മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം. യേശുവിന്റെ സ്നേഹം മാറ്റമില്ലാത്തതാണ്. ഈ ലോകത്തിൽ ആരെല്ലാം വെറുത്താലും, നിന്ദിച്ചാലും ദൈവ സ്നേഹത്തിനൊരു മാറ്റവുമില്ല. യേശുവിന്റെ വരവിൽ പ്രത്യാശ വെയ്ക്കുന്നവരാണ് വിശ്വാസികൾ. അതിനാൽ ഈ ലോകത്തിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെ നടുവിലും ദൈവത്തിന്റെ കരുതലും, കൂട്ടുമുണ്ടാകും.
മരണവും യേശുവിന്റെ രണ്ടാം വരവും
അപ്പോ പ്രവ്യത്തികൾ 1-11
” ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കി നിൽക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.”
‘യേശു വീണ്ടും വരുമോ’ ഈ ചോദ്യം എല്ലാവരുടെയും ഉള്ളിൽ പ്രധാനമായും കേൾക്കുന്നതാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ യേശു സ്വർഗ്ഗത്തിലേയ്ക്ക് പോകുന്നവനായി അവർ കണ്ടതുപോലെ തന്നെ അവൻ വീണ്ടും വരുമെന്നും അപ്പോൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരും, വിശ്വസിച്ചിട്ടു മരിച്ചവരും ആ രണ്ടാം വരവിൽ ഉയിർത്തെഴുന്നേറ്റ് യേശുവിനോടൊപ്പം ചേരുമെന്നും വിശ്വസിക്കുന്നു.
1 തെസ്സലോനിക്യർ 4-13
“സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.”
ഈ ലോകത്തിലെയെല്ലാ മനുഷ്യരും പുനർ ജനനത്തിൽ വിശ്വസിക്കുന്നുണ്ട്. അത് ചിലപ്പോൾ നാൽക്കാലികളൊ, പക്ഷികളോ ആയി പുനർജനിക്കുന്നതെന്ന് വിശ്വസിക്കുന്നു. എന്നാൽ ക്രിസ്തുവിൽ സ്നാനമേറ്റ വ്യക്തികൾക്ക് യേശുവിന്റെ രണ്ടാം വരവിൽ മരിച്ചവർ ക്രിസ്തുവിനോട് കൂടെ ഉയിർത്തെഴുന്നേൽക്കും. അതാണ് ദൈവമക്കൾക്കുള്ള പ്രത്യാശ
1 തെസ്സലൊനീക്യർ 4 : 14
യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
ഒരുവൻ ക്രിസ്തുവിലായൽ അവൻ പുതു സൃഷ്ടിയാണ്. കർത്താവിന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ്. കാണാതെ പോയ കുഞ്ഞാടിനെ തേടിയലഞ്ഞവനാണ് ക്രിസ്തു. കാരണം നഷ്ടപ്പെടുന്ന ഒരു ആത്‍മാവിന്റെ വില അത്രത്തോളം ദൈവം കൊടുത്തു. ഒരാളുപോലും ദൈവ സന്നിധിയിൽ നിന്ന് തെറ്റിപ്പോകാതെ കാത്തുപാലിക്കും.
1 തെസ്സലൊനീക്യർ 4 : 15
കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
1 തെസ്സലൊനീക്യർ 4 : 16
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
1 തെസ്സലൊനീക്യർ 4 : 17
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
അതിനാൽ പ്രിയരേ മരിച്ചവരെക്കുറിച്ചോർത്തു ഭാരപ്പെടാതെ സന്തോഷത്തോടെയിരിക്കാം. കാരണം മരണപ്പെട്ടവർ കർത്താവിന്റെ സന്നിധിയിൽ വാഴുന്നു. നാമും അവരോട് കൂടെ ദൈവ സന്നിധിയിലെത്തുമെന്നും ഒരു നാൾ മുഖാമുഖം കാണാമെന്നുള്ള പ്രത്യാശയുമാണ് നമ്മുടെ ബലം. അതുകൊണ്ട് സകല ഭാരങ്ങളും കർത്താവിന്റെ കൈകളിൽ ഏൽപ്പിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ഈ ഭൂമിയിലെ പ്രവാസ ജീവിതം ജീവിക്കാം. എല്ലാവരെയും യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