പ്രകൃതിയിൽ എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ അതിന്റെ സൂചന ജീവജാലങ്ങൾക്കു കിട്ടും എന്നുള്ളതാണ് സത്യം. മനുഷ്യർ അത്രയും മനസ്സിലാക്കണമെന്നില്ല. കാക്കകൾ കരഞ്ഞു നടക്കുന്നതും കിളികൾ പാറിപ്പറന്നു പോകുന്നതും, പട്ടികൾ ഓലിയിടുന്നതും പശുക്കൾ അകാരണമായി കരയുന്നതും പ്രകൃതി ദുരന്തത്തിന്റെ സൂചനയാണ്. നമ്മൾ ഇതു ശ്രദ്ധിക്കാറില്ല എന്നു മാത്രം.
ചൂടു മൂലം ചുട്ടുപൊള്ളുന്ന മനുഷ്യർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ഏതുവിധേനയെങ്കിലും ഒന്നു മഴ പെയ്താൽ മതി എന്നു പ്രാർത്ഥിച്ചിരിക്കുന്ന സമയം !ആകാശം മേഘാവൃതമായി, മഴ പെയ്യാനായി എല്ലാവരും കൊതിച്ചിരിന്നു. ആകാശത്തേക്കു നോക്കി പ്രാർത്ഥിക്കും
“ഭഗവാനെ ഒരു മഴ പെയ്തെങ്കിലും ഭൂമിയിലുള്ള ജീവജാലങ്ങളെ
ജീവിക്കാനനുവദിക്കൂ ”
വേഴാമ്പലും ഇത്തിരി നീരിനു വേണ്ടി ആകാശം നോക്കി കരയും ആ കരച്ചിൽ, വൻമരക്കൂട്ടങ്ങളുടെ ഇടയിൽ തട്ടി കാടുമുഴുവൻ പ്രകമ്പനം കൊളളും കരച്ചിൽ ദേവലോകം വരെ എത്തും.
ദേവലോകവും ഉറ്റുനോക്കിയിരിക്കുകയാണ്. അവർക്കും അവിടേയും ഇരിക്കപ്പൊറുതി ഇല്ലായിരിന്നു. ചൂടു സഹിക്കാൻ വയ്യാതെ ദേവന്മാരും ഓടിനടക്കുകയായിരിന്നു. വരുണ ദേവൻ പ്രസാദിക്കാതെ മഴ പെയ്യില്ലല്ലൊ!
ദേവലോകത്തും കുത്തിത്തിരിപ്പ് ഉണ്ടാകും
ദേവേന്ദ്രൻ വിചാരിക്കും ഞാനാണ് വലുതെന്ന്. മറ്റുളളവർക്കു സഹിക്കുമോ ?
ദേവേന്ദ്രന് ആനപ്പുറത്തു നിന്നിറങ്ങാൻ നേരമില്ല ഓരോരുത്തരെ ഓരോ ജോലി ഏല്പിച്ചിരിക്കയാണ് നമ്മുടെയൊക്കെ മന്ത്രിസഭ പോലെ ! വരുണ ദേവനാണ് ജലസേചനം. അദ്ദേഹം കലികയറി ഇരിക്കുകയായിരുന്നു
“എന്നിലും മുകളിൽ ദേവേന്ദ്രൻ കയറി ഇരിക്കേണ്ട വെള്ളം കിട്ടാതെ പാഞ്ഞു നടക്കട്ടെ ആനപ്പുറത്തു നിന്നും ഇറങ്ങാൻ നേരമില്ലല്ലൊ! ഞാൻ കാണിച്ചു തരാം ”
വരുണ ദേവന് കലിയിളകി വരുണൻ പ്രസാദിച്ചില്ല.
