Sunday, December 22, 2024
Homeയാത്രഓണസ്മൃതിയിൽ അലിഞ്ഞ ഒരു യാത്ര (യാത്രാവിവരണം ഭാഗം - 4) ✍തയ്യാറാക്കിയത്: ഗിരിജാവാര്യർ, പാലക്കാട്‌

ഓണസ്മൃതിയിൽ അലിഞ്ഞ ഒരു യാത്ര (യാത്രാവിവരണം ഭാഗം – 4) ✍തയ്യാറാക്കിയത്: ഗിരിജാവാര്യർ, പാലക്കാട്‌

ഗിരിജാവാര്യർ, പാലക്കാട്‌

അടുത്ത ദിവസത്തേക്ക് ഹോട്ടലുകാർതന്നെ ടാക്സി അറേഞ്ച് ചെയ്തുതന്നു. ഏതായാലും വന്നത്ര ദൂരം നടക്കേണ്ട,പാർക്കിംഗ് ഗ്രൗണ്ടിൽ എത്താൻ! ഹോട്ടലിനു മുന്നിലേക്ക് വാഹനം വരില്ല, അത് ഉറപ്പ്. ഇത് പിൻവശത്തുകൂടിയുള്ള ഒരു റോഡാണ്. മലയിടിച്ച് നിരപ്പാക്കിയിരിക്കുകയാണ്. അവിടെയെല്ലാം ഹോട്ടൽസമുച്ചയം വികസിപ്പിക്കുന്നതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തിരുതകൃതിയായി നടക്കുന്നു. ഇലകൾ തണൽ വിരിച്ച മൺപാതയിലൂടെ ഞങ്ങളുടെ വണ്ടി നീങ്ങി. കയറ്റത്തിലുള്ള റോഡിൽ എത്തിയപ്പോൾ,താഴെ അലയടിക്കുന്ന സമുദ്രക്കാഴ്ച മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.

പത്തുമണിയോടെ ഞങ്ങൾ ഗോകർണേശ്വരക്ഷേത്ര സന്നിധിയിൽ എത്തി. പരമ്പരാഗതവേഷം ധരിച്ച കുറെ സ്ത്രീകൾ പൂക്കളുമായി ഞങ്ങളെ വളഞ്ഞു. ഗണപതിക്കർച്ചിക്കാൻ കറുകനാമ്പുകളും തണ്ടോടുകൂടിയ ആമ്പൽപ്പൂക്കളും ഒന്നിച്ചു കെട്ടിവച്ചിരിക്കുന്നു.
” 10 രൂപ,10 രൂപ” അവർ വിലപേശുകയാണ്. അവരിലൊരാളിൽനിന്ന് പൂ വാങ്ങി ഞങ്ങൾ ക്ഷേത്രകവാടം കടന്നു.
മഹാബലേശ്വരനെ തൊഴണമെങ്കിൽ ആദ്യം ഗണപതീദർശനം സിദ്ധിക്കണമത്രേ! ഈ വിശ്വാസത്തിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്. ശിവനിൽ നിന്നും പ്രാണലിംഗം പ്രാപ്തമാക്കിയ രാവണനെ തടയാൻ ഗണപതി ഒരു വടുവിന്റെ രൂപത്തിൽ ചെന്നുവെന്നും, രാവണൻ ഗോകർണത്തെത്തിയപ്പോൾ വിഷ്ണു സുദർശനചക്രം കൊണ്ട് സൂര്യനെ മറച്ചുവെന്നും കഥ. രാവണന്റെ സന്ധ്യാവന്ദനത്തിനുള്ള സമയമായി. പ്രാണലിംഗം താഴെവച്ചാൽ അതവിടെ ഉറച്ചുപോകും. എന്ത് ചെയ്യും? അപ്പോഴാണ് അദ്ദേഹം ഗണപതിയെ കണ്ടത്. വടുരൂപത്തിലുള്ള ആ ബാലന്റെ കൈയിൽ അദ്ദേഹം വിശ്വാസപൂർവ്വം പ്രാണലിംഗം ഏൽപ്പിച്ചു. എന്നാൽ രാവണൻ സന്ധ്യാവന്ദനംചെയ്യുന്ന വേളയിൽ, ഗണപതി അത് താഴെ വെച്ചു എന്നും,ലിംഗം ആ സ്ഥലത്ത് ഉറച്ചുപോയെന്നും വിശ്വാസം. ആ പ്രാണലിംഗമാണ് മഹാബലേശ്വർ! ക്രുദ്ധനായ രാവണൻ ചന്ദ്രഹാസംകൊണ്ട് ഗണപതിയുടെ തലയിൽ വെട്ടിയതുമൂലമുണ്ടായതെന്നു പറയപ്പെടുന്ന മുറിവ്, ആ ഗണപതീവിഗ്രഹത്തിന്റെ ശിരസ്സിൽ,പൂജാരി ഞങ്ങൾക്ക് കാണിച്ചുതന്നു. ഗണപതി അന്ന് അനുഭവിച്ച പ്രാണവേദനയുടെ പരിഹാരമായി, തന്നെ കാണാൻവരുന്ന ഭക്തർ ആദ്യം ഗണപതീദർശനം നടത്തണം എന്ന നിർദ്ദേശം ശിവൻ മുന്നോട്ടുവച്ചു എന്നാണ് വിശ്വാസം.

മറ്റൊരു കൗതുകം ഏത് വിഗ്രഹത്തെയും നമുക്ക് തൊട്ടഭിഷേകം നടത്താം എന്നുള്ളതാണ്. ഈ ഗണപതി വിഗ്രഹത്തിനു നാലുകൈകളില്ല, മറിച്ച് ഇരുകൈകൾ മാത്രമേ യുള്ളൂവെന്നതാണ് വേറൊരു സവിശേഷത!

ചരിത്രമുറങ്ങുന്ന ഗണപതിക്കോവിൽ പിന്നിട്ട്, ഞങ്ങൾ ഗോകർണേശ്വരനായ മഹാബലേശ്വരന്റെ അമ്പലത്തിലെത്തി. അഭിഷേകം ശീട്ടാക്കി. അഭിഷേകത്തിനുള്ള ജലം നമുക്ക്തന്നെ കിണറ്റിൽനിന്ന് കോരിയെടുക്കാം.അതുമായി ശ്രീകോവിലിനകത്തേക്ക്!
പൂജാരി, ഒരുപിടി കൂവളപ്പൂക്കൾ കൈയിൽത്തന്ന്, ശിവലിംഗത്തിലർച്ചിക്കാൻ പറഞ്ഞു. ലിംഗപ്രതിഷ്ഠ പ്രത്യക്ഷത്തിൽ കാണുന്നില്ല. ചുറ്റുപുറമുള്ള ഓവിന് നടുവിലായി ഒരു സുഷിരം.അതിലേക്കാണ് ഞാൻ പുഷ്പാർച്ചന ചെയ്യേണ്ടത്. അർച്ചനക്കു ശേഷം അദ്ദേഹം എനിക്കൊരു പാൽക്കുടം നൽകി, ക്ഷീരധാരയ്ക്കുവേണ്ടി. അതിനുശേഷം ഞാൻതന്നെ കോരിക്കൊണ്ടുവന്ന ജലംകൊണ്ട് ധാര. ധാരകൾ അവസാനിച്ചപ്പോൾ അദ്ദേഹം എന്നോട് ആ സുഷിരത്തിലൂടെ കൈയിട്ട്നോക്കാൻ പറഞ്ഞു. നമ്മുടെ കൈ തൊടുന്നത് ശിവലിംഗത്തിലാണത്രേ.
” സ്പർശനം പാപനാശനം” മനസ്സ് ആ ദേവസ്പർശത്തിൽ വിവരിക്കാനാവാത്ത ഏതോ അനുഭൂതിയുടെ തലങ്ങളിലേക്കെത്തി. ജീവിതത്തിൽ ഇന്ന് വരെ ഉണ്ടാകാത്ത ഒരനുഭവം!

പിന്നീട് ഞങ്ങൾ പോയത് താമ്രഗൗരിയെ വണങ്ങാനാണ്. നദീരൂപത്തിലുള്ള ദേവിയാണത്രേ താമ്രഗൗരി. രുദ്രന്റെ പാതിമെയ്യായ ദേവി താമ്രപർവതത്തിൽ ഒഴുകിനടക്കാറുണ്ടായിരുന്നുവത്രേ! പാർവതീദേവിയെ തൊഴുത് പ്രസാദം വാങ്ങിയപ്പോൾ എനിക്കൊരു മോഹം. ആ മതിൽക്കെട്ടിനകത്തിരുന്നൊന്ന്‌ ശിവപുരാണം വായിക്കണം. ഡ്രൈവർ വരാൻ സമയമാകും എന്നറിയിച്ചതിനാൽ ആ ആഗ്രഹവും പൂവണിഞ്ഞു.

ക്ഷേത്രം ജീവനക്കാരൻ ഞങ്ങൾക്ക് മഹാബലേശ്വരചരിത്രം വിവരിച്ചുതന്നു. ഗണപതിയുടെ കൈയിൽനിന്നും വീണ് മണ്ണിലുറച്ചുപോയ പ്രാണലിംഗം പറിച്ചെടുക്കാൻ രാവണൻ ആവുന്നതും ശ്രമിച്ചുവെന്നും,ആ സാഹസികകൃത്യത്തിൽ പ്രാണലിംഗത്തിൽനിന്നും തെറ്റിത്തെറിച്ചുവീണ കഷണങ്ങൾ നാലുദിശയിലും ശിവലിംഗങ്ങളായി മാറിയെന്നുമാണ് വിശ്വാസം. ധാരേശ്വർ,ശംഭുലിംഗേശ്വർ, ഗുണവന്തേശ്വർ,മുരുഡേശ്വർ എന്നിവയാണ് മഹാബലേശ്വരക്ഷേത്രത്തിനു ചുറ്റുമായി തെറിച്ചുവീണ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ. ഇവയെ ഒന്നിച്ച് “പഞ്ചമഹാക്ഷേത്രങ്ങൾ”എന്നറിയപ്പെടുന്നു. അടുത്തദിവസം ഞങ്ങൾ മുരുഡേശ്വരനെ ദർശിക്കാൻ പോകുകയാണ്. സാധിക്കുമെങ്കിൽ മറ്റു ക്ഷേത്രങ്ങളിലും ദർശനം നടത്തണം. സമയം അനുവദിക്കുന്നതിനനുസരിച്ച്. ക്ഷേത്രത്തിൽനിന്നും പിന്നീട് ഗോകർണ്ണം ബീച്ചിലേക്കാണ് പോയത്. റോഡിനിരുവശവും വഴിവാണിഭക്കാരുടെ കച്ചവടം പൊടിപൊടിക്കുന്നു. വെയിലിന്റെ ചൂട് കൂടിക്കൂടി വന്നു. ബീച്ചിന് അടുത്ത്തന്നെ ഉണ്ടായിരുന്ന ഒരു വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ മടക്കയാത്രയ്ക്ക് ഒരുങ്ങി.

തയ്യാറാക്കിയത്: ഗിരിജാവാര്യർ, പാലക്കാട്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments