Friday, January 3, 2025
Homeകഥ/കവിതധനകാര്യം ….(കഥ) ✍വി.കെ. അശോകൻ, സാകേതം, കൊച്ചി

ധനകാര്യം ….(കഥ) ✍വി.കെ. അശോകൻ, സാകേതം, കൊച്ചി

വി.കെ. അശോകൻ, സാകേതം, കൊച്ചി

രാജഭരണം കൈവിട്ട് പോയിട്ടും അധികാര പദവികൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും, പഴയ പ്രതാപം അയവിറക്കികൊണ്ട്, രാജഭരണത്തിന്റെ ചിട്ടവട്ടങ്ങൾ അനുവർത്തിച്ച് വരുന്ന തറവാടാണ് നെടുമ്പാട്ട് തറവാട്.

ചേര രാജാക്കന്മാരുടെ പിൻതലമുറക്കാരാണെന്നും അല്ല പല്ലവവംശമാണെന്നും ഉള്ള ശിലാ ലിഖിതങ്ങൾ നിലവറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യത്തിന്റെ കാര്യത്തിൽ കൂടുതൽ ആശയകുഴപ്പം വേണ്ട എന്ന് കൽപ്പിച്ച കേളു മേനോൻ ആണ് അവസാനത്തെ നാട്ടുരാജാവ്. പുതിയ ലിഖിതങ്ങൾ ഇനിയാരും കണ്ടെത്തേണ്ട എന്ന് കരുതി നിലവറ അടച്ചു പൂട്ടി ചുവന്ന പട്ട് ചുറ്റി അരക്കൊട്ടിച്ചു വെച്ചു. നിലവറയിൽ അപമൃത്യു സംഭവിച്ച ജാനുവിന്റെ ആത്മാവ് ഉണ്ടെന്നുള്ള ഒരു കഥയും പരത്തി.

അത്രയൊക്ക വേണോ ? എന്ന് ചോദിച്ച സഹോദരനോട് കേളു മേനോൻ പറഞ്ഞു…

നീ ലിഖിതം ശരിക്കും വായിച്ചുവോ ?

ഇല്ല്യ… അത് വായിക്കാൻ മാത്രം എന്നെ പഠിപ്പിച്ചില്ലല്ലോ. തറ, പറ അറിയാമെന്നല്ലാതെ ഒരു പാടൊന്നും കൂട്ടി വായിക്കാൻ അറിയില്ല. അതോണ്ടെ….

കേളു മേനോൻ ഒന്ന് ചിരിച്ചു. നന്നായി…. അല്ലെങ്കിലും ചരിത്രം ഒക്കെ പണ്ഡിതന്മാർക്കുള്ളതാണ്…. ഒരു കണക്കിന് ചരിത്രം അധികം വായിക്കപ്പെടരുത്. വായിക്കുന്നവരൊക്കെ പുതിയ മാനം കണ്ടെത്തും. അത് നാല് പേരോട് പറയും. അവരത് വെച്ച് പുതിയ കഥകൾ ഉണ്ടാക്കും. നമ്മുടെ തറവാടിന് അങ്ങിനെ ഒരുപാട് കഥകൾ വേണ്ടാ….

കേളുവേട്ട പറയണത് ശരിയാണ്, സത്യമാണ് എന്ന് തലയാട്ടി കൊണ്ട് നിന്നപ്പോൾ, ഒരു സ്വകാര്യം പോലെ കേളുമേനോൻ അടക്കം പറഞ്ഞു. തമിഴകത്ത് നിന്നും രണ്ട് വണ്ടി സ്വർണ്ണവുമായി വന്നവരാണ് നമ്മുടെ പൂർവ്വികരെന്നും, മണ്ണിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും ലിഖിതങ്ങളിൽ ഉണ്ട്. ഇനി അതെങ്ങാനും നാട്ടിൽ പാട്ടായി, സർക്കാർ കുത്തി കിളക്കാൻ വന്നാൽ നമ്മുടെ തറവാടിന്റെ അസ്ഥിവാരം പോകും…. വേണോ ?

അയ്യോ, വേണ്ടാ…. നമ്മുടെ തറവാട് അങ്ങനെ നിലനിൽക്കണം. ഏട്ടൻ ഞങ്ങടെ ദൈവാ…

കൂപ്പു കൈകളോടെ കോണിപ്പടികൾ ഇറങ്ങിപ്പോയ സഹോദരൻ നാണു മേനോന് രണ്ട് വണ്ടി സ്വർണ്ണത്തെ കുറിച്ച് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടു. അത് ഭ്രാന്തായി പരിണമിക്കും എന്ന തോന്നലുണ്ടായപ്പോൾ മറ്റ് സഹോദരങ്ങളായ വാസുവിനോടും, സുകുവിനോടും പറഞ്ഞു.

ഹായ്, എന്താ പറയാ… കോലാർ സ്വർണ്ണ ഖനിയിൽ മണ്ണും ചാരി നിൽക്കണ മാതിരി ആയല്ലോ…..ഇനി ഇപ്പൊ എന്താ ചെയ്യാ….
അവരെല്ലാം കൂടി തല പുകച്ചു. തറവാട്ടു ഭരണത്തിന്റെ സുഖ ശീതളതയിൽ രമിച്ചിരുന്ന കേളു മേനോൻ മാത്രം ശാന്തനായി ഇരുന്നു. എല്ലാവരെയും കൂട്ടിപിടിക്കുന്നത് പോലെ താക്കോൽ കൂട്ടവും മുറുകെ പിടിച്ചു.

തറവാട്ട് മുറ്റത്ത് മാത്രമല്ല കൃഷി സ്ഥലങ്ങളിലും സ്വർണ്ണം കുഴിച്ചിട്ടിട്ടുണ്ടാവാം എന്ന ആധിയിൽ ഒരുനാൾ കേളുമേനോന്റെ മുന്നിലേക്ക് നാണു മറ്റ് കുടുംബാംഗങ്ങളെയും അണി നിരത്തി ജാഥയായി വന്നു.

എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ കേളുമേനോന് സംശയമായി…

എന്താ…. രാവിലെ കഞ്ഞി കിട്ടിയില്ലാന്നുണ്ടോ?…. പതിവ് പോലെ നുറുക്ക് നെയ്യും വിളമ്പിയില്ലാന്നുണ്ടോ ?

ഒക്കെ കിട്ടി… ഒന്നിനും കുറവുണ്ടായില്ല….

പിന്നെ ….

അല്ല… ഈ പാട്ടത്തിന് കൊടുത്ത ഭൂമിയൊക്കെ തിരിച്ചെടുത്ത് ഞങ്ങൾ നേരിട്ട് കൃഷി നടത്തിയാലോ എന്നാലോചിക്കാ…..ഏട്ടടെ അഭിപ്രായം അറിയണം….

ന്താ പ്പോ അങ്ങനെ തോന്നാൻ…

ഏട്ടടെ ഭരണത്തിൻ കീഴിൽ ഞങ്ങൾ സുഖമായി ഉണ്ടുറങ്ങാന്ന് എല്ലാരും പറയുണു. സുഖലോലുപരെ വെട്ടിക്കൊല്ലണ ഒരു വിപ്ലവവും കിഴക്ക് നിന്ന് പടർന്ന് പിടിക്കണ്ണ്ട്……

പാട്ടക്കാര് ഇവിടെ അറ നിറക്കണണ്ട്. അത് പാലിക്കാൻ പറ്റുംന്ന് ണ്ടെങ്കിൽ ആയിക്കോളൂ. അവരവരുടെ മണ്ണിൽ അവരവർ ചവുട്ടുന്നതാ പുണ്യം.

പാട്ടക്കാരെ ഒഴിവാക്കി കൃഷി ഭൂമി ഏറ്റെടുത്തത്തിന് ശേഷമാണ് ഭൂ പരിഷ്കരണ നിയമം വന്നത്. നെടുമ്പാട്ട് തറവാടിന് ഒന്നും നഷ്ടമായില്ല.
മണ്ണ് ഉഴുത് മറിച്ച് നോക്കിയ നാണു മേനോനും കൂട്ടർക്കും സ്വർണ്ണമൊന്നും കിട്ടിയില്ലെങ്കിലും നല്ല വിളയെടുപ്പ് കിട്ടി. സ്വർണ്ണ മണികൾ പോലെയുള്ള നെൽക്കതിർ കൊണ്ട് മനസ്സും അറയും നിറച്ചു. മിച്ചം വന്ന നെല്ല് വിറ്റ് ഭൂമി വാങ്ങി കൂട്ടി. തറവാടിന്റെ ആസ്തി കൂടി.

നമ്പൂതിരിപ്പാടുമായി ഉള്ള തൻ്റെ സുഹൃത്ബന്ധം കൊണ്ടാണ് ഒന്നും നഷ്ടമാകാതെ പോയതെന്ന് കേളു നായർ പലയിടത്തും മേനി പറഞ്ഞു. മരിക്കുവോളം മേനി പറച്ചിൽ ആവർത്തിക്കുകയും ചെയ്തു. മരിക്കും എന്നുറപ്പുള്ള ഒരു ദിവസ്സം, ഭാര്യയെ വിളിച്ച് സ്വകാര്യമായി പറഞ്ഞു. നിന്നോടും ഞാൻ കുറെ നുണ പറഞ്ഞിട്ടുണ്ട്. നീ ആരോടും പറയരുത്…. ഈ നമ്പൂതിരിപാടിനെ എനിക്കറിയില്ല. പത്രത്തിൽ ഫോട്ടോ കണ്ട പരിചയം മാത്രേ ഉള്ളു….….

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സഹധർമ്മിണി പറഞ്ഞു…. എനിക്കറിയായിരുന്നു….

എങ്ങിനെ അറിയാം….അമ്മുവിന് അതെങ്ങനെ അറിയാം…കേളു മേനോന് ആകാംഷയായി…

ലോകത്തെ എല്ലാ ഭരണാധികാരികളും ഇന്ന് വരെ നുണയെ പറഞ്ഞിട്ടുള്ളു. പറയുകയുമുള്ളൂ.

അമ്മുവിന് ഇത്രേം ബുദ്ധിണ്ടെന്ന് കരുതിയില്ല. ഞാനില്ലെങ്കിലും ഈ തറവാടിന്റെ കീർത്തിയും പ്രതാപവും അമ്മു നില നിർത്തണം.

ഒരു നാടക രംഗം പോലെ കേളുമേനോൻ വിട വാങ്ങി. പതിന്നാറു കഴിഞ്ഞപ്പോൾ മുണ്ടും തോർത്തും കൊടുത്ത് അമ്മു ഏട്ടത്തിയെ ഒഴിവാക്കി നാണു മേനോൻ അധികാരിയായി.

കാലചക്രം ഉരുണ്ടുകൊണ്ടിരുന്നപ്പോൾ നാണു മേനോനും പിന്നീട് വന്ന രാവുണ്ണി മേനോനുമൊക്കെ വരാന്തയിലെ ചുവർ ചിത്രങ്ങളായി. അവരുടെ സഹധർമ്മിണികളും മുണ്ടും തോർത്തുമായി പടിയിറങ്ങി. എങ്കിലും മറ്റ് തറവാടുകളെ പോലെ നെടുമ്പാട്ട് തറവാട് ക്ഷയിക്കാതെ നിലനിന്നു. പൊളിഞ്ഞു വീഴാതെ നിൽക്കുന്ന ചുരുക്കം ചില എട്ടു കെട്ടുകളിൽ ഒന്നായി നെടുമ്പാട്ട് തറവാട് മാറി.

