Monday, December 9, 2024
Homeകേരളംഅരിക്കൊമ്പൻ തകർത്ത അതേ റേഷൻ കടയ്ക്ക് നേരെ ചക്കക്കൊമ്പന്റെ ആക്രമണം.*

അരിക്കൊമ്പൻ തകർത്ത അതേ റേഷൻ കടയ്ക്ക് നേരെ ചക്കക്കൊമ്പന്റെ ആക്രമണം.*

ഇടുക്കി: പന്നിയാർ എസ്റ്റേറ്റിലെ റേഷൻകടയ്ക്കുനേരെ കാട്ടാന ചക്കക്കൊമ്പൻ്റെ ആക്രമണം. മുൻപ് അരിക്കൊമ്പനെന്ന കാട്ടാന പതിവായി ആക്രമണം നടത്തിയിരുന്ന അതേ റേഷൻകടയ്ക്കു നേരെയാണ് ചക്കക്കൊമ്പൻ്റെയും ആക്രമണം ഉണ്ടായിരിക്കുന്നത്. ഫെൻസിങ് തകർത്താണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് റേഷൻകടയ്ക്കുനേരെ ആക്രമണം.

അരിക്കൊമ്പനെ നാടുകടത്തിയതോടെ റേഷൻകടയ്ക്കുനേരെ ഉണ്ടാകുന്ന കാട്ടാന ആക്രമണം ഒഴിഞ്ഞിരുന്നു. നാല് മാസം മുൻപ് റേഷൻകട പുതുക്കിപ്പണിതു ചുറ്റം ഫെൻസിങ് സംവിധാനവും സ്ഥാപിച്ചിരുന്നു. എന്നാൽ ഫെൻസിങ് തകർത്താണ് ചക്കക്കൊമ്പൻ റേഷൻകടയുടെ പരിസരത്തേക്ക് എത്തിയത്. ആനയുടെ ആക്രമണത്തിൽ റേഷൻകടയുടെ ചുമര് ഭാഗീകമായി തകർന്നു.

അതേസമയം അരിക്കൊമ്പനെ പോലെ ചക്കക്കൊമ്പൻ അരി ഭക്ഷിച്ചിട്ടില്ല. ശബ്ദം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ബഹളം വെച്ചതോടെ ആന തിരികെ വനത്തിലേക്ക് മടങ്ങി. കാട്ടിൽ ആവശ്യത്തിന് ഭക്ഷണം ഇല്ലാത്തതിനാലാണ് കാട്ടാന കാടിറങ്ങുന്നതെന്നാണ് തോട്ടം തൊഴിലാളികൾ പറയുന്നത്. എത്രയും വേഗം ആനയെ തുരത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ജനവാസമേഖലയിൽ എത്തി ചക്ക പതിവായി ഭക്ഷിച്ചതോടെയാണ് നാട്ടുകാർ കാട്ടാനയ്ക്ക് ചക്കക്കൊമ്പനെന്ന പേരിട്ടത്

റേഷൻകടയ്ക്കുനേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ വനം വകുപ്പ് വാച്ചർമാർ പ്രദേശത്ത് പരിശോധന നടത്തി. മേഖലയിൽ അരിക്കൊമ്പൻ പേടിസ്വപ്നമായി മാറിയതോടെയാണ് വനം വകുപ്പ് ആനയെ മയക്കുവെടിവെച്ചു പിടികൂടി നാടു കടത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു അരിക്കൊമ്പൻ ദൗത്യം നടന്നത്. അതേസമയം ഇടുക്കിയിൽ പതിവാകുന്ന വന്യജീവി ആക്രമണങ്ങൾ എങ്ങനെ തടയാമെന്ന് ആലോചിക്കാനായി വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിൽ സർവകക്ഷിയോഗം ചേരും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments