മാറിക്കൊണ്ടിരിക്കുന്ന വസ്ത്രധാരണം
ഭാരതത്തെ പൊതുവേ ഉഷ്ണമേഖലയായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടായിരിക്കാം പഴമക്കാർ കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നത്. (എന്നാൽ ഇത് എല്ലാ സ്ഥലത്തും ബാധകമായിരുന്നില്ല). അന്നത്തെ സാധാരണക്കാരായ ജനങ്ങൾ മിക്കവാറും കർഷകരായിരുന്നു. അവരുടെ വേഷം ഒരു തോർത്തും ചീക്കലും കൗപീനം) മാത്രമായിരുന്നു. ക്ഷേത്ര ദർശനത്തിന് പോകുന്ന പുരുഷന്മാർ കോണകവും മുണ്ടും ധരിച്ചേ പോകാറുണ്ടായിരുന്നുള്ളൂ. കുളിക്കാൻ കടവിലോ , കുളത്തിലോ ഇറങ്ങിയാലും ഈരീതി തന്നെയാണ് അവലംബിച്ചിരുന്നത്. സ്ത്രീകൾ തറ്റുടുത്ത് മുണ്ടുടുത്ത് മേൽമുണ്ട് ചാർത്തിയേ ക്ഷേത്രത്തിൽ കയറാവൂ എന്നായിരുന്നു ആചാരം. ഇപ്പോഴും ഈ ആചാരം അനുഷ്ടിക്കുന്ന പലരേയും കാണാം പുരുഷന്മാരുടെ സാധാരണ വേഷം ഒരു മുണ്ടും ഒരു തോർത്തോ (ഷോൾ പോലെധരിക്കുന്ന) ആയിരുന്നു. ദൂരദേശങ്ങളിൽ പോകുമ്പോൾ മാത്രമേ പുരുഷന്മാർ ഷർട്ട് ധരിച്ചിരുന്നുള്ളൂ. അതായത് ഇക്കാലത്തെപ്പോലെ ആധുനിക വേഷവിധാനങ്ങളൊന്നും പണ്ട് ഉണ്ടായിരുന്നില്ല എന്ന് സാരം.
ലളിതമായ ജീവിതവും മുറുകെപിടിച്ച ആദർശവുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. മാത്രമല്ല ഇന്ന് കാണുന്ന ആർഭാടങ്ങളൊന്നും അക്കാലത്തുണ്ടായിരുന്നില്ല. വിവാഹത്തിനു പോലും വലിയ വിലപിടിപ്പുള്ള വസ്ത്രങ്ങൾ സാമ്പത്തിക ശേഷിയുള്ളവർ പോലും ധരിച്ചിരുന്നില്ല.
എന്നാൽ ഇക്കാലത്ത് ശരീരത്തിനെ വീർപ്പുമുട്ടിക്കുന്ന പാൻറ്റും ഷൂസും കോട്ടുമായി മനുഷ്യൻ മാറിക്കഴിഞ്ഞു. സ്ത്രീകളും ചുരിദാർ എന്ന ഓമനപ്പേരിൽ അത്തരത്തിൽ തന്നെ വസ്ത്രധാരണം ചെയ്യുന്നു .മാത്രമല്ല തുല്യത വസ്ത്രങ്ങളിലും വേണമെന്ന് പറഞ്ഞു മുറവിളി കൂട്ടുന്നു. ഈ പുതിയ വസ്ത്രധാരണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല എന്ന കാര്യം നാം മറന്നു കഴിഞ്ഞു. അനാരോഗ്യകരമായ വസ്ത്രധാരണത്തിലേക്ക് നമ്മൾ എത്ര പെട്ടന്നാണ് മാറിയത്! അതുമൂലം പല ആരോഗ്യ പ്രശ്നങ്ങളും ധാരാളം കണ്ടുവരുന്നു.
ഉദാഹരണത്തിന് ഗർഭണിയായ ഒരു യുവതി തൻ്റെ ഗർഭകാലം മുതൽ പ്രസവിക്കുന്നതുവരെയുള്ള കാലയളവിൽ ചുരിദാർ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ, പ്രസവിച്ചു കഴിയുമ്പോൾ, കുഞ്ഞിന് രണ്ടാഴ്ച പ്രായമാകുമ്പോൾ പുറംതൊലി പാടെ പൊട്ടി വരുന്നതു കാണാം .ഇതിന് കാരണം ഗർഭകാലത്ത് അമ്മയുടെ വയറിൽ സൂര്യപ്രകാശം തട്ടാത്തതു കൊണ്ടാണന്ന് ആലോപ്പതി ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും ഒരുപോലെ പ്രസ്താവിക്കുന്നുണ്ട്. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇതു പോലെ അനവധി പ്രശ്നങ്ങൾ വേറെയും കണ്ടു വരുന്നു.