എല്ലാവർക്കും നമസ്കാരം
ഇന്നിപ്പോൾ ഓർമ്മകൾ ഓടിയെത്തി എനിക്കു ചുറ്റും നിന്ന് കണ്ണിറുക്കി കാണിച്ചു പൊട്ടിച്ചിരിക്കുന്നു. കുട്ടിയായിരിക്കുമ്പോൾ ചില വൈകുന്നേരങ്ങളിൽ മുത്തശ്ശിക്കൊപ്പം പാടത്തേക്ക് പോകും. റോഡിൽ നിന്നും ഞങ്ങളെ വരവേൽക്കാനെന്ന പോലെ നിൽക്കുന്ന കൈതക്കൂട്ടം. ഒരു വശത്തു നനുത്ത ശബ്ദത്തോടെ ഒഴുകുന്ന ചെറുചാല്. മറുഭാഗത്ത് കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കാറ്റിൽ അലയടിക്കുന്ന പച്ചക്കടലെന്നു തോന്നിപ്പിക്കുന്ന നെൽപ്പാടം. ഇടയ്ക്കിടെ ഓരോ കണ്ടങ്ങളേയും വേർതിരിക്കുന്ന വരമ്പുകൾ. കാറ്റിലാടി നിൽക്കുന്ന കേരനിരകൾ. പാലക്കാടൻ പ്രൗഢിയോടെ തലയെടുപ്പോടെ അങ്ങിങ്ങായി നിൽക്കുന്ന കരിമ്പനകൾ. അതിനുമുകളിൽ യക്ഷി വസിക്കുന്നുണ്ട് എന്ന കെട്ടുകഥ മനസ്സിലുള്ളത് കൊണ്ട് അങ്ങോട്ടു നോക്കാതെ കണ്ണിനെ നിയന്ത്രിച്ച് മുത്തശ്ശിയെ തിക്കിത്തിരക്കി (പേടിച്ചിട്ടാണ്) നടക്കും. മഴക്കാലത്ത് വരമ്പുകളിൽ പയറും വെണ്ടയ്ക്കയും യഥേഷ്ടം ഉണ്ടാവും. തവള, പാമ്പ് , ഞണ്ട് ഇവയെ പേടിയുള്ളതുകൊണ്ട് ആ സമയത്ത് ഞാൻ പോകാറില്ല.
നവംബർ ഡിസംബർ കാലയളവിൽ നിറയെ തുവര ആയിരിക്കും. ആ സമയത്ത് മഴ അധികം ഇല്ലാത്തതിനാൽ ചളി ഉണ്ടാവില്ല. നമ്മുടെ കാൽപ്പെരുമാറ്റം അറിയുമ്പോൾ തവളക്കുട്ടന്മാർ വെള്ളത്തിലേക്ക് ബെൽറ്റി അടിക്കും. അതു കാണാൻ നല്ല രസമാണ്. മുത്തശ്ശി തുവര പറിക്കുമ്പോൾ മൂളിപ്പാട്ടും പാടി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് ഞാനങ്ങനെ നിൽക്കും. തുവരപ്പൂവിൻ്റെ മണവും ശരണം വിളികളും പേറി വരുന്ന ഇളം തണുപ്പുള്ള കാറ്റേറ്റ് കിഴക്ക് ഭാഗത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളെയും പടിഞ്ഞാറ് വിട പറഞ്ഞകലുന്ന കുങ്കുമസൂര്യനേയും നോക്കി നിൽക്കെ സന്ധ്യ ആയി എന്നു വിളിച്ചറിയിച്ചു കൊണ്ട് പഴനിയിലേക്കുള്ള തീവണ്ടി കൂകിപ്പാഞ്ഞു പോകുന്നതു കാണാം. സുന്ദരമായ ഓർമ്മകൾ ഉള്ളതുകൊണ്ടാവാം പച്ചത്തുവര എന്നും ഒരു വികാരമാണ്.
ഇന്ന് ബ്രേക്ക്ഫാസ്റ്റ് ഗോതമ്പു പുട്ടും പച്ചത്തുവര മസാലക്കറിയും ആയാലോ.
🌟 ഗോതമ്പുപുട്ട്
💥ആവശ്യമായ സാധനങ്ങൾ
🌟ഗോതമ്പുപൊടി – 2 കപ്പ്
🌟ഉപ്പ് – ആവശ്യത്തിന്
🌟വെള്ളം – ആവശ്യത്തിന്
🌟തേങ്ങ – ആവശ്യത്തിന്
💥തയ്യാറാക്കുന്ന വിധം
🌟ഗോതമ്പു പൊടി നന്നായി വറുത്തെടുക്കുക.
🌟വെള്ളത്തിൽ ആവശ്യമായ ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കുക .
🌟ആറിയ മാവിലേക്ക് കുറേശ്ശ വെള്ളം തളിച്ച് കട്ട കെട്ടാതെ അരിപ്പുട്ടിനെന്നപോലെ നനച്ചെടുക്കുക.
🌟നനഞ്ഞ തുണികൊണ്ട് മാവ് മൂടി മറ്റൊരു അടപ്പു കൊണ്ട് അര മണിക്കൂറോളം അടച്ചു വയ്ക്കുക.
അപ്പോഴേക്കും നമുക്ക് കറി തയ്യാറാക്കാം.
🌟പച്ചത്തുവര മസാലക്കറി
💥ആവശ്യമായ സാധനങ്ങൾ
🌟പച്ചത്തുവര – 300 ഗ്രാം
🌟ഉപ്പ് – പാകത്തിന്
🌟മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
🌟വെള്ളം – ആവശ്യത്തിന്
💥വറുത്തരയ്ക്കാൻ
🌟വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ
🌟ചെറിയ ഉള്ളി – 10 എണ്ണം
🌟വെളുത്തുള്ളി – 2അല്ലി
🌟തേങ്ങ – അര മുറി
🌟മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
🌟മുളകുപൊടി – 1 ടീസ്പൂൺ
🌟ജീരകം – ഒരു നുള്ള്
🌟വെള്ളം – ആവശ്യത്തിന്
💥വറുത്തിടാൻ
🌟വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ
🌟കടുക് – ഒരു ടീസ്പൂൺ
🌟ചെറിയ ഉള്ളി – 2-3 എണ്ണം
🌟ഉണക്കമുളക് – ഒരെണ്ണം
🌟കറിവേപ്പില – ഒരു തണ്ട്
💥ഉണ്ടാക്കുന്ന വിധം
🌟തുവരമണി നന്നായി കഴുകി ആവശ്യമായ വെള്ളമൊഴിച്ച് ഉപ്പും മഞ്ഞളും ചേർത്ത് വേവാൻ വയ്ക്കുക.
🌟എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി ഇവ ചേർത്ത് മൂത്തു വരുമ്പോൾ തേങ്ങ ചേർത്തിളക്കി ഇളം ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക. അതിലേക്ക് പൊടികൾ ചേർത്ത് പച്ചമണം പോകുന്നതു വരെ വറുത്തെടുക്കുക. ആറിയതിന് ശേഷം ആവശ്യമായ വെള്ളം മാത്രം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
🌟വെന്ത തുവരയിലേയ്ക്ക് അരച്ചതും അല്പം വെള്ളവും ചേർത്തിളക്കുക. നന്നായി തിളച്ചുമറിയുമ്പോൾ സ്റ്റൗവിൽ നിന്നും മാറ്റി അടച്ചു വയ്ക്കുക.
🌟എണ്ണ ചൂടാകുമ്പോൾ കടുകു പൊട്ടിച്ചു മുളകും ഉള്ളി വട്ടത്തിൽ മുറിച്ചതും ചേർത്തിളക്കി ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പിലയും ചേർത്തിളക്കി കറിയിലേക്ക് ചേർക്കാം.
🌟തുവര കൂട്ടാൻ തയ്യാറായി. ഇതിനിടയിൽ നനച്ചു വച്ച പൊടിയും തേങ്ങയുമൊക്കെ ചേർത്ത് പുട്ടുകുറ്റിയിൽ വേവാൻ വച്ച ഗോതമ്പുപുട്ടും റെഡിയായിട്ടുണ്ട്.
🌟ഈ ഒരു കോമ്പോ അധികം ആർക്കും അറിയാത്തതായിരിക്കും. ഒന്നു ട്രൈ ചെയ്തു നോക്കൂ. സൂപ്പർ ടേസ്റ്റി ആണ്.
എല്ലാവർക്കും നല്ലൊരു ഞായറാഴ്ച ആശംസിക്കുന്നു.