Thursday, December 26, 2024
Homeകഥ/കവിതനീലിമക്കൊരു രാത്രി (കവിത) ✍ജസിയഷാജഹാൻ

നീലിമക്കൊരു രാത്രി (കവിത) ✍ജസിയഷാജഹാൻ

ജസിയഷാജഹാൻ

ഞാനായിരിക്കണം അവളുടെ
കാവൽക്കാരനെന്ന് അവൾ അവസാന
കുറിപ്പിൽ
പറഞ്ഞുവച്ചിരിക്കുന്നു
നീലിമക്കെൻ്റെ ഒരു
രാത്രി വേണം…

പിറന്നപടിയവൾക്ക് പൗർണ്ണമിരാവിൻ്റെ
മടിയിൽ ശയിക്കണമത്രെ!
ഉരുവഴിഞ്ഞ ഉടലിന്റെ
നീലിമകലർന്ന കാമത്തിന്റെ ടാറ്റൂകളെ
പ്രകൃതി ചികിത്സയ്ക്ക്
വിട്ടുകൊടുക്കുമ്പോൾ,
ചില പ്രത്യേക മനുഷ്യ മൃഗങ്ങളെ
ഓർമ്മകളുടെ
ചുഴലികളിലിട്ട് ഒന്നു വട്ടം കറക്കണം…

ചോദനകളഴിഞ്ഞുവീണ..
ആവേഗങ്ങൾ തണുത്തുറഞ്ഞ ..
അവളുടെ നാഡീവ്യൂഹ വ്യവസ്ഥകൾക്ക്
ഒറ്റ സ്പാർക്കിലെങ്കിലും
ഒന്ന് പുനർജനിക്കണം

രാത്രിയുടെ കറുത്തു തഴച്ച
മുടിയിഴകളിൽ നിന്നും
ഒഴുകിയെത്തുന്ന പാലപ്പൂമണമേറ്റ്
മേദിനിയുടെ വക്ഷസ്സിൽ
പറ്റിച്ചേർന്നു കിടന്ന്, ആ
മുലക്കണ്ണുകളിലെ
ചെന്നിനായകം തുടച്ചു നീക്കണം..

ശീതക്കാറ്റാൽ ശമിച്ചു തോർന്ന
ഉഷ്ണങ്ങളിൽ
പഴുത്തിലകളും കരിയില കളും വന്ന്
മൂടണം ..
നക്ഷത്രങ്ങൾ കണ്ണുകൾ ചിമ്മണം..
മുകളിൽ നിന്നും
പുഷ്പവൃഷ്ടി ചൊരിയണം

അങ്ങു ചക്രവാളങ്ങളിലേക്ക് ലയിക്കും
മുമ്പ്..

കോലരക്കുപോലൊട്ടി ക്കിടന്നിരുന്ന
ചില ജീനിയസുകളുടെ പ്രണയാഭ്യർത്ഥനകളെ
ആത്മനിന്ദയിൽ ആഹൂതി ചെയ്ത്
ആത്മബലിയിടണം…

ബാബാ രാംദാസിൻ്റെ
കര സ്പർശം അവളെ
തഴുകുന്നതവളറിയുന്നു..
മൽഹാറിൻ്റെ ഒഴുക്കിൽ
അവൾ മഴയിലലിയുന്നു..
അവളുടെ ചുണ്ടുകൾ ബാഗേശ്രീയിൽ
ഇതേവരെ പാടാത്ത ഒരു ഗാനം മൂളുന്നു
ഭൂമിയുടെ വന്യതകൾ
അവളെ പൊതിയുന്നു
അവളുടെ പ്രണയചഷകം
നുകരുന്നു.

✍ജസിയഷാജഹാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments