് എം തോമസും കുടുംബവും കൈവശം വയ്ക്കുന്ന അഞ്ചേമുക്കാല്‍ ഏക്കര്‍ മിച്ചഭൂമി ഒരാഴ്ചയ്ക്കകം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്. വിട്ടു നല്കിയില്ലെങ്കില്‍ തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കണമെന്നും കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.
🔹പ്രശസ്ത കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവല്ലയിലെ മതില്‍ഭാഗം മുറിയായിക്കല്‍ വീട്ടിലായിരുന്നു അന്ത്യം.
🔹സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ‘എന്റെ മെഴുകുതിരിയത്താഴങ്ങള്‍’, ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍.
🔹പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കു നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
🔹മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ കേസില്‍ നാല് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
🔹താമരശേരി ചുരത്തിലെ ആറാം വളവില്‍ ഗതാഗത കുരുക്ക്. കെഎസ്ആര്‍ടിസി ബസ്സും സമീപത്ത് ഒരു ലോറിയും തകരാറിലായി കിടന്നതോടെയാണ് ഗതാഗത കുരുക്കുണ്ടായത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.
🔹ഇടുക്കിയില്‍ പോക്സോ കേസില്‍ പ്രതിക്ക് 31 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പ്രായപൂര്‍ത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്.
🔹എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ തുടരന്വേഷണം നടത്തണമെന്ന് തൃശൂര്‍ എസ്സി എസ്ടി കോടതി. 2017 ജൂലൈ മാസത്തിലാണ് പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് വിനായകന്‍ ആത്മഹത്യ ചെയ്തത്.
🔹പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി പതിനാലുകാരനായ സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി. സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുക്കുകയും കസ്റ്റഡിയിലെക്കുകയും ചെയ്തു. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
🔹ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ 2023ലെ മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഐസിസി തിരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സൂര്യകുമാര്‍ യാദവിനെ തേടി ഈ പുരസ്‌കാരമെത്തുന്നത്.
🔹നടി ഷക്കീല മദ്യപിച്ചശേഷം തന്നെ അടിച്ചപ്പോഴാണ് താന്‍ തിരിച്ചടിച്ചതെന്നു വളര്‍ത്തു മകള്‍ ശീതള്‍. ഷക്കീല എല്ലാ ദിവസവും മദ്യപിക്കും. മദ്യപിച്ചാല്‍ നിസാര കാര്യങ്ങളുടെ പേരില്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു.
🔹കണ്ണൂര്‍ സ്വദേശി ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ പ്രൊഡക്ഷനില്‍ അഭിലാഷ് ജി ദേവന്‍ ആണ് ‘റൂട്ട് നമ്പര്‍ 17’ എന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിത്തന്‍ രമേശ് നായകന്‍ ആകുന്ന ചിത്രത്തില്‍ നായികയായി അഞ്ജു പാണ്ഡ്യയും പ്രതിനായകനായി ഹരീഷ് പേരടിയും എത്തുന്നു. ഔസേപ്പച്ചന്‍ സംഗീത സംവിധാനം ചെയുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും റൂട്ട് നമ്പര്‍ 17 നു ഉണ്ട്. തമിഴ്നാട്ടില്‍ ഇതിനോടകം തന്നെ വിജയം നേടിയ ചിത്രം ജനുവരി 26നു കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. സത്യമംഗലം കാട്ടിലെ പതിറ്റാണ്ടുകാലായി നിരോധിക്കപ്പെട്ട റൂട്ട് നമ്പര്‍ 17 എന്ന പാതയുമായി ബന്ധപെട്ടാണ് കഥ വികസിക്കുന്നത്.