ഈ മണ്ഡല, മകര വിളക്ക് കാലത്ത് സത്രം-പുല്ലുമേട് പരമ്പരാഗത കാനനപാത വഴി കാൽനടയായി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ. നവംബർ 16 മുതൽ ജനുവരി 15 വരെ 1,30,046 പേരാണ് സത്രം വഴി ദുർഘടമായ കാനനപാതയിറങ്ങി ശബരിമല സന്നിധാനത്ത് എത്തിയത്. എന്നാൽ, 6161 പേർ മാത്രമാണ് ഇതുവഴി മടങ്ങിയത്. പുല്ലുമേട് വഴിയുള്ള യാത്ര ജനുവരി 19 വരെ തുടരും.ഇടുക്കി ജില്ലയിലെ സത്രത്തിൽനിന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ടോക്കൺ നൽകിയാണ് തീർഥാടകരെ കാനന പാതയിലേക്ക് പ്രവേശിപ്പിക്കുന്നത്. മകരവിളക്ക് കാലത്ത് ഇത് 12 മണി വരെയാക്കി.
പാണ്ടിത്താവളം ഉരൽക്കുഴിയിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ ടോക്കൺ പരിശോധിച്ചാണ് ഇവരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്്. തിരിച്ച് പാണ്ടിത്താവളം ഉരൽക്കുഴിയിൽനിന്ന് രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് മടക്കയാത്ര അനുവദിക്കുന്നത്. മകരവിളക്കിന് ഇത് രണ്ട് മണി വരെയായിരുന്നു. വനംവകുപ്പിന്റെ സംഘം പാത പരിശോധിച്ച് വന്യമൃഗ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് തീർഥാടകർക്ക് കാനനപാതയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്.
ഉരൽക്കുഴി മുതൽ പോടൻപ്ലാവ് വരെ 800 മീറ്റർ ദൂരം വനം വകുപ്പ് ട്യൂബുകൾ സ്ഥാപിച്ച് വെളിച്ചം നൽകിയിട്ടുണ്ട്. അത് കഴിഞ്ഞ് കഴുതക്കുഴിയിൽ വനം വകുപ്പിന്റെ ക്യാമ്പ് ഉണ്ട്. ഇവിടെ തീർഥാടകർക്ക് നാരങ്ങവെള്ളവും കുടിവെള്ളവും നൽകുന്നു. അത് കഴിഞ്ഞ് ഉപ്പുപാറയിൽ വനം വകുപ്പിന്റെ തന്നെ കഞ്ഞിയും ചായയും ലഘുഭക്ഷണവും വിൽപനയുണ്ട്. അത് പിന്നിട്ടാൽ സത്രത്തിലെത്തും. ഉരൽക്കുഴി, ഉപ്പുപാറ എന്നിവിടങ്ങളിൽ വനം വകുപ്പ് ജീവനക്കാർക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
യാത്രയ്ക്കിടയിൽ സുഖമില്ലാതാവുന്ന സ്വാമിമാരെ സ്ട്രക്ചർ ഉപയോഗിച്ച് സന്നിധാനത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള വനം വകുപ്പ്, ഫയർ ഫോഴ്‌സ്, എൻഡിആർഎഫ് എന്നിവരുടെ യൂനിറ്റ് പാണ്ടിത്താവളത്തിലുണ്ട്. ഇത്തവണ പാണ്ടിത്താവളത്ത് ആനയിറങ്ങി ഷെഡുകളും മറ്റും തകർത്തെങ്കിലും തീർഥാടകർക്ക് ഭീഷണിയുണ്ടായില്ല.
ഇതിന് പുറമെ അഴുത, മുക്കുഴി പരമ്പരാഗത കാനനപാത വഴിയും ധാരാളം പേർ കാൽനടയായി സന്നിധാനത്ത് എത്തുന്നു. എരുമേലിയിൽ നിന്ന് കാനന പാതയിലൂടെ വരുന്നവർക്ക് വനം വകുപ്പ് ഇത്തവണ പ്രത്യേക പാസ് അനുവദിച്ചിരുന്നു.
