ന്യൂഡല്‍ഹി; ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂര്‍വ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച് വരുത്തി സുപ്രീംകോടതി രജിസ്ട്രാര്‍ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വോട്ടുകള്‍ വീണ്ടും എണ്ണിയപ്പോള്‍, വിജയിയായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയേക്കാള്‍ 51 വോട്ടുകള്‍ കൂടുതല്‍ ‘പരാജയപ്പെട്ട’ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി, പരാജിതനായ സ്ഥാനാര്‍ത്ഥിയെ (ഹര്‍ജിക്കാരന്‍) ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ചായി പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പാനിപ്പത്തിലെ ഇലക്ഷന്‍ ഓഫീസറോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
’22-11-2022ന് നടന്ന തിരഞ്ഞെടുപ്പില്‍ ഹരിയാണയിലെ പാനിപ്പത്ത് ജില്ലയിലെ ബുആന ലഖു ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ചായി ഹര്‍ജിക്കാരനെ പ്രഖ്യാപിക്കാന്‍ അര്‍ഹനാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു’ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപങ്കര്‍ ദത്ത, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഇവിഎമ്മിലെ വോട്ടുകള്‍ വീണ്ടും എണ്ണി രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
അതേസമയം നേരത്തെ വിജയിയായി പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും നേരത്തെ വാദം കേള്‍ക്കുന്നതിനിടെ കോടതി പറയുകയുണ്ടായി. ‘ഒരു ബൂത്തിലാണ് ഈ അബദ്ധം സംഭവിച്ചത്. റിട്ടേണിംഗ് ഓഫീസര്‍ ഉണ്ടാക്കിയ സമ്പൂര്‍ണ്ണ കുഴപ്പമാണിത്, അദ്ദേഹമാണ് പിഴവ് വരുത്തിയത്… ഇത്തരം കാര്യങ്ങളില്‍, വീണ്ടും വോട്ടെണ്ണുക എന്നതാണ് ഏക പരിഹാരം’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.



