Saturday, November 23, 2024
Homeകഥ/കവിതഓമനപ്പൈതലെ (കവിത) ✍ ശ്രീകുമാർ എം. പി

ഓമനപ്പൈതലെ (കവിത) ✍ ശ്രീകുമാർ എം. പി

✍ ശ്രീകുമാർ എം. പി

ഓമനപ്പൈതലെ
ഓടി വരിക നീ
ഓരോ പുലരിയും
നിനക്കായ് വരുന്നു

ഓമനപ്പൈതലെ
ആടി വരിക നീ
ആൺമയിൽ പോലവെ
യാടി വരിക നീ

ഓമനപ്പൈതലെ
പാടി വരിക നീ
നിൻ മൊഴിയൊക്കവെ
യഴകായ് മാറട്ടെ

ഓമനത്തുമ്പി പോൽ
തുള്ളി വരിക നീ
ഓരോ നറുംപൂവ്വും
നിനക്കായ് വിടർന്നു

ഓമനപ്പൈങ്കിളി
പാറി വരിക നീ
ഓരോ പഴങ്ങളും
നിനക്കായ് വിളഞ്ഞു

ഓരടി വച്ചു നീ
മുന്നോട്ടു പോകുക
ഓർമ്മയിൽ പോലും ക-
ളങ്കമകറ്റുക

ഓരോ ചുവടിലും
പൂക്കളം തീരട്ടെ
ഓരോ പുലരിയും
പൂമഴ പെയ്യട്ടെ

ഓടക്കുഴൽ നാദം
പോലെയൊഴുകുക
ഓളങ്ങൾ പോലവെ
യാലോലം തുള്ളുക

ഓരോ കിനാവിലും
വർണ്ണം വിരിയട്ടെ
ഓരോ നിനവിലും
മലരൊളി ചിന്നട്ടെ

ഓണനിലാവു പോൽ
നീളെപ്പരക്ക നീ
ഒട്ടും തളരാതെ
പൂത്തുലഞ്ഞീടട്ടെ

ചന്ദനം ചാലിച്ച
ചിന്തയുദിയ്ക്കട്ടെ
ചന്ദ്രനെപ്പോലവെ
ചേലിൽ വിളങ്ങട്ടെ

ചടുലമായ് മാറും
കർമ്മ പ്രവാഹങ്ങൾ
കനകം ചൊരിഞ്ഞു
നമിയ്ക്കട്ടെ മുന്നിൽ

നിറകുടം പോലെ
തുളുമ്പാതിരിയ്ക്ക
നീഹാര മുത്തു പോൽ
നിർമ്മലമാകട്ടെ

നീളെ മലർ മണം
വിതറി വിളങ്ങുക
നീരജം പോലവെ
കാന്തി ചൊരിയുക.

ഓമനപ്പൈതലെ
ഓടി വരിക നീ
ഓരോ പുലരിയും
നിനക്കായ് വരുന്നു.

✍ ശ്രീകുമാർ എം പി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments