Saturday, November 16, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 24| ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 24| ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

വളർച്ചയും തളർച്ചയും അറിയണം
———————————————————

അതൊരു വൻമരമായിരുന്നു. ആ നാട്ടിൽ, പല തവണ കൊടുങ്കാറ്റുണ്ടായെങ്കിലും, അതു മാത്രം കടപുഴകിയില്ല. ധാരാളം സഞ്ചാരികൾ ആ മരം കാണാനെത്തുമായിരുന്നു. എന്നാൽ, പെട്ടെന്നൊരു ദിവസം, അതു നിലത്തു വീണു. അതൊരു വലിയ വാർത്തയായി. എന്താണു സംഭവിച്ചതെന്ന് ആർക്കും മനസ്സിലായിയില്ല. എന്നാൽ, ഒരു കുട്ടി, വീഴ്ചയുടെ കാരണം കണ്ടെത്തി. ആ മരത്തിൻ്റെ ചുവട്ടിൽ കൂടു കൂട്ടിയ ഒരിനം വണ്ടുകൾ, അതിൻ്റെ ഉള്ളു മുഴുവൻ തുരന്നു തീർത്തിരുന്നു.

എല്ലാ വളർച്ചയും ഉള്ളിൽ നിന്നാണ്. എല്ലാ തളർച്ചയും അങ്ങനെ തന്നെ. ആകാരം മാത്രമല്ല, അകവും വീര്യമുള്ളതായിരിക്കണം. ഒന്നും നശിക്കുന്നത് പുറമേ ഏല്ക്കുന്ന മുറിവുകൾ കൊണ്ടായിരിക്കില്ല; ആന്തരീക ക്ഷതം കൊണ്ടായിരിക്കും. അകത്തു മുറിവുണ്ടാക്കാത്ത എല്ല ക്ഷതങ്ങളും, തൊലിപ്പുറത്ത് വെറും പോറലുകളായി അവശേഷിക്കും. പുറമേയുള്ള മുറിവുകൾ വച്ചുകെട്ടി, സുഗന്ധദ്രവ്യങ്ങളും പൂശി നടക്കുന്നതിനിടയിൽ, ഉള്ളിലെ വൃണങ്ങളും കേടുപാടുകളും, കാണാതെ പോകരുത്. ഒരാൾ അറിയപ്പെടുന്നത് വലിയ കാര്യങ്ങളുടെ പേരിലായിരിക്കും. എന്നാൽ, തകർന്നു വീഴുന്നത് നിസ്സാരമെന്നു കരുതുന്ന അശ്രദ്ധയുടെ പേരിലും.

വളർച്ച മാത്രമല്ല, തളർച്ചയും അറിയണം. പേരും പ്രശസ്തിയും ഏറ്റുമ്പോൾ സ്വയമറിയാതെ ഉടലെടുക്കുന്ന അഹംഭാവവും, അസൂയയും, സ്വാർത്ഥതയും ആയിരിക്കും, ഒരാളുടെ വീഴ്ചയുടെ മുഖ്യ കാരണം. അകത്തു കയറി കാർന്നു തിന്നുന്നവയെ പുറത്തു നിന്ന് ആർക്കും കാണാനാകില്ല. സ്വന്തം ബലക്ഷയം, അവനവൻ തിരിച്ചറിയുന്നില്ലെങ്കിൽ, പിന്നെ ആർക്കാണതു മനസ്സിലാക്കാനാകുക?

എല്ലാവരുമായും സമ്പർക്കമാകാം. പക്ഷെ, എല്ലാവർക്കും അഭയം നൽകാൻ നിൽക്കരുത്. എല്ലാവരും ചേക്കേറാൻ വരുന്നത്, തണലിനോ, കുളിരിനോ വേണ്ടി മാത്രം ആകണമെന്നില്ല? ചിലരെങ്കിലും കാർന്നു തിന്നാനോ, കവർന്നെടുക്കാനോ ആകും വരുന്നത്. പുറത്തു നിന്നു പ്രക്ഷോഭം നടത്തുന്നവരേയല്ല, അകത്തു കയറിക്കൂടി, ആത്മാവിനെ നശിപ്പിക്കുന്നവരേയാണു ഭയപ്പെടേണ്ടത്.

ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments