ഇസ്‌ലാമാബാദ്∙ –പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരസംഘടനയുടെ 2 താവളങ്ങളില്‍ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിനു പിന്നാലെ, ഇറാനിൽ കടന്ന് ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ. ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാൻ പ്രവിശ്യയിലെ സരവൻ നഗരത്തിനു സമീപമുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങൾക്കു നേരെയും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യോമാതിർത്തി ലംഘിച്ച ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‌റെ തിരിച്ചടി. ബുധനാഴ്ച, പാക്കിസ്ഥാൻ കെയർ ടേക്കർ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനി ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനെ ഫോണിൽ വിളിച്ച്, ഇറാൻ നടത്തിയ ആക്രമണം പാകിസ്ഥാന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ തിരിച്ചടിച്ചതെന്നാണ് റിപ്പോർട്ട്.ജയ്ഷെ അൽ അദ്‌ൽ എന്ന ഭീകരസംഘടനയുടെ ബലൂച് പഞ്ച്ഗറിലെ 2 താവളങ്ങളും തകർത്തുവെന്ന് ഇറാൻ ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്.
മിസൈൽ ആക്രമണങ്ങളിൽ 2 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്നു പാക്കിസ്ഥാനും അറിയിച്ചു. കഴിഞ്ഞമാസം ഇറാന്റെ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്തൻ ബലൂചിസ്ഥാനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 11 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അടക്കം ഇറാൻ അതിർത്തി മേഖലയിൽ സമീപകാലത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്ക് ഭീകരസംഘടനയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്.തിങ്കളാഴ്ച വൈകിട്ടു വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ നഗരമായ ഇർബിലിലും വടക്കൻ സിറിയയിലെ ഐഎസ് താവളങ്ങളിലും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു.