Sunday, May 19, 2024
Homeസ്പെഷ്യൽപ്രശസ്തകവി കുരീപ്പുഴ ശ്രീകുമാറുമായി എഴുത്തുകാരനും ഓൺലൈൻ മാധ്യമപ്രവർത്തകനുമായ വൈക്കം സുനീഷ് ആചാര്യ നടത്തിയ അഭിമുഖം.

പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാറുമായി എഴുത്തുകാരനും ഓൺലൈൻ മാധ്യമപ്രവർത്തകനുമായ വൈക്കം സുനീഷ് ആചാര്യ നടത്തിയ അഭിമുഖം.

വൈക്കം സുനീഷ് ആചാര്യ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
സർഗ്ഗാത്മകതയെ ബാധിക്കില്ല” –
കുരീപ്പുഴ

1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യസമൂഹത്തിലെ സർവ്വമേഖലയെയും കീഴടക്കാൻപോകുന്ന സാഹചര്യത്തിൽ സാഹിത്യത്തിനു സ്വാതന്ത്രമായ നിലനിൽപ്പുണ്ടാകുമോ?

എന്തുകൊണ്ടാണ് ക്ലോണിങ് മനുഷ്യസമൂഹത്തില്‍ അധീശത്വം പുലര്‍ത്താതിരുന്നത്? ക്ലോണിങ്ങിലൂടെ വേണമെങ്കില്‍ ബുദ്ധിരാക്ഷസന്മാരെയോ സൈന്യാധിപന്‍മാരെയോ കലാകാരന്മാരെയോ തനതുസ്വരൂപത്തില്‍ സൃഷ്ടിക്കാമായിരുന്നല്ലോ. ജീവിതത്തിന്‍റെ സര്‍ഗ്ഗാത്മകതയും ലാവണ്യവും നഷ്ടപ്പെടുമെന്നതാണ് കാരണം. കവിതയ്ക്ക് അസ്വസ്ഥതയില്‍നിന്ന് സ്വസ്ഥതയിലേക്കുള്ള ഒരു സഞ്ചാരപദ്ധതിയുണ്ട്. അത് വേദനയുടെ സൗന്ദര്യം ഉള്‍ക്കൊള്ളുന്നതാണ്. അതെക്കാലവും ആവശ്യകമാണെന്നതിനാല്‍ കൃത്രിമബുദ്ധി മറ്റുമേഖലകളില്‍മാത്രമേ പ്രയോജനപ്പെടുത്താന്‍ കഴിയൂ.

2)സാങ്കേതികയുഗത്തിൽ പുതിയ തലമുറയിൽ സർഗ്ഗാത്മകത കുറവാണെന്ന നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ?

യോജിക്കുന്നില്ല. ഇപ്പോള്‍ യുക്രൈനിലെയും ഗാസയിലെയുംമറ്റും കുഞ്ഞുങ്ങളെ ഓര്‍ത്ത് ഉറങ്ങാതിരിക്കുന്ന കവിസമൂഹം അതു രേഖപ്പെടുത്തുവാന്‍ ഈ സാങ്കേതികയുഗചാരുതയെ ഉപയോഗപ്പെടുത്തുകയേ ഉള്ളൂ.

3)സ്ത്രീകൾ കവിതയുടെ വാഹിനികളായിമാറുന്ന കാലം വരുമെന്ന് പറഞ്ഞിരുന്നല്ലോ? കവിതാരചനയിൽ സ്ത്രീപുരുഷഭാവനകൾ വ്യത്യസ്തമല്ലേ?

സ്തീകള്‍മാത്രമല്ല, മനുഷ്യസമൂഹത്തിലെ എല്ലാ വിഭാഗങ്ങങ്ങളും അവരവരുടെ
ഉൾനോവുകള്‍ പകര്‍ത്തി മുന്നോട്ടുവരും

4)സമൂഹത്തിൽ മൂല്യമുള്ള സംസ്കാരം പടുത്തുയർത്താൻ മുൻപന്തിയിൽ നിൽക്കേണ്ടവരാണ് കലാസാഹിത്യരംഗത്തുള്ളവർ. എന്നാൽ സമീപകാലത്ത് നിറവും ജാതിയും സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഉയർന്നുകേൾക്കുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനമെന്താണ്?

ദു:ഖകരമാണ്. പ്രകൃതിപശ്ചാത്തലമായ ഒരു മനുഷ്യസമൂഹത്തെ അതിന്‍റെ സൗന്ദര്യത്തില്‍ കാണേണ്ടതുണ്ട്. ജാതീയമായ ദുരഭിമാനവും ഹുങ്കുമൊക്കെ ഇപ്പൊളും കാണപ്പെടുന്നു എന്നത്
പ്രതിഷേധാര്‍ഹമാണ്.

5)യുവതലമുറയുടെ സർഗ്ഗവ്യാപാരങ്ങൾ പ്രണയത്തിലും രതിയിലുംമാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ പ്രതികരണങ്ങൾ കുറയുന്നു.അങ്ങയുടെ അഭിപ്രായം എന്താണ്?

അങ്ങനെയല്ല; ശക്തമായ രാഷ്ട്രീയകവിതകളും പ്രണയാതീതജീവിതകവിതകളും ഉണ്ടാകുന്നുണ്ട്.

6) കാവ്യബോധനത്തിൽ വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പ്രതിസന്ധികൾ എങ്ങനെ പരിഹരിക്കാൻ കഴിയും.?

അദ്ധ്യാപകരെ, ആശയവ്യക്തയോടെ കവിതചൊല്ലാന്‍ പരിശീലിപ്പിക്കുന്നത്ന ന്നായിരിക്കും.

7) വൃത്തത്തിലും താളത്തിലും എഴുതുന്ന കവിതകൾമാത്രമാണ് ഉദാത്തമായ രചനകൾ എന്നും ഗൗരവമായ ആശയങ്ങൾ പങ്കുവെക്കാൻ ഉത്തരാധുനികകവിതകൾക്കുമാത്രമേ കഴിയൂ എന്നും തർക്കങ്ങൾ നിലവിലുണ്ടല്ലോ?

ആ വാദം അപ്രസക്തമാണ്.

8)സമൂഹത്തിന്റെ വിഷയങ്ങളെ സ്പർശിക്കാത്ത കവിതകൾകൊണ്ടു പ്രയോജനമുണ്ടോ?

സമൂഹവുമായി ബന്ധമില്ലാത്ത ഒരുവിഷയവും ലോകത്തില്ല. ഗുഹ്യരോഗംപോലും ഒരു സാമൂഹ്യപ്രശ്നമാണ്.

9) കാവ്യശൈലിയിലും പ്രമേയസ്വീകരണത്തിലും പുതുതലമുറയിലുണ്ടായ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

അഭിവാദ്യം ചെയ്യുന്നു.

10) ദേശീയതലത്തിൽ ഉണ്ടായിരിക്കുന്ന രാഷ്ട്രീയമാറ്റങ്ങൾ കേരളത്തിലെ മതേതരത്വസംസ്കാരത്തെ ബാധിച്ചിട്ടുണ്ടോ?

കുറെയൊക്കെ ബാധിച്ചിട്ടുണ്ട്. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിച്ച്, ഭ്രാന്താലയത്തിലേക്കുള്ള തിരിച്ചുപോക്ക് തടയേണ്ടതുണ്ട്.

11) പുതുതലമുറയിലെ എഴുത്തുകാരോട് താങ്കൾക്ക് പറയുവാനുള്ള സന്ദേശമെന്താണ്?

നിഷേധത്തിലൂടെ മറ്റൊരു ലാവണ്യപ്രപഞ്ചം സൃഷ്ടിക്കാൻ ശ്രമിക്കുക.

ജീവിതത്തിലും എഴുത്തിലും ആദർശശുദ്ധിപാലിക്കുന്ന സർഗ്ഗപ്രതിഭയാണ് കവി കുരീപ്പുഴ ശ്രീകുമാർ. എഴുതുകയും പുതുതലമുറയ്ക്ക് ഊർജ്ജം പകരുകയും ചെയ്യുന്നു. കാലഘട്ടങ്ങൾക്കനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന പ്രിയകവി കുരീപ്പുഴ ശ്രീകുമാർ മലയാളക്കരയുടെ അഭിമാനമാണ്.

വൈക്കം സുനീഷ് ആചാര്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments