Logo Below Image
Thursday, April 24, 2025
Logo Below Image
Homeകേരളംഇന്ന് ലോകാരോഗ്യ ദിനം: സംസ്ഥാനത്ത് വിവിധ ഉദ്ഘാടനം നടക്കും

ഇന്ന് ലോകാരോഗ്യ ദിനം: സംസ്ഥാനത്ത് വിവിധ ഉദ്ഘാടനം നടക്കും

ലോകാരോഗ്യ ദിനാചരണം, സർക്കാരാശുപത്രികളിൽ സജ്ജമായ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈൻ ഒപി ടിക്കറ്റ്, എം-ഇഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് വിതരണവും കെ.സി.ഡി.സി. ലോഗോ പ്രകാശനവും ഏപ്രിൽ 7 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.

അമ്മയുടേയും നവജാത ശിശുക്കളുടേയും ആരോഗ്യമാണ് ഇത്തവണത്തെ ലോകാരോഗ്യ ദിന വിഷയം. ‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിർഭരമായ ഭാവി’ എന്നതാണ് ലോകാരോഗ്യ ദിന സന്ദേശം.

മാതൃശിശു പരിചരണത്തിനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കി വരുന്നു. സംസ്ഥാനത്ത് ആകെ 217 ആശുപത്രികൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ്. നേടി. ഇത് കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയർത്തി വരുന്നു. 12 ആശുപത്രികൾക്കാണ് ദേശീയ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചത്. കുഞ്ഞുങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിന് 4 ആശുപത്രികൾക്ക് മുസ്‌കാൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജന്മനായുള്ള പ്രശ്നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിന് വിപുലമായ സംവിധാനമാണുള്ളത്. മാതൃ-നവജാത ശിശു മരണങ്ങൾ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനോടൊപ്പം പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ 313 ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിൽ വരുന്ന എല്ലാ മോഡേൺ മെഡിസിൻ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിന് വേണ്ടി മുൻകൂറായി ഒ.പി. ടിക്കറ്റ് ഓൺലൈനായി എടുക്കുവാൻ സൗകര്യം ഒരുങ്ങുന്നു. ഒരു വ്യക്തിക്ക് തന്റെ യു.എച്ച്. ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് തന്റേയും തന്റെ കുടുംബത്തിലെ അംഗങ്ങളുടേയും ചികിത്സാ വിവരങ്ങൾ, മരുന്ന് കുറിപ്പടികൾ, ലാബ് ടെസ്റ്റ് റിപ്പോർട്ടുകൾ മുതലായ ഡിജിറ്റൽ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്നതാണ് എം-ഇഹെൽത്ത് ആപ്പ്. സർക്കാർ ആശുപത്രികളിൽ ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് മുൻകൂറായി ടോക്കൺ എടുക്കാതെ വരുന്ന രോഗികൾക്ക് ക്യൂ ഇല്ലാതെ ടോക്കൺ എടുക്കാൻ കഴിയുന്നതാണ് സ്‌കാൻ എൻ ബുക്ക് സംവിധാനം.

സംസ്ഥാനത്ത് പകർച്ചവ്യാധി-പകർച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ മാതൃകയിൽ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (K-CDC) യാഥാർത്ഥ്യമാകുന്നു. കെസിഡിസിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