കർക്കശഭാവമാണെങ്കിലുമെൻ അച്ഛൻ
കാരുണ്യമൂർത്തിയാണെന്നും അച്ഛൻ..
കനിവിൻ കരങ്ങളാൽ
കാവൽവിളക്കായ
കരുതൽകടാക്ഷമാണെന്റെ അച്ഛൻ.!
ആർദ്രമാംസ്നേഹമായമൃതം
പൊഴിക്കുന്ന
അതിരില്ലാ വാത്സല്യമേകിടും അച്ഛൻ..
നെഞ്ചകം നീറ്റലാണെങ്കിലും
പുണ്യമായ്,
പുഞ്ചിരിതൂകി പുണർന്നിടും അച്ഛൻ..
നേർമയായ് നന്മതൻ മാർഗ്ഗങ്ങൾ
ചൊല്ലി
നേർവഴികാട്ടിയ സൂര്യനാണ് അച്ഛൻ..
സത്യത്തിൻ പാതയിൽ നിത്യ
സഞ്ചാരിയാം
സദ്ഗുരുനാഥനാണ് എന്റെ അച്ഛൻ..!
കൂരിരുൾ വീഴ്ന്നിടും നേരം വരേക്കും
കൂലിവേല ചെയ്തുഴച്ചുയെൻ അച്ഛൻ..
കുറ്റം കുറവുകൾ കണിശമായ്
തീർത്തിടും
കൂറോടെ കുടുംബവും പോറ്റിടും
അച്ഛൻ.!
കദനങ്ങളുള്ളിൽ ഒതുക്കി ചിരിക്കുന്ന
കണ്ണുനീർവീഴ്ത്താതെയുള്ളിൽ
കരയുന്ന
കാരിരുമ്പിൽ തീർത്ത
അദ്ധ്വാനിയാണച്ഛൻ
കരുതലേകീടുന്ന തണൽമരമാണച്ഛൻ.!
കുട്ടിക്കുറുമ്പുകൾ ഞാൻ
ചെയ്തിടുമ്പോഴും
കൂടെക്കളിച്ചിടും കൂട്ടാണ് അച്ഛൻ
വാനോളമുയർത്തിപ്പറത്തിടും അച്ഛൻ
വൻമരത്തണലാണ് എന്റെ അച്ഛൻ.!