ദേവലോകം ചൂടുകൊണ്ട് വെന്തുരൂകി ദേവേന്ദ്രന് ആനപ്പുറത്ത് ഇരിക്കാൻ പറ്റാതായി അപ്പോഴാണ് ഭൂമിയിലെ പ്രാർത്ഥന കേൾക്കുന്നത് ! മനുഷ്യരുടെ പ്രാർത്ഥന കേട്ടു. വരുണൻ കലി പൂണ്ടിരിക്കുന്ന സമയമായിരുന്നു. ആ ദേഷ്യം മുഴുവൻ ആകാശത്ത് കാർമേഘപടലങ്ങൾ സൃഷ്ടിച്ചു. നീലമേഘം കറുത്തിരുണ്ടു ഭൂമിയിലും ഇരുൾ വ്യാപിച്ചു നട്ടുച്ച സമയം എന്തൊ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ! പ്രകൃതിയ്ക്ക് ആകെ ഒരു ഭാവ വ്യത്യാസം നാടു നടുങ്ങുമാറുച്ചത്തിൽ വെള്ളിടി ഒന്നു വെട്ടി.നാടുവിറച്ചു കാടുവിച്ചു വന്മരങ്ങൾ കാറ്റിലാടി പട്ടികളെല്ലാം ഓലിയിട്ടു, പശുക്കൾ തന്റെ കിടാങ്ങളെ ഉച്ചത്തിൽ വിളിച്ചു.കിളികളെല്ലാം കൂടണയാൻ വേണ്ടി പറന്നു നടന്നു എന്തോ ദുരന്തത്തിന്റെ സൂചന അവർക്കും കിട്ടി.
സൂര്യനെ ആരോ മറച്ചുവച്ചു. പുറത്തുകടക്കാൻ വയ്യാതെ സൂര്യനും തേങ്ങി അതൊരു കണ്ണീർമഴയായി. പിന്നത്തെ കാര്യം പറയണോ ?ആ മഴത്തുള്ളികൾ താണ്ഡവമാടിത്തിമിർത്തു അതിശക്തമായ കാറ്റ് കടൽത്തിരമാലകൾ ആർത്തലച്ച് കരയെ വാരിപ്പുണരാനോടിയെത്തി വള്ളം മറിഞ്ഞ് ആളുകൾ ഒഴുകി നടന്നു. കുറച്ചുപേർ മുറിയിൽ കയറി പേടിച്ച് വിറച്ചു വാതിലടച്ചിരുന്നു.
വരുണ ദേവന്റെ കലി അടങ്ങാനായി അടുത്ത വീട്ടിലെ അപ്പുപ്പൻ ഒരു കൊരണ്ടിപ്പലക മുറ്റത്തേക്കു വലിച്ചെറിഞ്ഞു.വരുണ ദേവനുണ്ടോ അടങ്ങുന്നു അപ്പുപ്പൻ വിചാരിച്ചു,പലക ഇട്ടുകൊടുത്താൽ ദേവൻ ശാന്തനായി ഇരുന്നു കൊള്ളുമെന്ന് ! പക്ഷേ ദേവനുണ്ടോ ശാന്തനാകുന്നു. നാടും നഗരവും മുക്കിയിട്ടേ ദേവൻ അടങ്ങിയുള്ളു കലി മുഴുവൻ ഭൂമിയിലേയ്ക്കു തീർത്തു. തത്തമ്മ കൂട്ടിൽ കിടന്ന് ചിറകടിച്ച് കാറിക്കരഞ്ഞു. എന്തോ അപകടം വരുന്നെന്ന സൂചന അവൾക്കു കിട്ടി. തോടും കുളവും ഒരു പോലായി ആളുകൾക്ക് നില്ക്കാനിടമില്ലാതെ വെള്ളത്തിലൂടെ ഒഴുകി നടന്നു. ഓർക്കാപ്പുറത്തൊരു ദുരന്തം വന്നത് മനുഷ്യർ അറിഞ്ഞില്ല പക്ഷെ ജീവജാലങ്ങൾക്ക് മുന്നറിയിപ്പു കിട്ടി. ഇന്നും ആദിനം ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടാറുണ്ട്.
വയനാടുദുരന്തവും ഒറ്റരാത്രി കൊണ്ടു സംഭവിച്ചതാണ് ആരും അറിഞ്ഞില്ല പക്ഷെ ജീവജാലങ്ങൾക്ക് സൂചന കിട്ടിയിട്ടുണ്ടാകും അതല്ലെ തത്ത കൂട്ടിൽ കിടന്ന് ചിറകിട്ടടിച്ചു കരഞ്ഞത് അതുപോലെ മരക്കൊമ്പിലിരുന്ന് കിളികൾ കലപില കൂട്ടിയപ്പോൾ ലയയുടെ മനസ്സിൽ തോന്നിയ വികാരങ്ങൾ പുസ്തകഞ്ഞാളിലേക്കു പകർത്തിയത്. “ഇവിടെ നിന്നും മാറി താമസിക്കു വെള്ളപ്പൊക്കം വരാൻ പോകുന്നുണ്ട് ”
എന്ന് കിളി പറഞ്ഞതു പോലെ തോന്നിയിട്ട് തന്റെ സ്കൂൾ മാഗസ്സിനിൽ എഴുതിച്ചേർത്തത് !ദുരന്തം വരുമ്പോൾ എന്തെങ്കിലും മുന്നറിയിപ്പു തരും പറഞ്ഞാലും ആരും വിശ്വസിക്കില്ല. കുളിരുള്ള ശക്തമായ കാറ്റു വീശുമ്പോൾ പണ്ടുള്ള കാരണവർ പറയുമായിരുന്നു എവിടേയോ വെള്ളപ്പൊക്കം വരുന്നുണ്ടെന്ന് !.ആ കാറ്റിനും ഒരു പ്രത്യേകതയാണ് അതു വാസ്തവമാണ്. ഇനിയൊരു ദുരന്തവും വന്നു ചേരല്ലെയെന്ന് പ്രാർത്ഥിക്കുന്നു.
ഇടിവെട്ടിയ അന്ന് എഴുതിയ കവിതയാണിത് ഇത് പിന്നീടാണ് ശക്തമായ കാറ്റും ദുരന്തവും വന്നു കൂടിയത്.
കവിതയുടെപേര്:
വേനൽ മഴ
ഉച്ചവെയിലൊന്നു പോകാനായി
കരിമേഘങ്ങൾ കാവലിരുന്നു.
കാർമേഘങ്ങൾ കലപില കൂട്ടി ,
തമ്മിൽ തമ്മിൽ തല്ലി നടന്നു
കൊള്ളിയാനതു ,കണ്ടു രസിച്ചു
അട്ടഹസിച്ചു ചിരിച്ചു നടന്നു.
ഇടിവെട്ടീടിന ശബ്ദം കേട്ട് ,
നാടുവിറച്ചു, കാടു വിറച്ചു.
പർവ്വത മുകളിൽ വെള്ളിടി വെട്ടി ,
താണ്ഡവമാടി തിമിർത്തു നടന്നു.
പാറക്കെട്ടു കുലുങ്ങിയ നേരം
കല്ലുകൾ,ഓരോന്നായി
വീണു തുടങ്ങി.
പേടിച്ചോടി മാനുജരെല്ലാം വാതിലടച്ചു
മുറിയിലിരുന്നു.
പട്ടി കുരച്ചു , കാക്ക കരഞ്ഞു ,
കൂടുകൾ തേടി കിളികൾ പറന്നു.
പൊത്തിലൊളിച്ചൊരു നാഗത്താമാർ
പത്തിവിടർത്തി ആടിയിരുന്നു.
യുദ്ധക്കെടുതികൾ തീർന്നൊരു നേരം
തോരാ മഴയായ് പെയ്തുതുടങ്ങി.
തോടും , കുളവും കാട്ടാറുകളും തിങ്ങി
നിറഞ്ഞൊരു
നീർത്തടമായി.
ഒരു മഴ പെയ്യാൻ പ്രാർത്ഥിച്ചപ്പോൾ
മഴമേഘങ്ങൾ നിന്നു കനിഞ്ഞു.
വേനൽച്ചൂടത് ഓടിയൊളിച്ചു.
മനസ്സിൽ നിറയെ കുളിർ മഴ പെയ്തു