പുത്തൻ തലമുറക്കാരിൽ പലരും അന്യ സംസ്ഥാനങ്ങളിലേക്കും വിദൂര രാജ്യങ്ങളിലേക്കും ചേക്കേറിയെങ്കിലും വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തും. ആരും ഒന്നും ചോദിച്ചില്ലെങ്കിലും ആത്മഗതം പോലെ പറയും.

ഓ…ഇതാണ് നമ്മടെ രാജ്യം….വരാതിരിക്കാൻ പറ്റോ….

അങ്ങിനെ ഒരു ഒത്തു ചേരലിൽ ആണ് ഏകാധിപത്യ ഭരണം മാറി തിരഞ്ഞെടുക്കപ്പെട്ട ഒരു സമിതി തറവാട് ഭരിക്കണമെന്ന അഭിപ്രായം വന്നത്. സ്ത്രീ പ്രതിനിത്യവും ഉറപ്പാക്കണമെന്ന വാദവും ഉയർന്നു. മുണ്ടും തോർത്തുമായി ഇറങ്ങിപ്പോയ അമ്മു വല്യമ്മയും, ജാനകി ചെറിയമ്മയുമൊക്കെ രക്ത സാക്ഷികളായി വാഴ്ത്തപ്പെട്ടു.

കഴിഞ്ഞത് കഴിഞ്ഞു. പരസ്പരം വഴക്കടിച്ച് ഭാഗം വെക്കാം എന്നാരും കരുതേണ്ട. എളുപ്പത്തിൽ ഭാഗം വെക്കാൻ കഴിയുന്ന ഒന്നല്ല നെടുമ്പാട്ട് തറവാട്. അവകാശികൾ കണ്ടൽ വനം പോലെ പടർന്ന് കിടക്കാ….എല്ലാരേയും കണ്ടെത്താനും ഒപ്പ് മേടിക്കാനുമൊക്കെ ശ്ശി ബുദ്ധിമുട്ടാ… സത്യത്തിൽ ഐക്യമുള്ളത് കൊണ്ടല്ല…..ഗതികേട് കൊണ്ടാണ് നെടുമ്പാട്ട് തറവാട് നിലനിൽക്കുന്നത്. തലമൂത്ത കാരണവർ ശേഖര മേനോൻ സത്യം പറഞ്ഞു. എല്ലാവരും അത് അംഗീകരിച്ചു. രഹസ്യമായി തങ്ങളുടെ ഗതികേടിനെ ഓർത്ത് നെടുവീർപ്പിട്ടു.

സത്യം വിളിച്ചു പറഞ്ഞത് കൊണ്ട് ശേഖര മേനോനെ തറവാടിന്റെ തലവനാക്കാൻ എല്ലാവരും കൂടി തിരുമാനിച്ചു.

വെറുതെ ഒരു കമ്മിറ്റി പോലെ കുറെ പേരെ തിരഞ്ഞെടുത്തത് കൊണ്ട് കാര്യമില്ല. ഒരു മന്ത്രി സഭ പോലെ, റവന്യൂ, ധനകാര്യം, മരാമത്ത്, കുടുംബ ക്ഷേത്രം, കൃഷി എന്നിവയൊക്കെ നോക്കി നടത്താൻ കഴിവുള്ള ആളുകൾ തന്നെ വേണം.

മരാമത്ത് ഏറ്റെടുക്കാൻ റിട്ടയേർഡ് പൊതു മരാമത്ത് എഞ്ചിനീയർ ആയിരുന്ന ഗോപാല മേനോൻ കൈ പൊക്കിയെങ്കിലും പ്രവർത്തി പരിചയം തീരെ ഇല്ല എന്ന് പറഞ്ഞ് തള്ളി. പകരം സ്വകാര്യ മേഖലയിൽ വിയർപ്പൊഴുക്കുന്ന ഒരു യുവാവിനെയാണ് ഉത്തരവാദിത്വം ഏൽപ്പിച്ചത്.

ധനകാര്യം ഒഴിച്ച് മറ്റ് വകുപ്പുകൾക്ക് അതി വേഗം ഓരോരുത്തരെ കണ്ടെത്തി.

ബുദ്ധിജീവികളായ എക്കണോമിസ്റ്റുകളെയും, ചാർട്ടേർഡ് അക്കൗണ്ടന്റുകളെയും ശേഖര മേനോൻ നിർദാക്ഷിണ്യം തഴഞ്ഞു.

വരുമാനം കുറവും ചിലവ് കൂടുതലും ഉള്ള കാലമാണ്. അതൊരു ആഗോള പ്രതിഭാസം കൂടിയാണ്. സർക്കാർ പോലും കടം വാങ്ങി, കടം വാങ്ങി ഭരിക്കുന്നു. അത് കൊണ്ട് തികച്ചും വ്യത്യസ്തനാവണം നമ്മുടെ ധനകാര്യം കൈകാര്യം ചെയ്യേണ്ട ആൾ. ഡിഗ്രിയും പത്രാസുമൊന്നും വേണമെന്നില്ല. മിടുക്കാനാവണം. ആരെങ്കിലുമുണ്ടോ? ശേഖരമേനോൻ എല്ലാവരോടുമായി ചോദിച്ചു.

കുറച്ച് നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം ഒരാൾ വിളിച്ചു പറഞ്ഞു. എനിക്ക്
അറിയാവുന്ന ഒരാളുണ്ട്. സുകുമാര മാമ. തീർത്ഥയാത്രക്ക് പോയതോണ്ട് ഇവിടെ എത്തിയിട്ടില്ല.

സുകുമാരനോ… ആരാത്…ഒന്ന് തെളിച്ച് പറയു.

ജൂനിയർ കേളുന്നും വിശഷിപ്പിക്കാം. ഒടുവിലത്തെ നാടുവാഴിയുടെ ഇളയ പുത്രനാണ്. ആള് കേമനാണ്….

ഇപ്പൊ ബന്ധം മനസ്സിലായി. കുടുംബ ക്ഷേത്രത്തിലെ പൂജക്ക് കണ്ടിട്ടുംണ്ട്. ന്നാലും, എന്താ ഇത്ര കേമത്തം.

ഇവിടന്ന് കൊടുത്ത മുണ്ടും തോർത്തുമുണ്ടുമായി അമ്മു വലിയമ്മ ഇറങ്ങിയപ്പോൾ മുണ്ടിന്റെ ഒരറ്റം പിടിച്ചുകൊണ്ട് പോയ കുട്ടിയാണ് സുകുമാമ. വലുതായപ്പോ, ആരും പട്ടിണി കിടക്കണ്ടാന്ന് കരുതി ദില്ലിക്ക് വണ്ടി കയറി. മാരുതി കമ്പനിയിൽ ജോലിക്ക് കയറി. ബാല്യകാലത്ത് സവാരി വണ്ടിയിൽ കുളമ്പടി ശബ്ദത്തോടെ യാത്ര ചെയ്ത് ശീലമുള്ള സുകുമാമ തുകൽ ചെരുപ്പിൽ ലാടം പിടിപ്പിച്ച്, ടക് ടക് ശബ്‍ദം ഉണ്ടാക്കി നടന്നു. ചോദ്യം ചെയ്ത സൂപ്പർവൈസറെയും മാനേജരെയും രാജകീയമായി തല്ലി, കമ്പനിക്ക് പുറത്തായി. അന്നത്തെ കാലത്ത് ഗാന്ധി കുടുംബത്തിന്റെ വിശേഷങ്ങൾ മാത്രം അച്ചടിച്ചിരുന്ന ദില്ലിയിലെ മാധ്യമങ്ങൾ ഈ കഥ അറിഞ്ഞില്ല.

അത് എന്തായാലും നന്നായി. ഇല്ലെങ്കിൽ കരിപുരണ്ട സുകു എന്ന ഓമനപേര് വന്നേനെ. സന്ദർഭത്തിനൊത്ത് ശേഖരമേനോൻ തമാശ പറഞ്ഞ് സ്വയം പൊട്ടിച്ചിരിച്ചു.

