എന്റെ വീടിപ്പോൾ ഒരു നഗരമായി
മാറിയിരിക്കുന്നു.
കുട്ടികൾ അറിയാത്ത ഭാഷയിൽ
സംസാരിച്ചുകൊണ്ടിരുന്നു.
ഓലപ്പന്തിനും പീപ്പിക്കും പകരം
കത്രികയും പടക്കവും
കളിക്കോപ്പുകളാക്കി.
വലിയവർ രാഷ്ട്രീയവും
ചതുരംഗവുമാടിത്തുടങ്ങി .
നിയമങ്ങളും നിയമവ്യവസ്ഥകളും
അവർതന്നെയുണ്ടാക്കി.
ജയിക്കുന്നവൻ
കുതിരയെനീക്കുന്നതിന് പകരം
ചാട്ടകൊണ്ടടിച്ചു രസിച്ചു .
രാജാവും മന്ത്രിയും ഒരാളായി.
ചതുരംഗപ്പലകയിലൂടെ
അറിയാതെപോയ ഉറുമ്പിനെ
ആനയുടെ ശക്തികാട്ടി ചവിട്ടി
ഞെരിച്ചു.
തേരിനു വേഗത പോരെന്നും പകരം
വിമാനമാക്കാമെന്നും ഗണിച്ചു
കണ്ടുപിടിച്ചു .
ഗ്രാമവാസിയായ ഞാൻ
നഗരവാസിയാവാൻ കഴിയാതെ
പൂത്തുനിന്ന ചെടികളിലേക്ക് നോക്കി,
അവിടെ വെളുത്ത പൂക്കളെല്ലാം
ചുവന്നിരിക്കുന്നു.
എന്റെയാഴങ്ങളിൽ ഞാനുമൊരു
തടാകം തീർത്തു
മത്സ്യകന്യകയായി നീന്താൻ തുടങ്ങി.
കുഞ്ഞുങ്ങൾ ചുവന്ന മഷിക്കുപ്പി
തുറന്നു തടാകത്തിലൊഴിച്ചു രസിച്ചു.
വലിയവർ എന്നെയും
നഗരവാസിയാക്കാൻ തയ്യാറെടുത്തു.
ഞാൻ മുങ്ങിയും നീന്തിയും
രക്ഷപെടാൻ ശ്രമിച്ചു.
അവരെന്നെ വലയിട്ടു കീറക്കടലാസ്സിൽ
പൊതിഞ്ഞു വലിച്ചെറിഞ്ഞു.
ശ്വാസം കിട്ടാതെ ഞാനും നഗരത്തിന്റെ
രക്തസാക്ഷിയായി.