Tuesday, January 21, 2025
Homeമതംരക്ഷയ്ക്കുള്ള നിബന്ധനകൾ (അദ്ധ്യായം - 5) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

രക്ഷയ്ക്കുള്ള നിബന്ധനകൾ (അദ്ധ്യായം – 5) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കയും, വായ്‌കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്താല്‍ രക്ഷിക്കപ്പെടും.
ഹൃദയം കൊണ്ടു വിശ്വസിക്കുമ്പോള്‍ നമ്മുടെ ആത്മാവ് സൗജന്യമായി നീതീകരിക്കപ്പെടുന്നു. ആത്മാവ് നീതീകരിക്കപ്പെടുന്നത് ആത്മാവിന്റെ രക്ഷയാണ്.
എന്നാല്‍ വായ് കൊണ്ടു ഏറ്റുപറയുന്നത് ശരീരത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ്. അവന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കയും ചെയ്‌തേ മതിയാവൂ.

ഇവ എല്ലാം മനുഷ്യപക്ഷത്തു നിന്നുള്ള പ്രവര്‍ത്തികളാണ്. മേല്പടി കാര്യങ്ങളെല്ലാം ചെയ്തതിനു ശേഷമേ രക്ഷ ലഭിക്കയുള്ളൂ എന്നു പഠിപ്പിക്കുവാന്‍ പാടില്ല. അങ്ങനെ പഠിപ്പിച്ചാല്‍ മനുഷ്യന്‍ ചെയ്തതിന്റെ കൂലിയാണ് രക്ഷ എന്നു വരും. രക്ഷ ദാനമാണ്. സൗജന്യമാണ്. കൃപയാലാണ്. കൃപയാലെങ്കില്‍ പ്രവര്‍ത്തിയാലല്ല. അല്ലെങ്കില്‍ കൃപ കൃപയല്ല. (റോമ. 11:6) അതിനാല്‍ മനുഷ്യപക്ഷത്തു നിന്നുള്ള ഏതെങ്കിലും പ്രവര്‍ത്തികള്‍ ദൈവകൃപയോടു ചേര്‍ന്നിട്ട് മനുഷ്യന്‍ രക്ഷിക്കപ്പെട്ടു എന്ന് ആര്‍ക്കും പറവാന്‍ പാടില്ല.

മനുഷ്യരക്ഷ അനാദി നിര്‍ണ്ണയം പോലെ തന്റെ പുത്രന്‍ മുഖാന്തിരം ദൈവം നിര്‍വ്വഹിച്ചിരിക്കുന്നു. നമ്മുടെ ആത്മാവിനെ സൗജന്യമായി നീതീകരിച്ചതിന് ജഡരക്തങ്ങളുടെ യാതൊരുവിധ അനുവാദവും ദൈവം ചോദിച്ചിട്ടില്ല. അതിനാല്‍ യാതൊരുവിധ അവകാശവാദവും മനുഷ്യനു പറവാനില്ല. (റോമ. 10:7,) ഈ വചനപ്രകാരം ക്രിസ്തുവിനെ ഇറക്കിയതും കയറ്റിയതും ദൈവമാണെന്നും,
മനുഷ്യന്റെ ഹൃദയത്തിലും വായിലും വചനമായി സ്ഥിതിചെയ്യുന്നു എന്നും കാണുന്നു. (റോമ. 10:8.) ആ വചനമാണ് രക്ഷയ്ക്കാധാരമായ വിശ്വാസമായി പരിണമിച്ചിരിക്കുന്നത്. അതുകൊണ്ടാണ് വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു എന്ന് അപ്പസ്‌തോലന്‍ പറവാന്‍ കാരണമായത്. (റോമ. 10:17.) ചുരുക്കിപ്പറഞ്ഞാല്‍, ദൈവകൃപയാണ് രക്ഷയ്ക്കാധാരമായിട്ടുള്ളത്. മനുഷ്യ നെക്കൊണ്ടുചെയ്യിക്കുന്നത്. (1കൊരി. 2:4,) അപ്പോള്‍ കൃപ എല്ലാവര്‍ക്കും ഇല്ലേ? എന്നൊരു ചോദ്യം ഉദിക്കുന്നു. അതിനു വചനം തന്നെ ഉത്തരം തരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ തെറ്റുകൂടാത്തത് ദൈവവചനം മാത്രമാകുന്നു.

