Saturday, May 18, 2024
Homeസിനിമതിരിഞ്ഞുനോക്കുമ്പോൾ - 'മേനക' ✍ അവതരണം: ദിവ്യ എസ് മേനോൻ

തിരിഞ്ഞുനോക്കുമ്പോൾ – ‘മേനക’ ✍ അവതരണം: ദിവ്യ എസ് മേനോൻ

ദിവ്യ എസ് മേനോൻ

ഒരുകാലത്ത് മലയാളസിനിമയിലെ ഗ്രാമീണതയുടേയും ശാലീനതയുടേയും മുഖമുദ്രയായിരുന്നു മേനക. കുറച്ച് വർഷങ്ങൾ കൊണ്ട് കുറേയേറെ നല്ല കഥാപാത്രങ്ങളുമായി പ്രേക്ഷകമനസ്സുകളിൽ സ്ഥാനം നേടിയെടുത്തൊരു നടി. ആരെയും ആകർഷിക്കുന്ന, വളരെ പെട്ടന്ന് തന്നെ കാഴ്ചക്കാരന്റെ മനസ്സിൽ പതിയുന്ന മുഖശ്രീ തന്നെയാവും അവരെ മലയാളി പ്രേക്ഷകർക്ക് ഇത്രയേറെ പ്രിയങ്കരിയാക്കിയത്.

1963 ഓഗസ്റ്റ് 27 ന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ഒരു അയ്യങ്കാർ കുടുംബത്തിലാണ് മേനകയുടെ ജനനം. ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മേനകയുടെ സിനിമാപ്രവേശനം. 1981 ൽ പുറത്തിറങ്ങിയ കെ എസ് സേതുമാധവന്റെ ‘ഓപ്പോൾ’ എന്ന ചിത്രത്തിലൂടെയാണ് മേനകയുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം.

പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ സിനിമ‌കളിലെല്ലാം അവർ അഭിനയിച്ചെങ്കിലും ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് മലയാളത്തിൽ തന്നെയായിരുന്നു. പ്രേം നസീറിൽ തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, ശങ്കർ എന്നിങ്ങനെ രണ്ട്‌ തലമുറകളിലെ നായകന്മാരുടെ നായികയായി അഭിനയിക്കാനുള്ള അവസരം മേനകയ്ക്കുണ്ടായി. ശങ്കർ – മേനക പ്രണയജോഡികൾ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോഡികളിൽ ഒന്നായിരുന്നു.

എന്റെ സ്വപ്‌നങ്ങൾ പൂവണിഞ്ഞു, പൂച്ചയ്ക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരൻ, യുവജനോത്സവം, അയൽവാസി ഒരു ദരിദ്രവാസി, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, രേവതിക്കൊരു പാവക്കുട്ടി, പൊന്നും പൂവും തുടങ്ങിയവയെല്ലാം മേനകയുടെ ശ്രദ്ധിക്കപ്പെട്ടെ ചിത്രങ്ങളാണ്. ഒട്ടേറെ സിനിമകളിൽ സഹനടിയായും അവർ വേഷമിട്ടിട്ടുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ഒരിടവേളക്ക് ശേഷം നിർമ്മാതാവിന്റെ റോളിൽ അവർ മലയാളചലച്ചിത്ര ലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു. 2011 ൽ പുറത്തിറങ്ങിയ ‘ലിവിങ് ടുഗെതർ’ എന്ന ചിത്രത്തിലൂടെ അവർ അഭിനയരംഗത്തേക്കും തിരിച്ചുവരവ് നടത്തി.

ഇപ്പോഴും സിനിമകളിലും സീരിയലുകളിലും ഇടയ്ക്കൊക്കെ മുഖം കാണിക്കാറുണ്ടെങ്കിലും മേനകയെ മലയാളി ഓർക്കുന്നത് ഗൃഹാതുരതയുണർത്തുന്ന എൺപതുകളിലെ നായികയായിത്തന്നെയാവും. മലയാളസിനിമയിലെ ഈ നീലമലപ്പൂങ്കുയിലിന്റെ അഴകും മുഖശ്രീയും മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

അവതരണം: ദിവ്യ എസ് മേനോൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments