പ്രഭാതം മുതൽ മുതൽ വൈകീട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്തമനം) വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ നോമ്പ്.
ശുദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി തീരും മുമ്പെ എന്തും കഴുകിത്തുടക്കണം. ഇല്ലെങ്കില്‍ അത് കാലാന്തരങ്ങളില്‍ കുറുകിക്കൂടി ഘനീഭവിച്ചു നില്‍ക്കും. കനിവും ആര്‍ദ്രതയും അന്യമായി വെറും ശിലയായി മാറും. മനസ്സും ഇങ്ങനെ തന്നെയാണ്. വിജനമായ മരുഭൂമിയില്‍ ഞെട്ടറ്റുവീണ കരിയില പോലെയാണത്. കാറ്റിന്റെ ചെറിയൊരു ഇളക്കം പോലുമതിനെ മലക്കം മറിച്ച് കൊണ്ടിരിക്കും. സാമൂഹ്യ ജീവിയായതു കൊണ്ടുതന്നെ സമൂഹത്തിലെ ചലന നിശ്ചലനങ്ങള്‍ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കും.
മനുഷ്യന്റെ ശുദ്ധിയെന്നത് മനസ്സിന്റെ ശുദ്ധി കൂടിയാണ്. തിന്മകളുടെ ബഹളങ്ങളില്‍ നിന്നു മാറിനില്‍ക്കാന്‍ മനസ്സിനെ പരുവപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്ലാം വിശ്വാസികളോട് കല്‍പ്പിക്കുന്നുണ്ട്. ഒത്തുവരുന്ന സാഹചര്യങ്ങള്‍, മനസ്സിനെ ദുഷ്പ്രേരണകളാല്‍ അപകടത്തില്‍ പെടുത്തുമെന്നത് വാസ്തവമാണ്. നേരും നെറിയും സത്യവും മിഥ്യയും പൈശാചിക പ്രേരണകളാല്‍ പലരിലും ആടിയുലയും. ഭൗതിക ലോകത്തെ പരിമിതമായ കാലയളവിനുള്ളില്‍ മാലിന്യങ്ങള്‍ അള്ളിപ്പിടിക്കാത്ത, ശുദ്ധീകരിച്ച ഹൃദയങ്ങളുമായി നാം ജീവിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പരലോകത്ത് വിജയികളോടൊപ്പം ജീവിത സാക്ഷാത്കാരം സാധ്യമാക്കാനാവൂ.
ശുദ്ധി നേടിയ മനസ്സും ശരീരവും ആത്മാവുമായി. ഇരുലോക വിജയത്തിന്റെയും സഹാനുഭൂതിയുടെയും സാധനയാണ് വൃതം. സൂഭിക്ഷയുടേതു മാത്രമല്ല; വിശപ്പിന്റെതു കൂടിയാണ് ജീവിതമെന്ന് അത് ഓര്‍മപ്പെടുത്തുന്നു.
വർഷത്തിൽ ഒരു മാസം – ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിലാണ് – വിശ്വാസികൾ വ്രതമെടുക്കേണ്ടതുണ്ട്. റമദാൻ മാസത്തിലെ വ്രതം വിശ്വാസികൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. രോഗി, പ്രായ പൂർത്തിയാകാത്ത കുട്ടികൾ, ബുദ്ധി ഭ്രമം സംഭവിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അവശരായ വൃദ്ധർ, യാത്രക്കാർ എന്നിവർ ഒഴികെ എല്ലാവർക്കുമത് നിർബന്ധമാണ്.
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. (ഖുർആൻ 2:183)
ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്. ) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിൻറെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കൽപിച്ചിട്ടുള്ളത്. ) (ഖുർആൻ 2:185)
വ്രതമെടുക്കൽ നിഷിദ്ധമായ സന്ദർഭങ്ങൾ.
ഈദുൽ അദ്‌ഹ (ബലിപെരുന്നാൾ) ദിവസം
ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ദിവസം
അയ്യാമുത്തശ്‌രീഖ് – ബലി പെരുന്നാൾ കഴിഞ്ഞുള്ള മൂന്ന് ദിനങ്ങൾ
അത്താഴം, നോമ്പുതുറ
നോമ്പ് എടുക്കുന്നതിന്റെ തലേ അർദ്ധരാത്രി മുതൽ സൂര്യോദയത്തിനു മുമ്പ് കഴിക്കുന്ന ഭക്ഷണമാണ് അത്താഴം, ഇടയത്താഴം എന്ന് പറയുന്നത്. അറബിയിൽ ഇതിനെ സുഹുർ എന്നാണ് പറയുന്നത്. അത്താഴം വളരെ പ്രധാനമാണ്. അ സന്ധ്യാനമസ്കാരത്തിന്റെ സമയമറിയിക്കുന്ന ബാങ്ക് കേട്ടാൽ വെള്ളം കഴിച്ചോ എന്തെങ്കിലും ഭക്ഷിച്ചോ നോമ്പ് അവസാനിപ്പിക്കുന്നതിനെ നോമ്പ് തുറ അഥവാ ഇഫ്താർ എന്നു പറയുന്നു.
നിശാനമസ്കാരം തറാവീഹ്.
സാധാരണയുള്ള നിർബന്ധനമസ്കാരങ്ങൾക്ക് പുറമേ രാത്രി ഇശാഅ് നമസ്കാരത്തിനും രാവിലെ സുബ്‌ഹി നമസ്കാരത്തിനും ഇടയിലായി നടത്തപ്പെടുന്ന നമസ്കാരത്തിന് റമദാനിൽ പ്രത്യേക പ്രാധാന്യം നൽകപ്പെടുന്നു.
ഇഅ്തികാഫ്.
മറ്റെല്ലാകാര്യങ്ങളിൽ നിന്നും വിട്ടുനിന്ന് ഭജനമിരിക്കുന്നതാണ് ഇഅ്തികാഫ്. റംസാനിൽ മാത്രമല്ല എല്ലാ സമയത്തും ഇഅ്തികാഫ് സുന്നത്താണ്. നിശ്ചിത സമയം നിയ്യത്തോടുകൂടി പള്ളിയിൽ ഇരുന്നാൽ ഇഅ്തികാഫ് സിദ്ധിച്ചു.
സകാത്തുൽ ഫിത്ർ.
റംസാൻ മാസത്തിലെ അവസാനത്തെ ദിവസം അസ്തമിക്കുമ്പോൾ കുടുംബനാഥൻ തന്റെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കും വേണ്ടി രണ്ടു കി.ഗ്രാം ഇരുനൂറു ഗ്രാം ധാന്യം വീതം ദാനം ചെയ്യുന്നു. ഒരു മാസത്തെ വൃതത്തിലും മറ്റു അനുഷ്ഠാനങ്ങളിലും വന്ന വീഴ്ചകൾക്കും പിഴവുകൾക്കും പരിഹാരമാവും ഈ നിർബന്ധദാനമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്.
ഈദുൽഫിത്ർ.
റമദാൻ മാസം ആവസാനിച്ച് അടുത്തമാസമായ ശവ്വാൽ മാസം ഒന്നിനാണ് ഈദുൽഫിത്ർ.