Friday, October 18, 2024
Homeലോകവാർത്തമാലിദ്വീപ് - ഇസ്രായേലി പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തും

മാലിദ്വീപ് – ഇസ്രായേലി പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തും

മാലി: ഇസ്രായേലി പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ മാലിദ്വീപ്. ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മാലിദ്വീപ് ക്യാബിനെറ്റിൻ്റേതാണ് തീരുമാനം. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ഓഫീസിനെ ഉദ്ധരിച്ചു മാലിദ്വീപ് വാ‍ർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തത്.

ഇസ്രായേലി പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്താനുള്ള നിയമം നടപ്പിലാക്കാൻ ക്യാബിനെറ്റ് യോഗത്തിൽ പ്രസിഡൻ്റ് മുഹമ്മദ് മുയിസു തീരുമാനിച്ചതായി ആഭ്യന്തര സുരക്ഷാ, ടെക്നോളജി മന്ത്രി അലി ഹുസാൻ പറഞ്ഞു. ഇതിനായി മന്ത്രിമാരെ ഉൾപ്പെടുത്തി പ്രത്യേക ക്യാബിനെറ്റ് കമ്മിറ്റിക്ക് രൂപം നൽകി. മാലിദ്വീപിലെ പലസ്തീൻ പൗരന്മാരുടെ ആവശ്യങ്ങളിൽ ഇടപെടാനായി പ്രത്യേക നയതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു.

പലസ്തീൻ ജനതയ്ക്കായി ധനസമാഹരണം നടത്താനും മാലിദ്വീപ് ആലോചിക്കുന്നുണ്ട്. യുഎന്നിൻ്റെ റിലീഫ് ആൻ്റ് വ‍ർക്ക് ഏജൻസിയുമായി സഹകരിച്ചു ധനസമാഹരണത്തിനുള്ള പരിപാടി സംഘടിപ്പിക്കാനാണ് മാലിദ്വീപിൻ്റെ ആലോചന. കൂടാതെ, മാലിദ്വീപ് പാലസ്തീനൊപ്പമെന്ന പ്രഖ്യാപനവുമായി നാഷണൽ മാ‍ർച്ച് നടത്താനും പദ്ധതിയുണ്ട്. ഇതിനൊപ്പം, വിഷയത്തിൽ പരിഹാരം കണ്ടെത്താനായി മറ്റ് ഇസ്ലാമിക രാജ്യങ്ങളുമായി ചേർന്ന് ചർച്ചകളും മാലിദ്വീപ് നടത്തും.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൗത്ത് ആഫ്രിക്ക ഇസ്രായേലിനെതിരെ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് മാലിദ്വീപിൻ്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിരിക്കുന്നത്. ഗാസയിലെ പലസ്തീൻ പൗരന്മാർക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം തടയാൻ താത്ക്കാലിക ഉത്തരവിറക്കണമെന്നാണ് സൗത്ത് ആഫ്രിക്കയുടെ ആവശ്യം.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ ഏഴിന് ഗാസയിൽ ഭരണം നടത്തുന്ന ഹമാസ് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേൽ തിരിച്ചടി തുടങ്ങിയത്. ഹമാസിൻ്റെ ആക്രമണത്തിൽ 1189 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേലിന്റെ കണക്ക്.

252 പേരെ ബന്ധികളാക്കിയെന്നും ഇതിൽ 121 പേർ ഇപ്പോഴും ഗാസയിൽ തുടരുകയാണെന്നും ഇസ്രായേൽ പറയുന്നു. ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 36,379 ആണ് മരണസംഖ്യയെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം പറയുന്നു. ഇതിൽ ഏറെയും സാധാരണക്കാരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments