ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ (65) ആണ് കൊല്ലപ്പെട്ടത്. മോഡേണ്‍ ബ്രഡിന് പിന്നില്‍ മാങ്ങാട്ട് റോഡിലാണ് ഇദ്ദേഹത്തിന്റെ വസതി. കുടുംബത്തോടൊപ്പം കശ്മീരിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് ഇദ്ദേഹത്തെ ഭീകരർ കൊന്നതെന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾ സുരക്ഷിതരാണ്.
ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ ലെഫ്. വിനയ് നര്‍വാള്‍ (26) ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാന സ്വദേശിയാണ് ഇദ്ദേഹം. പെഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ മരിച്ചെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുണ്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ എത്തിയിട്ടുണ്ട്. അതേസമയം, വിദേശത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടനെ ഇന്ത്യയില്‍ തിരികെയെത്തും. സൗദിയിലെ ദ്വിദിന സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് മടങ്ങുന്നത്.
കാശ്മീരില്‍ കുടുങ്ങിപ്പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.