സുകുമാമ തളർന്നില്ല. വാരാണസിയിലും ഹിമാലയ സാനുക്കളിലും അലഞ്ഞു തിരിഞ്ഞു. അനുകരണ ശീലം ഉള്ളത് കൊണ്ട് കർമ്മികളെ അനുകരിക്കാൻ ശ്രമിച്ചു. അതിലൂടെ ധനം സമ്പാദിച്ചു. നാട്ടിൽ വീടും ഭൂമിയും വാങ്ങി. പെൺമക്കളെ നല്ല നിലയിൽ കെട്ടിച്ചയച്ചു.

ഹോ, കേമൻ… പിന്നെ ഇപ്പൊ എന്തിനാണ് തീർത്ഥാടനം. മാനേജരെ പൂശിയതിന്റെ പ്രായശ്ചിത്തമാണോ ?

ഹേയ്, ധന കമ്മി വരുന്നു എന്ന് തോന്നിയാൽ രാമേശ്വരത്തേക്കോ, കാശിയിലേക്കോ വെച്ച് പിടിക്കും. കർമ്മിയായി മാറും. കാശും കൊണ്ടേ വരു.

അപ്പൊ, കൃഷി ഭൂമിയൊക്കെ ഉണ്ട്‌ന്നല്ലേ പറഞ്ഞത്. അതിന്റെ വരുമാനം…ശേഖര മേനോൻ സംശയം പ്രകടിപ്പിച്ചു.

സ്വന്തം വരുമാനത്തിൽ തൊടില്ല. അതെല്ലാം നിക്ഷേപമാണ്. ചിലവിനുള്ളത് അന്യരിൽ നിന്ന് എന്നാണ് പ്രമാണം…

ച്ചാൽ… നമ്മടെ സർക്കാരൊക്കെ നികുതി പിരിക്കുന്നത് പോലെ….. ശേഖരമേനോൻ ഇടക്ക് കയറി പറഞ്ഞു.

ഒരു ഉപകഥ കൂടിയുണ്ട്…. പറയട്ടെ….

പറഞ്ഞോളൂ…ന്താ സംശയം… എല്ലാവരും കേട്ട് പഠിക്കട്ടെ. ശേഖരമേനോൻ പ്രോത്സാഹിപ്പിച്ചു.

മാമയുടെ വീട്ടിൽ ഒരു നല്ല ടീ .വി വേണം എന്ന ആവശ്യം ഉയർന്നു. അത് നിർബന്ധമായി മാറിയപ്പോൾ സുകുമാമ പറഞ്ഞു. ടീ.വിയല്ലേ വേണ്ടു. വാങ്ങിക്കാം. ഇത്തിരി സമയം തരണം.

സുകുമാമ ആലോചിച്ചു. ഭാര്യയുടെ ചെറിയച്ഛന്റെ മകൻ നാഷണലൈസ്‌ഡ്‌ ബാങ്കിലാണ്. രണ്ട് മൂന്ന് വർഷം കൂടുമ്പോൾ ടീ.വിയും, കിടക്കയും ഒക്കെ മാറ്റി വാങ്ങുന്നുമുണ്ട്. അയാൾക്ക് ഒരു മിസ് കാൾ അടിച്ചു. ബാങ്കിലെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ ആയത് കൊണ്ട് തിരിച്ചു വിളിച്ചു. നാട്ടു കാര്യങ്ങൾ പറഞ്ഞ് മുഷിപ്പിച്ച ശേഷം ടീ.വിയുടെ കാര്യം അവതരിപ്പിച്ചു. ഭാഗ്യത്തിന് ഒരു ടീ.വി ഭാര്യ വീട്ടിൽ വെറുതെ ഇരിക്കുന്നു.

ന്നാൽ, ഞാനെടുത്തോട്ടെ. ഇലട്രോണിക്‌സ് വസ്തുക്കൾ വെറുതെ വെക്കരുത്. കേടാവും. അവിടെ ആരുണ്ട്,

ഭാര്യയുടെ അനിയത്തി മാലിനി. അവളുടെ മകൾ പ്രസവത്തിന് വന്നിട്ടുണ്ട്.

ഉവ്വോ… ഏതാശുപത്രിയിലാ കാണിക്കണത്….

സഹകരണ ആശുപത്രിയില്… ഡോ. പാർവ്വതി…

ന്നാൽ…നന്നായി… എൻ്റെ വീടിന്റെ അടുത്താണല്ലോ. അടുത്തെങ്ങാനും ചെക്ക് അപ്പിന് വരുന്നുണ്ടോ? കാറിലാവില്ലേ വരവ്.

ഈയാഴ്ച ഉണ്ടാകും എന്ന് തോന്നുന്നു…. അല്ല, എന്താ വേണ്ടേ …

വരുമ്പോ ടീ.വിയും കൂടെ കാറിൽ കയറ്റിയാൽ നന്നായിരുന്നു. വെറുതെ ഇരിക്കയല്ലേ…

അങ്ങിനെ ഒരു ചിലവും ഇല്ലാതെ ടീ.വി വീട്ടീലേക്ക് എത്തിച്ച കേമനാണ് സുകുമാമ. എന്താ ധനകാര്യം നോക്കാനുള്ള പ്രാപ്തിയില്ലെ ….

ശേഖര മേനോൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. കേമനാണെ… ആള് കേമൻ തന്നെ. ഇനി ഒന്നും നോക്കാനില്ല.

സുകുമാര മേനോനെ തേടി കാശിയിലേക്കും രാമേശ്വരത്തേക്കും ആളെ വിട്ടു. തേടി തേടി ഗംഗയുടെ തീരത്ത് ആൾത്തിരക്കിനടയിൽ നിന്നും കണ്ടെത്തി. ബന്ധുക്കളിൽ നിന്നും വിവരം അറിഞ്ഞ് താടി ഉഴിഞ്ഞ് ഒന്നാലോചിച്ചു. പിന്നെ ഒറ്റക്കാലിൽ കിഴക്കോട്ട് നോക്കി നിന്ന് ജടയും പൂണുലും ഗംഗയിലേക്ക് വലിച്ചെറിഞ്ഞു. പടിഞ്ഞാറോട്ടു നോക്കി ഒന്ന് ചിരിച്ചു. എല്ലാം ആചാരങ്ങളുടെ ഭാഗമാണെന്നു ബന്ധുക്കൾ കരുതി.

നിങ്ങൾ ഇന്ന് ഇവിടെ എത്തിയത് നന്നായി….

അതെന്താ… ഇനി സമാധിയാകാൻ തിരുമാനിച്ചിരിക്കുക ആയിരുന്നോ എന്ന സംശയം പോലെ ഏവരും വാ പൊളിച്ചു നിൽക്കുമ്പോൾ സുകുമാരൻ തുടർന്നു.

നാളെ അയോധ്യയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇനി എന്തായാലും നെടുമ്പാട്ട് തറവാടാണ് എൻ്റെ അയോദ്ധ്യ. ശേഖരേട്ടയാണ് എൻ്റെ ശ്രീരാമൻ.

തറവാടിന്റെ ചവിട്ടു പടികൾ ഒറ്റ ചാട്ടത്തിൽ രണ്ട്‌ കാലും വെച്ചാണ് കയറിയത്.

ധനകാര്യം എളിമയോടെ ഏറ്ററെടുത്തുകൊണ്ടു ആദ്യ യോഗത്തിൽ ഇങ്ങനെ പറഞ്ഞു. വളരെ പ്രതാപവും പ്രമുഖവുമായ തറവാടാണ് നമ്മുടേത്. ഇതിന്റെ പ്രശസ്തി നാട് മുഴുവൻ അറിയണം. അതിലൂടെ വരുമാനവും കണ്ടെത്തണം. ഇവിടെയിപ്പോൾ അധികം താമസ്സക്കാരൊന്നും ഇല്ലല്ലോ. നമുക്ക് സിനിമാ/ സീരിയൽ ഷൂട്ടിങ്ങിനായി കൊടുത്താലോ ?

അതൊരു നല്ല ആശയമായി ഏവർക്കും തോന്നി. കയ്യടിച്ചു പാസ്സാക്കി.

ശേഖരേട്ടയും മറ്റും ഈ തറവാടിന്റെ ഭരണാധികാരികൾ ആണ്. നല്ല പ്രതാപത്തോടെ നടക്കണം. എല്ലാവർക്കും മുന്തിയ വാഹനം വാങ്ങിക്കോട്ടെ…..മാസ്സാമാസ്സം പെട്രോൾ ചിലവും തരാക്കാം

എല്ലാവരും ഫ്ലാറ്റായി.

സുകു തുടർന്നു… വാഹനം കിട്ടിയാൽ എല്ലാവരും ഒരു ഉല്ലാസ യാത്ര നടത്തി കൊള്ളൂ. തിരുമ്പി വരും വരെ എല്ലാമേ നാൻ ഭദ്രമാ പാത്ത്ക്കിറേൻ…

എല്ലാവരുടെയും മനസ്സ് നിറഞ്ഞു. ചുരുങ്ങിയ ദിവസ്സങ്ങൾക്കുള്ളിൽ ഔദ്യോധിക വാഹനം വന്നു. ഏവരും കുടുംബ സമേതം ഉല്ലാസയാത്ര തുടങ്ങി.

തൻ്റെ ധനകാര്യം ഒന്ന് കൂടി പോഷിപ്പിക്കുവാനായി ധനകാര്യമന്ത്രി ആരും തുറക്കാൻ അറച്ച നിലവറ തുറന്നു. അമ്മ പണ്ട് ഇവിടെനിന്നും ഇറങ്ങുമ്പോൾ അച്ഛൻ ഏൽപ്പിച്ചിരുന്ന താക്കോൽകൂട്ടം മുണ്ടിന്റെ തുമ്പിൽ കൊരുത്തിരുന്നു. അന്നേ അതിന്റെ വക്കിൽ പിടിച്ചുകൊണ്ടാണ് നടന്നത്.

എമർജൻസി ലാമ്പിന്റെ വെളിച്ചത്തിൽ കുടങ്ങളിൽ നിന്നും സ്വർണ്ണ നാണയങ്ങളും ചെമ്പു പാത്രങ്ങളും എല്ലാം എടുത്തു. തിരിച്ച് കുടങ്ങളിൽ പുളിയും പുളുങ്കുരുവും നിറച്ചു. ക്ഷീരബല നൂറ്റിയൊന്ന് ആവർത്തി പോലെ യജ്ഞo അവസ്സാന നാണയം വരെ തുടർന്നു.

പിന്നെ വെറുതെ ചരിത്രം എടുത്ത് നോക്കി. വായിച്ചു വായിച്ച് അവസാനമെത്തിയപ്പോൾ ചിരി പൊട്ടി….പിന്നെ പൊട്ടി പൊട്ടി ചിരിച്ചു. വർഷങ്ങൾക്കു മുമ്പ് പല്ലവ വംശത്തെ മന്ത്രിയായിരുന്നു തറവാടിന്റെ കാരണഭൂതനായ പിതാമഹൻ.

ഉവ്വ്, അയാൾ കൈകാര്യം ചെയ്തതും ധനകാര്യം തന്നെയാവണം…

പാരമ്പര്യം…. അത് നില നിർത്തേണ്ടത് തന്നെ…..പിന്നെ ചരിത്രം… അത് തിരുത്തുകയുമരുത്…. നിലവറയുടെ വാതിൽ പഴയ പടി അടക്കുമ്പോൾ അയാൾ പിറുപിറുത്തു.

വി.കെ. അശോകൻ, സാകേതം, കൊച്ചി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments