“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
“ഒരു പാത്രം വെള്ളത്തിൽ തിളവരുന്നത് ശ്രദ്ധിച്ച് ഇരുന്നാൽ ആദ്യം ഒരു കുമിള പൊന്തിവരുന്നത് കാണാം. പിന്നെ ഒന്ന്, പിന്നെ ഒന്ന്, അങ്ങനെ പല കുമിളകൾ ഒന്നിച്ചു പൊന്തിവന്ന് വെള്ളം മുഴുവനായും തിളച്ചു മറിയുന്നു. ഈ ലോകവും അതുപോലെയാണ്. ഓരോ മനുഷ്യർ ഓരോ കുമിള .! ഓരോ രാജ്യക്കാർ അനേകം കുമിളകൾ..! ക്രമത്തിൽ ഈ രാജ്യക്കാരെല്ലാം യോജിക്കുന്നു. ഇന്നു കാണുന്ന ഭിന്നിപ്പുകൾ ഇല്ലാതായി സർവ്വൈക ലക്ഷ്യമായ ഏകത വരുമെന്ന് എനിക്കുറപ്പുണ്ട്.”
– സ്വാമി വിവേകാനന്ദൻ
🌹ലോകർ മുഴുവനും ഒന്നാണെന്നും ഭിന്നതകൾ എല്ലാം മാറി ഐക്യത്തിൽ ആയിരിക്കണം മനുഷ്യജീവിതമെന്നുമുള്ള ആഹ്വാനവും നാം അപ്രകാരം ആയിത്തീരുമെന്ന പ്രതീക്ഷയും നൽകുന്ന സ്വാമി വിവേകാനന്ദൻ്റെ പ്രസിദ്ധമായ മൊഴികൾ..
🌹ബഹുസ്വരതയുടെ വഴികൾതേടി ഇന്നും ലോകം അലയുമ്പോൾ ഭാരതദർശനത്തിൽ സാഹോദര്യത്തിൻ്റെ മധുരം ചാലിച്ച പുണ്യ പ്രഭാവൻ്റെ ചിന്തകളിൽ കാലങ്ങൾക്ക് മുമ്പെ വിടർന്ന സ്നേഹ വസന്തമായ ദർശനങ്ങൾ..
🌿”നീർക്കുമിളകളായ നമ്മൾ…”
🌿”അഹങ്കരിക്കാനൊന്നുമില്ലാത്ത നമ്മൾ…”
കേവലം ഒരു ശ്വാസം മാത്രമായ നമ്മളേവരും ഒരുപോലെ.
അഹങ്കാരത്താൽ നിലംപരിശായ ശക്തമായ കഥാപാത്രങ്ങൾ ഇതിഹാസങ്ങളിൽ അനേകം നമുക്ക് കാണാം..
വിജയിക്കാമെന്നറിഞ്ഞിട്ടും; അഹങ്കാരത്തിൻ്റെ കണികപോലും ഇല്ലാതെ; വിനയാന്വിതനായിരുന്ന ശ്രീരാമനേയും നമുക്ക് കാണാം.
ചാപം കുലയ്ക്കാൻ അഹങ്കാരത്തോടെ തന്നെ വെല്ലുവിളിച്ച പരശുരാമനോട് ശ്രീരാമൻ പറയുന്ന മറുപടി ഇങ്ങനെ..
” വില്ലിങ്ങു തന്നാലും ഞാനാകിലോ കുലച്ചീടാ-
മല്ലെങ്കിലതിരുവുള്ളക്കേടുമുണ്ടാകവേണ്ട..”
സാദ്ധ്യമെന്നറിഞ്ഞിട്ടും ശ്രീരാമൻ നൽകിയ മറുപടിയും തുടർന്നുള്ള വിജയവും ഏവർക്കും പരിചിതം..
അഹം +കാര എന്ന സംസ്കൃത പദത്തിൻ്റെ അർത്ഥം തന്നെപ്പറ്റിത്തന്നെയുള്ള അതിരുകടന്ന മതിപ്പ്, ഗർവ്വം, ദുരഭിമാനം, അഹന്ത എന്നിങ്ങനെയാണ് .
“When pride comes, then comes dishonor,
But with the humble is wisdom.”
(അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; എളിയവരുടെ പക്കലോ ജ്ഞാനമുണ്ട് )
“ദൈവം അഹങ്കാരികളെ ചെറുക്കുന്നു എന്നാൽ എളിമയുള്ളവർക്ക് കൃപ നൽകുന്നു”
എന്നിങ്ങനെ വി. ബൈബിൾ സാക്ഷിക്കുന്നു.
🌺 “കാണും സഹചരിൽ
ചെറിയവരില്ലാരും..
സാഹചര്യങ്ങളിലന്തരം
കാണാമതു നൂനം” 🌺
ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമെങ്കിലും ഏവരും ഒരുപോലെ. നീയും ഞാനും ഓരോ നീർക്കുമിള മാത്രമെന്ന സത്യം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ച് ജീവിതയാത്ര തുടരാം…
എല്ലാ പ്രിയപ്പെട്ടവർക്കും നല്ല ഒരു ശുഭദിനം ആശംസിക്കുന്നു.
സ്നേഹപൂർവ്വം
💚🙏