മകരവിളക്കിന് ശേഷമുള്ള ശുചീകരണ പ്രവർത്തനം പൂർണതയിലേക്ക്
*കാനനക്ഷേത്രത്തിന്റെ വിശുദ്ധി കാത്ത്് വിശുദ്ധിസേന*
സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഇടവേളകളില്ലാത്ത പ്രവർത്തനത്തിലാണ് വിശുദ്ധിസേന. മകരവിളക്കിന് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ വിശുദ്ധി സേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി ആയിരം വിശുദ്ധി സേനാംഗങ്ങൾ പ്രവർത്തിക്കുന്നു.
സന്നിധാനത്തും പരിസരത്തുമാണ് ആദ്യം ശുചീകരണം. ദിവസവും 50 ലോഡ് വീതം മാലിന്യങ്ങളാണ് സന്നിധാനത്ത് നിന്ന് നീക്കുന്നത്. സന്നിധാനത്ത് 300 വിശുദ്ധി സേനാംഗങ്ങളാണ് സേവനമനുഷ്ഠിക്കുന്നത്. സന്നിധാനവും പരിസരവും 18 സെക്ടറുകളായി തിരിച്ചാണ് ശുചീകരണം.
രണ്ട് ഷിഫ്റ്റുകളിലായി രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെയും ആണ് സേനാംഗങ്ങൾ ശുചീകരണം നടത്തുന്നത്.
ശുചീകരണ ഉപകരണങ്ങൾ, തിരിച്ചറിയൽ കാർഡ്, കയ്യുറകൾ, ജാക്കറ്റ്, ചെരിപ്പ് എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. 1995ൽ രൂപീകൃതമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ഭാഗമായാണ് ഇവരുടെ പ്രവർത്തനം.
ശബരിമല തീർത്ഥാടനത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ശബരിമല എഡിഎം വിശുദ്ധിസേനയുടെയും മേൽനോട്ടം നിർവഹിക്കുന്നു. ശബരിമല ഡ്യൂട്ടി മജിസ്‌ട്രേറ്റ് ജി.വി. പ്രമോദിന്റെ നിയന്ത്രണത്തിലാണ് വിശുദ്ധി സേനയുടെ പ്രവർത്തനം.ശേഖരിക്കുന്ന മാലിന്യങ്ങൾ അഞ്ച് ട്രാക്ടറുകളിലായി പാണ്ടിത്താവളം ഇൻസിനറേറ്ററിൽ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. 17 സെക്ടറുകളിലായി 17 സൂപ്പർവൈസർമാരും അഞ്ച് ട്രാക്ടറുകളുടെ ഒരു സൂപ്പർവൈസറും ഉൾപ്പെടെ 18 സൂപ്പർവൈസർമാരാണ് ശുചീകരണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
തമിഴ്‌നാട് സ്വദേശി കോട്ടയ്യനാണ് വിശുദ്ധി സേനാംഗങ്ങളുടെയും ലീഡർ. വിശുദ്ധി സേനാംഗങ്ങളിൽ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.
തുണിയിൽ പൊതിഞ്ഞ മാലിന്യങ്ങൾ ട്രാക്ടറിൽ കയറ്റി ഇൻസിനറേറ്ററിൽ എത്തിച്ച് സംസ്‌കരിക്കും. അയ്യപ്പഭക്തർ പ4ണശാല കെട്ടി താമസിച്ചിരുന്ന വനപ്രദേശത്തും മകരവിളക്ക് ദർശിക്കാൻ തമ്പടിച്ചിരുന്ന വിവിധ വ്യൂ പോയിന്റുകളിലെയും മാലിന്യം നീക്കും.
വിശുദ്ധി സേനാംഗങ്ങൾക്ക് പ്രത്യേക അപകട സുരക്ഷാ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. ജനുവരി 20 രാവിലെ എല്ലാ ശുചീകരണപ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമാകും വിശുദ്ധി സേനാംഗങ്ങൾ മടങ്ങുക.