എല്ലാ യുഗങ്ങളിലേയും രക്ഷയെക്കുറിച്ച് ദൈവം നിര്‍ണ്ണയം ചെയ്തിരിക്കുന്നു. കൃപായുഗത്തിലെ രക്ഷയും ആ അനാദി നിര്‍ണ്ണയത്തിനധീനമാകുന്നു. അതുകൊണ്ടാണ് ലോകസ്ഥാപനത്തിനു മുമ്പേ ക്രിസ്തു യേശുവില്‍ നമ്മെ തിരഞ്ഞെടുത്തു എന്നു പറഞ്ഞിരിക്കുന്നത്. (എഫേ. 1:4) നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നും, അവരെ മുന്നറിഞ്ഞിരിക്കുന്നു എന്നും, അവരെ വിളിച്ച് നീതീകരിച്ച് തേജസ്‌കരിച്ചിരിക്കുന്നു എന്നും കാണുന്നു. (റോമ.8:28-30.) അതിനാല്‍ അനാദി നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവരില്‍ മാത്രം ദൈവാത്മാവ് പ്രവര്‍ത്തിക്കയും. അവരില്‍ വിശ്വാസം മുഖാന്തിരമുള്ള രക്ഷ വ്യാപരിക്കയും ചെയ്യുന്നു. അല്ലാത്തവര്‍ക്കു ക്രൂശിന്റെ വചനം ഭോഷത്തമായിട്ടേ വ്യാപരിക്കയുള്ളൂ. 1കോരി. 1:18. എന്തെന്നാല്‍ കളയുടെയും കോതമ്പിന്റെയും വിത്ത് ലോകത്തില്‍ വിതയ്ക്കപ്പെട്ടിരിക്കുന്നു. ഇവ രണ്ടും ലോകാവസാനംവരെ ലോകത്തില്‍ വളര്‍ന്നുകൊണ്ടിരിക്കും.

കള കോതമ്പാകയോ, കോതമ്പ് കളയാകയോ ചെയ്കയില്ല. മനുഷ്യന്‍ ഇവ രണ്ടിന്റെ മദ്ധ്യവര്‍ത്തികളാകുന്നു. വ്യക്തിയിലുള്ള കള നീക്കിക്കളയുവാന്‍ പ്രമാണമുണ്ട്. അതിനു മാനസാന്തരവും ഏറ്റുപറച്ചിലും മതി. കളയുടെയും കോതമ്പിന്റെയും ഉപമ നോക്കുക. (മത്താ. 13:36-43.) അതിനാല്‍ കാല്‍വറിയിലെ യാഗം കൃപയാല്‍ വിശ്വാസം മൂലം മനുഷ്യരില്‍ വ്യാപരിക്കുന്നതും, അല്ലാത്തവര്‍ക്കു അത് ശിക്ഷാഹേതുവും ആകുന്നു. യിസ്രായേല്‍ കടല്‍ക്കരയിലെ മണല്‍ പോലെ ആയിരുന്നാലും ഒരു ശേഷിപ്പ് രക്ഷിക്കപ്പെടു എന്നുള്ള വചനവും ശ്രദ്ധിക്കുക. (റോമ. 9:28.) ദൈവത്തിന്റെ ആഴങ്ങളെ ആരായുവാന്‍ മനുഷ്യരായ നമുക്കു കഴികയില്ല. എന്നാല്‍ പരി. ആത്മാവ് അംശമായിട്ടാണെങ്കിലും നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നു. (1കൊരി. 2:10. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് അനേകം വചനങ്ങള്‍ തെളിവു തരുന്നു.

ദൈവത്തിന്റെ ഹിതത്തിന്റെ ആലോചന പോലെ പ്രവര്‍ത്തിക്കാന്‍ താന്‍ ശക്തനാണ്. (റോമ. 9:15. മനുഷ്യന്‍ ഇച്ഛിച്ചാലും ഓടിയാലും ഒന്നും സാധിക്കയില്ല. (റോമ. 9:15.) നിത്യജീവനായി നിയമിക്കപ്പെട്ടവര്‍ മാത്രം വിശ്വസിച്ചു. (അപ്പൊ. പ്രവ. 13:48. മനുഷ്യനില്‍ ഇച്ഛിക്കയും പ്രവര്‍ത്തിക്കയും ചെയ്യുന്നത് ദൈവമാണ്. (റോമ. 9:16.) എല്ലാറ്റിനും ദൈവം തന്നെ കാരണഭൂതന്‍. (2കൊരി. 5:18.) ഞാന്‍ യാക്കോബിനെ സ്‌നേഹിച്ചു. ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തിരിക്കുന്നത് നോക്കുക. (റോമ. 9:10-13.)

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments